Categories
local news tourism

വലിയപറമ്പിൻ്റെ ഗ്രാമീണ സൗന്ദര്യം പശ്ചാത്തലമായി സ്ട്രീറ്റ് ടൂറിസം പദ്ധതി; ജില്ലയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ഏക പഞ്ചായത്ത്

വലിയപറമ്പിൻ്റെ വിനോദസഞ്ചാര മേഖലയില്‍ വലിയ മാറ്റങ്ങള്‍ക്കും കുതിച്ച് ചാട്ടത്തിനും വഴിയൊരുക്കുന്നതായിരിക്കും പദ്ധതിയെന്ന് പ്രസിഡന്റ് വി.വി.സജീവന്‍

കാസർകോട്: കടലും കായലും അതിരിടുന്ന ഭൂപ്രകൃതി. ഒരിക്കലെത്തിയാല്‍ ആരെയും കൊതിപ്പിക്കുന്ന ഗ്രാമ്യ ഭംഗി. വലിയപറമ്പ പഞ്ചായത്തിൻ്റെ ടൂറിസം വികസന രംഗത്തെ ആദ്യ ചുവടുവെയ്പാകുകയാണ് സ്ട്രീറ്റ് ടൂറിസം പദ്ധതി. ഉത്തരവാദിത്ത ടൂറിസം മിഷൻ്റെ സ്ട്രീറ്റ് ടൂറിസം പദ്ധതിയിലൂടെ വിനോദസഞ്ചാര ഭൂപടത്തില്‍ ഇടംപിടിക്കുകയാണ് വലിയപറമ്പ് ഗ്രാമപഞ്ചായത്തും. കേരളത്തിലെ 941 പഞ്ചായത്തുകളില്‍ നിന്നും 10 പഞ്ചായത്തുകളെയാണ് ടൂറിസം സ്ട്രീറ്റ് പദ്ധതിക്കായി തെരഞ്ഞെടുത്തത്. കാസര്‍കോട് ജില്ലയില്‍ നിന്നുള്ള ഏക പഞ്ചായത്താണ് വലിയപറമ്പ.

ടൂറിസം ഫോര്‍ ഇന്‍ക്ലൂസീവ് ഗ്രോത്ത് എന്ന ഐക്യരാഷ്ട്രസഭയുടെ പുതിയ ടൂറിസം മുദ്രാവാക്യത്തിൻ്റെ അടിസ്ഥാനത്തിലാണ് സ്ട്രീറ്റ് ടൂറിസം പദ്ധതിക്ക് സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷന്‍ രൂപം നല്‍കിയത്. സസ്‌റ്റൈനബിള്‍ ( സുസ്ഥിരം), ടാഞ്ചിബിള്‍ (കണ്ടറിയാവുന്ന), റെസ്‌പോണ്‍സിബിള്‍ (ഉത്തരവാദിത്തമുള്ള ), എക്‌സ്പീരിയന്‍ഷ്യല്‍ (അനുഭവവേദ്യമായ), എത്‌നിക്ക് ( പാരമ്പര്യ തനിമയുള്ള) ടൂറിസം ഹബ്‌സ് (വിനോദ സഞ്ചാര കേന്ദ്രങ്ങള്‍) എന്നതിൻ്റെ ചുരുക്കെഴുത്താണ് സ്ട്രീറ്റ്.

ഓരോ പ്രദേശത്തിന്റേയും സാധ്യത കണക്കിലെടുത്ത് കണ്ടറിയാനാവുന്നതും തൊട്ടറിയാനാവുന്നതുമായ തെരുവുകള്‍ സജ്ജീകരിക്കുന്നതാണ് സ്ട്രീറ്റ് ടൂറിസം പദ്ധതി. ഗ്രീന്‍ സ്ട്രീറ്റ്, കള്‍ച്ചറല്‍ സ്ട്രീറ്റ്, എത്നിക് ക്യുസീന്‍/ഫുഡ് സ്ട്രീറ്റ്, വില്ലേജ് ലൈഫ് എക്‌സ്പീരിയന്‍സ്/ എക്‌സ്പീരിയന്‍ഷ്യല്‍ ടൂറിസം സ്ട്രീറ്റ്, അഗ്രി ടൂറിസം സ്ട്രീറ്റ്, വാട്ടര്‍ സ്ട്രീറ്റ്, ആര്‍ട്ട് സ്ട്രീറ്റ് എന്നിങ്ങനെയാണ് തെരുവുകള്‍ ഒരുക്കുന്നത്. കുറഞ്ഞത് മൂന്ന് തെരുവുകളെങ്കിലും പദ്ധതിയുടെ ഭാഗമായി ഓരോ പഞ്ചായത്തിലും നടപ്പാക്കും.

