Categories
national news

ചിലര്‍ ഇപ്പോഴും കൊളോണിയല്‍ അടിമത്വത്തില്‍ നിന്ന് മുക്തരായിട്ടില്ല; മോദിക്കെതിരായ ബി.ബി.സി ഡോക്യുമെന്ററി വിവാദത്തില്‍ കേന്ദ്രമന്ത്രി

ഇത്തരക്കാര്‍ രാജ്യത്തെ ദുര്‍ബലപ്പെടുത്തുകയാണ് ചെയ്യുന്നത്. ഇത്തരക്കാരില്‍ നിന്നും ഇതല്ലാതെ, മറ്റൊന്നും പ്രതീക്ഷിക്കാനാകില്ല.

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ ബി.ബി.സി ഡോക്യുമെന്ററി വിവാദത്തില്‍ പ്രതിപക്ഷത്തിനെതിരെ കേന്ദ്രമന്ത്രി കിരണ്‍ റിജിജു. ചിലര്‍ ഇപ്പോഴും കൊളോണിയല്‍ അടിമത്വത്തില്‍ നിന്ന് മുക്തരായിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. രാജ്യത്തിൻ്റെ അഖണ്ഡതയേക്കാളും, സുപ്രീം കോടതിയേക്കാളും മുകളിലാണ് ബി.ബി.സിയെന്നാണ് ചിലര്‍ കരുതുന്നതെന്നും കേന്ദ്രമന്ത്രി അഭിപ്രായപ്പെട്ടു.

രാജ്യത്തിൻ്റെ പ്രതിച്ഛായ തകര്‍ക്കാനാണ് ശ്രമം. ചിലര്‍ ഇപ്പോഴും കൊളോണിയല്‍ ലഹരിയില്‍ നിന്ന് മുക്തരായിട്ടില്ല. തങ്ങളുടെ ധാര്‍മ്മിക യജമാനന്മാരെ പ്രീതിപ്പെടുത്താന്‍ വേണ്ടി അവര്‍ രാജ്യത്തിൻ്റെ അന്തസ്സും പ്രതിച്ഛായയും ഏതറ്റം വരെയും താഴ്ത്തിക്കെട്ടാന്‍ ശ്രമിക്കുകയാണെന്നും കേന്ദ്രമന്ത്രി ആരോപിച്ചു.

ഇത്തരക്കാര്‍ രാജ്യത്തെ ദുര്‍ബലപ്പെടുത്തുകയാണ് ചെയ്യുന്നത്. ഇത്തരക്കാരില്‍ നിന്നും ഇതല്ലാതെ, മറ്റൊന്നും പ്രതീക്ഷിക്കാനാകില്ല. ഇന്ത്യക്കകത്തും പുറത്തും നടത്തുന്ന ദുരുദ്ദേശ്യപരമായ പ്രചാരണങ്ങള്‍ കൊണ്ട് ഇന്ത്യയുടെ പ്രതിച്ഛായയെ അപമാനിക്കാന്‍ കഴിയില്ല. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശബ്ദം 1.4 ബില്യണ്‍ ഇന്ത്യക്കാരുടെ ശബ്ദമാണ്. അദ്ദേഹം ട്വീറ്റ് ചെയ്തു.

സത്യം സംസാരിക്കാന്‍ ധൈര്യപ്പെടാത്തപ്പോള്‍, നിങ്ങള്‍ നുണകളെയും നാടകത്തെയും ആശ്രയിക്കുന്നു. നമ്മുടെ പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കുറിച്ചുള്ള ബി.ബി.സി ഡോക്യുമെന്ററി ഇതു രണ്ടും ചേര്‍ന്നതാണ്. രാഷ്ട്രത്തെ നയിക്കാന്‍ എന്താണ് വേണ്ടതെന്ന് ലോകത്തിന് കാണിച്ചുകൊടുത്ത നവയുഗ നേതാവായി ലോകം മുഴുവന്‍ മോദിയെ വാഴ്ത്തുകയാണെന്നും കേന്ദ്രമന്ത്രി കിരണ്‍ റിജിജു അഭിപ്രായപ്പെട്ടു.

0Shares

Leave a Reply

Your email address will not be published. Required fields are marked *