Categories
news

സ്‌പ്രിംഗ്‌ളര്‍ വിവാദത്തില്‍ പ്രതിപക്ഷത്തിന് കോടതിയില്‍ കാലിടറി; സ്‌പ്രിംഗ്‌ളറിന് വിവര ശേഖരണം നടത്താന്‍ ഹൈക്കോടതി അനുമതി; കോടതി നടപടികളിലൂടെ ഒരു എത്തിനോട്ടം

കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സിയെ നല്‍കാമെന്നു പറയുന്നതിനെപ്പറ്റിയും കോടതി അഭിപ്രായം ആരാഞ്ഞു.അത് പെട്ടെന്ന് നടക്കുന്ന കാര്യമല്ലെന്ന് നാപ്പിനായി ചൂണ്ടിക്കാട്ടി.

കോവിഡിന്‍റെ വിവരവിശകലനത്തിന് സ്പ്രിങ്ക്ളര്‍ കമ്പനിയുടെ സേവനം ഉപയോഗപ്പെടുത്തിയ സര്‍ക്കാര്‍ തീരുമാനം റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. ഇടക്കാല ഉത്തരവില്‍ ഹര്‍ജിക്കാര്‍ ഉന്നയിച്ച ആരോപണങ്ങളില്‍ അനുകൂലമായ എന്തെങ്കിലും അഭിപ്രായം പറയാന്‍ ഉദ്ദേശിയ്ക്കുന്നില്ലെന്നു കോടതി വ്യക്തമാക്കി.

സ്പ്രിങ്ക്ളര്‍ ശേഖരിയ്ക്കുന്ന വിവരങ്ങളുടെ രഹസ്യാത്മകതയ്ക്ക് വിള്ളലുണ്ടാകരുത് എന്നതിലാണ് കോടതിയുടെ ശ്രദ്ധയെന്നും കോവിഡ് മഹാമാരിയ്ക്ക് ശേഷം ഒരു ഡേറ്റ മഹാമാരി ഉണ്ടാകരുതെന്ന് ആഗ്രഹിയ്ക്കുന്നതിനാല്‍ ഇപ്പോള്‍ ഇടപെടുന്നില്ലെന്നും ഇടപെട്ടാല്‍ അത് കോവിഡ് പ്രതിരോധത്തിനായുള്ള പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തലായി വ്യാഖ്യാനിക്കപ്പെടുമെന്നും കോടതി പറഞ്ഞു. ജസ്റ്റിസ്. ദേവന്‍ രാമചന്ദ്രന്‍, ജസ്റ്റിസ്.ടി.ആര്‍ രവി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിച്ചത്. മൂന്നാഴ്ചയ്ക്ക് ശേഷം കേസ് വീണ്ടും പരിഗണിയ്ക്കും.

അതേസമയം,ശേഖരിക്കുന്ന ഡേറ്റ ആരുടേതാണെന്ന് വ്യക്തമാക്കുന്ന വിവരങ്ങള്‍ മൂടിവെച്ചുവേണം വിവരങ്ങള്‍ സ്പ്രിങ്ക്ളര്‍ കമ്പനിക്ക് കൈമാറാനെന്ന് ഇടക്കാല ഉത്തരവില്‍ കോടതി പറഞ്ഞു. കേരള സര്‍ക്കാര്‍ വിശകലനത്തിന് ഏല്‍പ്പിക്കുന്ന വിവരങ്ങളുടെ രഹസ്യസ്വഭാവം ഇല്ലാതാക്കുന്ന ഒന്നും സ്പ്രിങ്ക്ളര്‍ ചെയ്യാന്‍ പാടില്ലെന്നും കോടതി വിലക്കി. കരാറിലെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി ഒന്നും ഡേറ്റ ഉപയോഗിച്ച് ചെയ്യാന്‍ പാടില്ല,കേരളത്തിലെ രോഗികളുടെ വിവരം കയ്യിലുണ്ടെന്ന് പരസ്യപ്പെടുത്തരുത്.

ഉപയോഗം കഴിഞ്ഞാല്‍ കമ്പനി ഡേറ്റ നീക്കം ചെയ്യണം.സംസ്ഥാന സര്‍ക്കാരിന്‍റെ ലോഗോ ഉപയോഗിച്ച് എന്തെങ്കിലും പ്രചാരണം കമ്പനി നടത്തരുത് തുടങ്ങിയ നിര്‍ദേശങ്ങളും ഉത്തരവിലുണ്ട്. ഡേറ്റ ശേഖരിക്കുന്നത് സ്പ്രിങ്ക്ളര്‍ കമ്പനി ഉപയോഗിക്കും എന്ന് വിവരദാതാക്കളെ അറിയിക്കുകയും അവരുടെ സമ്മതവും വാങ്ങണം. ഡേറ്റ സംരക്ഷിയ്ക്കുന്നതില്‍ വീഴ്ച വന്നിട്ടില്ലെന്ന സംസ്ഥാന സര്‍ക്കാര്‍ വാദം ഉത്തരവില്‍ ചൂണ്ടിക്കാട്ടി. എല്ലാ ഡേറ്റയും സര്‍ക്കാരിന്‍റെ കയ്യില്‍ ഭദ്രമാണ്.എന്നാല്‍ ഏപ്രില്‍ നാലിനുശേഷമേ ഇന്റേണല്‍ ഓഡിറ്റ് ഉണ്ടായിട്ടുള്ളൂ . കരാറിലെ ചില അപാകതകള്‍ കേന്ദ്രസര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും ഉത്തരവില്‍ പറഞ്ഞു.

കമ്പനിയുമായുള്ള കരാര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ ബാലു ഗോപാലകൃഷ്ണന്‍ സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജിയാണ് ചൊവ്വാഴ്ച കോടതിയില്‍ പരിഗണനയില്‍ വന്നത്. അന്ന് സര്‍ക്കാരിന്‍റെ മറുപടിയ്ക്കായി കേസ് മാറ്റിയിരുന്നു. അതീവ അടിയന്തിര സാഹചര്യത്തിലാണ് കരാര്‍ ഉണ്ടാക്കിയതെന്ന്‌ സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ വിശദീകരിച്ചിരുന്നു. വെള്ളിയാഴ്ച സൈബര്‍ നിയമ വിദഗ്ധയായ അഡ്വ.എന്‍. എസ് നാപ്പിനായാണ് സംസ്ഥാന സര്‍ക്കാരിന് വേണ്ടി മുംബൈയില്‍ നിന്ന് വാദത്തില്‍ പങ്കുചേര്‍ന്നത്.

കോടതി അവരോടു ചില വിശദീകരണങ്ങള്‍ തേടി. ആറുമാസത്തേക്കാണ് കമ്പനിയുമായി സര്‍ക്കാരിന്‍റെ കരാറെന്നും അതിനുശേഷം കമ്പനി വിവരങ്ങള്‍ സൂക്ഷിച്ചു വെക്കെണ്ടതില്ല. ഡേറ്റ ഉള്ളത് സര്‍ക്കാര്‍ അംഗീകൃത സംഭരണ സംവിധാനത്തിലാണ്. കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സിയെ നല്‍കാമെന്നു പറയുന്നതിനെപ്പറ്റിയും കോടതി അഭിപ്രായം ആരാഞ്ഞു.അത് പെട്ടെന്ന് നടക്കുന്ന കാര്യമല്ലെന്ന് നാപ്പിനായി ചൂണ്ടിക്കാട്ടി. മാത്രമല്ല പെട്ടെന്ന് പരിഹാരം ഉണ്ടാക്കുകയായിരുന്നു സര്ക്കാരിന്‍റെ മുമ്പിലുള്ള പ്രശ്‌നം എന്ന് അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ കെ കെ രവീന്ദ്രനാഥ് പറഞ്ഞു.

അതേസമയം,കേസ് വെള്ളിയാഴ്ച പരിഗണിക്കാനിരിക്കെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനും കരാര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജികള്‍ സമര്‍പ്പിച്ചിരുന്നു. വിവാദമായ സ്പ്രിംക്ലര്‍ കരാര്‍ റദ്ദാക്കണമെന്നും ഇതിനകം വിവരങ്ങള്‍ ശേഖരിക്കപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും പ്രതിപക്ഷനേതാവ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി, ഐടി സെക്രട്ടറി, സ്പ്രിംക്ലര്‍ സിഇഒ തുടങ്ങിയവരെ എതിര്‍കക്ഷികളാക്കിയാണ് ഹര്‍ജി നല്‍കിയിരുന്നത്. ഇതുവരെ സ്പ്രിംക്ലറില്‍ വ്യക്തിവിവരങ്ങള്‍ അപ്ലോഡ് ചെയ്യപ്പെട്ട ആളുകള്‍ക്കുള്ള നഷ്ടപരിഹാരത്തുക മുഖ്യമന്ത്രി, ഐ.ടി സെക്രട്ടറി എന്നിവരില്‍ നിന്ന് ഈടാക്കണമെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു.ഈ ആവശ്യങ്ങള്‍ ഒന്നും കോടതി അംഗീകരിച്ചിരുന്നില്ല.

0Shares

Leave a Reply

Your email address will not be published. Required fields are marked *