നാളിതുവരെ വിനോദ സഞ്ചാര പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാത്തതും എന്നാല്‍ ഭാവിയിലേക്ക് ഉയര്‍ത്തിക്കൊണ്ട് വരാവുന്നതുമായ ടൂറിസം കേന്ദ്രങ്ങള്‍, അന്താരാഷ്ട്ര ടൂറിസം കേന്ദ്രങ്ങളുടെ സാമീപമുള്ളതും എന്നാല്‍ വിനോദസഞ്ചാരികള്‍ക്ക് നവ്യാനുഭവങ്ങള്‍ സമ്മാനിക്കുന്നതും അവരുടെ താമസ ദൈര്‍ഘ്യം വര്‍ധിപ്പിക്കുന്നതുമായ പ്രദേശങ്ങള്‍ വളര്‍ത്തിയെടുക്കുന്നതാണ് പദ്ധതി. നാല് വര്‍ഷമാണ് പദ്ധതി നിര്‍വ്വഹണ കാലാവധി. പദ്ധതിയുടെ ഭാഗമായി വിനോദ സഞ്ചാരമേഖലയുമായി ബന്ധപ്പെടുത്താനാകുന്ന തദ്ദേശീയ യൂണിറ്റുകള്‍ എല്ലാ തൊഴില്‍ മേഖലയിലും വരും. ഇതോടെ ടൂറിസം വഴി ഉണ്ടാകുന്ന വരുമാനത്തിൻ്റെ ഒരു പങ്ക് പഞ്ചായത്തിലെ സാധാരണക്കാരായ തൊഴിലാളികള്‍ക്ക് ലഭിക്കും.

കടലും കായലും കൃഷിയും ജൈവവൈവിധ്യങ്ങളാലും നിറഞ്ഞു നില്‍ക്കുന്ന വലിയപറമ്പ ഗ്രാമപഞ്ചായത്തിൻ്റെ സാധ്യതകള്‍ ലോകമെമ്പാടും എത്തിക്കാന്‍ പദ്ധതി വഴി സാധിക്കും. വിനോദസഞ്ചാരത്തിന് ഏറെ സാധ്യതയുള്ള, അറിയപ്പെടാത്ത പ്രാദേശിക കേന്ദ്രങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ടു വരുന്നതിനൊപ്പം കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ഈ പദ്ധതിയിലൂടെ കഴിയും.

വലിയപറമ്പിൻ്റെ വിനോദസഞ്ചാര മേഖലയില്‍ വലിയ മാറ്റങ്ങള്‍ക്കും കുതിച്ച് ചാട്ടത്തിനും വഴിയൊരുക്കുന്നതായിരിക്കും പദ്ധതിയെന്ന് പ്രസിഡന്റ് വി.വി.സജീവന്‍ പറഞ്ഞു. നാടിൻ്റെ തനിമ സഞ്ചാരികള്‍ക്ക് പകര്‍ന്നു നല്‍കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ടൂറിസം വികസനം ജനങ്ങളുടെ ദൈനംദിന ജീവിതവുമായി ബന്ധപ്പെടുത്താനും ഈ പദ്ധതി ഉപകരിക്കും. പുതിയ ടൂറിസം സംസ്‌ക്കാരത്തിലേക്ക് നാടിനെ കൈപിടിച്ച് ഉയര്‍ത്തുകയാണ് ലക്ഷ്യമിടുന്നത്.

പദ്ധതി നടപ്പിലാക്കുന്ന പഞ്ചായത്തിലെതന്നെ ആളുകളെ പരമാവധി ഉള്‍ക്കൊള്ളിച്ചുകൊണ്ട് ടൂറിസം കൊണ്ടുള്ള ഗുണങ്ങള്‍ അവരിലേക്ക് തന്നെ എത്തുക എന്ന ഉദ്ദേശത്തിലാണ് സ്ട്രീറ്റ് ടൂറിസം പദ്ധതി നടപ്പിലാക്കുന്നതെന്ന് ഉത്തരവാദിത്ത ടൂറിസം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ടി.ധന്യ പറഞ്ഞു. പൂര്‍ണ്ണമായി പൊതു-സ്വകാര്യ പങ്കാളിത്തത്തില്‍ നടപ്പാക്കാന്‍ വിഭാവനം ചെയ്യുന്ന ഈ പദ്ധതി പഞ്ചായത്തിനും, പഞ്ചായത്തിലെ തദ്ദേശവാസികള്‍ക്കും ടൂറിസം മേഖലയില്‍ മുഖ്യ പങ്ക് വഹിക്കാനാവും വിധമാണ് നടപ്പാക്കാനുദ്ദേശിക്കുന്നത്.

പദ്ധതി നടപ്പിലാക്കുന്നതിൻ്റെ ആദ്യപടിയായി സ്ട്രീറ്റ് ടൂറിസം അവബോധ ശില്‍പ്പശാലകളും മറ്റുമായി ജനകീയ പങ്കാളിത്തത്തോടെയുള്ള സ്ട്രീറ്റ് ടൂറിസം ആസൂത്രണത്തിനായുള്ള പരിപാടികളിലേക്ക് വലിയപറമ്പ പഞ്ചായത്ത് കടക്കുകയാണ്. അടുത്ത മാസത്തോടെ പഞ്ചായത്തിലെ മുഴുവന്‍ ജനങ്ങളെയും സംഘടിപ്പിച്ച് യോഗം ചേര്‍ന്ന് ജനകീയ സമിതിക്ക് രൂപം നല്‍കാന്‍ ഭരണസമിതി തീരുമാനിച്ചു. പദ്ധതിയുടെ ഭാഗമായി കോട്ടയം കുമരകത്ത് നടന്ന പരിശീലന ക്ലാസില്‍ പ്രസിഡന്റ് വി.വി.സജീവനും, സെക്രട്ടറി വിനോദ് കുമാറും, വികസന സ്ഥിരം സമിതി ചെയര്‍മാന്‍ ഖാദര്‍ പാണ്ഡ്യാലയും ,ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ വി.കെ.കരുണാകരനും അടങ്ങുന്ന സംഘം പങ്കെടുത്തിരുന്നു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest