Categories
entertainment international national news sports

റഷ്യയ്‌ക്ക് നഷ്‌ടമായത് ഇന്ത്യയ്ക്ക് ലഭിച്ചാല്‍ അത് തമിഴ്‌നാട്ടിലേക്ക് കൊണ്ടുവരാന്‍ സ്‌റ്റാലിൻ്റെ ഉറച്ച തീരുമാനം, മോദിയെപോലും അത്ഭുതപ്പെടുത്തിയ ലോക ചെസ്സ്‌ നീക്കത്തിന് പിന്നില്‍

ലോക ചെസ്സ് ഒളിംപ്യാഡ് തമിഴ്‌നാട്ടില്‍ സംഘടിപ്പിക്കാന്‍ പ്രത്യേക താല്‍പ്പര്യം ഉണ്ടായിരുന്നെന്ന് എം.കെ സ്റ്റാലിന്‍

ചെന്നൈ: ലോക ചെസ്സ്‌ ഒളിംപ്യാഡിന് ചെന്നൈയില്‍ തുടക്കമായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പ്രൗഢഗംഭീരമായ ചടങ്ങിൻ്റെ ഉദ്‌ഘാടനം നിര്‍വഹിച്ചത്. മഹാബലിപുരത്തെ ജവഹര്‍ലാല്‍ നെഹ്റു ഇന്‍ഡോര്‍ സ്റ്റേഡിയത്തിലായിരുന്നു ഉദ്ഘാടന ചടങ്ങുകള്‍. രാജ്യത്തെ തന്ത്രപ്രധാന മേഖലകളില്‍ പര്യടനം പൂര്‍ത്തിയാക്കിയ ദീപശിഖ ഗ്രാണ്ട് മാസ്റ്റര്‍ വിശ്വനാഥന്‍ ആനന്ദില്‍ നിന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ ഏറ്റുവാങ്ങി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇന്ത്യയുടെ ഗ്രാണ്ട് മാസ്റ്റേഴ്‌സും ചേര്‍ന്ന് മേളയുടെ ദീപം തെളിയിച്ചു.

‘ടൂര്‍ണമെണ്ടില്‍ പങ്കെടുക്കാന്‍ ചെന്നൈയിൽ എത്തിയവരെ ഇന്ത്യയുടെ പാരമ്പര്യം അനുസരിച്ച്‌ ദൈവത്തെ പോലെയാണ് കാണുക. നിങ്ങള്‍ക്കുള്ളിലെ ഏറ്റവും മികച്ചതുതന്നെ പുറത്തു കൊണ്ടുവരാന്‍ ഞങ്ങള്‍ സഹായിക്കും’- മത്സരാര്‍ത്ഥികളെ അംഭിസംബോധന ചെയ്‌തുകൊണ്ട് പ്രധനമന്ത്രി വ്യക്തമാക്കി.

ലോക ചെസ്സ് ഒളിംപ്യാഡ് തമിഴ്‌നാട്ടില്‍ സംഘടിപ്പിക്കാന്‍ തനിക്ക് പ്രത്യേക താല്‍പ്പര്യം ഉണ്ടായിരുന്നെന്ന് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ പറഞ്ഞു. ‘റഷ്യയിലെ ഷെഡ്യൂള്‍ ചെയ്ത വേദി റദ്ദാക്കിയതിന് ശേഷം, അത് ഇന്ത്യയില്‍ വന്നാല്‍ അവസരം മുതലാക്കാന്‍ ഞാന്‍ എൻ്റെ ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചു. മാര്‍ച്ചില്‍ തന്നെ അതിനുള്ള ഒരുക്കങ്ങളും തുടങ്ങി. സാധാരണയായി, ഇത്തരമൊരു അന്താരാഷ്ട്ര ഗെയിമിനായി തയ്യാറെടുക്കാന്‍ കുറഞ്ഞത് 18 മാസമെങ്കിലും വേണ്ടിവരും. എന്നാല്‍ ഞങ്ങള്‍ 18 ഓളം കമ്മിറ്റികള്‍ രൂപീകരിച്ചു, വെറും നാലുമാസം കൊണ്ട് സംഘടിപ്പിക്കാന്‍ കഴിഞ്ഞുവെന്നും സ്റ്റാലിന്‍ പറഞ്ഞു.

സൂപ്പര്‍ സ്‌റ്റാര്‍ രജനികാന്ത് അടക്കമുള്ളവര്‍ ഉദ്‌ഘാടന ചടങ്ങില്‍ സംബന്ധിക്കാന്‍ എത്തിയിരുന്നു. എ.ആര്‍ റഹ്മാൻ്റെ സംഗീതവും ദക്ഷിണേന്ത്യന്‍ നൃത്തച്ചുവടുകളും നിറഞ്ഞൊഴുകിയത് ആയിരുന്നു ഉദ്ഘാടനച്ചടങ്ങ്. തമിഴ് -ദ്രാവിഡ സംസ്കാരത്തിൻ്റെ മുദ്രകള്‍ നിറഞ്ഞ കലാവി‌ഷ്‌കാരങ്ങളാണ് നെഹ്റു സ്റ്റേഡിയത്തിലെ വേദിയില്‍ ഒരുക്കിയത്.

വെള്ളിയാഴ്‌ച വൈകിട്ട് മഹാബലിപുരം ഫോര്‍ പോയിന്റ് ബൈ ഷെറാട്ടണ്‍ കണ്‍വെന്‍ഷന്‍ സെൻ്റെറിലെ നാലുവേദികളിലായി മത്സരങ്ങള്‍ ആരംഭിക്കും.187 ദേശീയ ഫെഡറേഷനുകളില്‍ നിന്നായി 189 പുരുഷ ടീമുകളും 162 വനിതാ ടീമുകളുമാണ് മാറ്റുരയ്ക്കുന്നത്. ഒരു ടീമില്‍ ഒരു റിസര്‍വ് താരം ഉള്‍പ്പടെ അഞ്ചുപേര്‍.

ആതിഥേയരെന്ന നിലയില്‍ മൂന്നുവീതം പുരുഷ വനിതാ ടീമുകളെയാണ് ഇന്ത്യ അണിനിരത്തുന്നത്. രണ്ട് വ്യത്യസ്ത ടീമുകളിലായി രണ്ട് മലയാളി താരങ്ങള്‍- എസ്.എല്‍ നാരായണനും നിഹാല്‍ സരിനും ഇന്ത്യയ്ക്ക് വേണ്ടി മത്സരിക്കുന്നുണ്ട്. ഓപ്പണ്‍ വിഭാഗത്തിലും വനിതാ വിഭാഗത്തിലും സ്വിസ് സമ്പ്രദായത്തില്‍ 11 റൗണ്ട് മത്സരങ്ങളാണുള്ളത്.

ഓരോ റൗണ്ടിലും ഒരു ടീമിലെ നാലു കളിക്കാര്‍ എതിര്‍ ടീമിലെ നാലു കളിക്കാരെ എതിരിടും. വിജയത്തിന് ഒരു പോയിന്റ്. സമനിലയ്ക്ക് അര പോയിന്റ് വീതം. നാലു കളിക്കാരും ചേര്‍ന്ന് നേടുന്ന പോയിന്റുകള്‍ മൊത്തം കൂട്ടിയാണ് മാച്ച്‌ പോയിന്റ് നിശ്ചയിക്കുക. 11 മാച്ചുകള്‍ കഴിയുമ്പോള്‍ ഏറ്റവും കൂടുതല്‍ മാച്ച്‌ പോയന്റുകള്‍ നേടുന്ന ടീം ജേതാക്കളാകും.

ഒന്നില്‍ കൂടുതല്‍ ടീമുകള്‍ക്ക് ഒരേ പോയിന്റ് ലഭിച്ചാല്‍ ടൈബ്രേക്കര്‍. എല്ലാ റൗണ്ടിലും ഓരോ ടീമും നേരിടുക തങ്ങള്‍ നേടിയ അതേ പോയിന്റുകള്‍ കരസ്ഥമാക്കിയ ടീമുകളോടായിരിക്കും. ഒരിക്കല്‍ നേരിട്ട ടീമിനെതിരേ വീണ്ടും മത്സരമില്ല. ഓരോ ടീമും ആദ്യാവസാനം കരുത്തില്‍ ഏതാണ്ട് തുല്യരായ 11 വ്യത്യസ്ത ടീമുകളോട് മത്സരിക്കും.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest