Categories
national news trending

സൗരദൗത്യം; ആദിത്യ- എൽ 1ൻ്റെ കൗണ്ട്ഡൗൺ തുടങ്ങി, ശനിയാഴ്‌ച രാവിലെ വിക്ഷേപണം

സൗര കൊടുങ്കാറ്റിന്‍റെ ഫലങ്ങളും കണ്ടെത്തുകയാണ് ദൗത്യത്തിന്‍റെ പ്രധാന ലക്ഷ്യം

ബെംഗളൂരു: ഇന്ത്യയുടെ ആദ്യ സൗരദൗത്യമായ ആദിത്യ എൽ-1 പേടകം വിക്ഷേപിക്കാനുള്ള കൗണ്ട്ഡൗൺ തുടങ്ങി. വെള്ളിയാഴ്‌ച ഉച്ചക്ക് 12.10നാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്​പേസ് സെൻ്റെറിൽ വിക്ഷേപണത്തിന് സജ്ജമായ റോക്കറ്റിന്‍റെ കൗണ്ട്ഡൗൺ ആരംഭിച്ചത്. ശനിയാഴ്‌ച രാവിലെ 11.50നാണ് പേടകം കുതിച്ചുയരുക. പി.എസ്.എൽ.വി സി 57 ​റോക്കറ്റിലാണ് ആദിത്യ എൽ-1 പേടകത്തിന്‍റെ സൂര്യനെ ലക്ഷ്യമാക്കിയുള്ള യാത്ര.

ഭൂമിയിൽ നിന്ന് 15 ലക്ഷം കിലോമീറ്റർ അകലെ സൂര്യനും ഭൂമിക്കും ഇടയിലുള്ള ലഗ്രാഞ്ച് -1 (എല്‍-1) പോയിന്‍റിലാണ് പേടകം സ്ഥാപിക്കുക. സൂര്യന്‍റെ പുറംഭാഗത്തെ താപ വ്യതിയാനങ്ങളും സൗര കൊടുങ്കാറ്റിന്‍റെ ഫലങ്ങളും കണ്ടെത്തുകയാണ് ദൗത്യത്തിന്‍റെ പ്രധാന ലക്ഷ്യം. പി.എസ്.എൽ.വി സി -57 ​റോക്കറ്റ് ഭൂമിയുടെ 800 കിലോമീറ്റർ അടുത്തുള്ള ഭ്രമണപഥത്തിലാണ് ആദ്യം പേടകത്തെ എത്തിക്കുക. ഭൂമിയുടെ ഭ്രമണപഥത്തിൽ വലംവെക്കുന്ന പേടകത്തിൻ്റെ ഭ്രമണപഥം ഘട്ടംഘട്ടമായി പ്രൊപ്പൽഷൻ എഞ്ചിൻ ജ്വലിപ്പിച്ച് വികസിപ്പിക്കും.

തുടർന്ന് ലോ എനർജി പ്രൊപ്പൽഷൻ ട്രാൻസ്‌ഫർ വഴി പേടകത്തെ ലഗ്രാഞ്ച് -1 പോയിന്‍റിന് സമീപം എത്തിക്കും. ദൗത്യത്തിലെ ഏറ്റവും സങ്കീർണ ഘട്ടമാണിത്. തുടർന്ന് പ്രൊപ്പൽഷൻ എഞ്ചിൻ്റെ സഹായത്തിൽ എൽ-1 പോയിന്‍റിലെ ഹോളോ ഓർബിറ്റിൽ പേടകത്തെ സ്ഥാപിക്കും.

മൂന്നുമാസം സഞ്ചരിച്ചാണ് പേടകം ഈ മേഖലയില്‍ എത്തുക. സൗരവാതങ്ങള്‍, കാന്തിക ക്ഷേത്രം, പ്ലാസ്‌മ പ്രവാഹം, കൊറോണല്‍ മാസ് ഇജക്ഷന്‍ തുടങ്ങിയ സൗരപ്രതിഭാസങ്ങളെ പറ്റി പഠിക്കുകയാണ് ലക്ഷ്യം. ഇതിനായി ഏഴ് പേലോഡുകള്‍ ആദിത്യയിലുണ്ട്. സൗരാന്തരീക്ഷത്തിൻ്റെ മുകള്‍ഭാഗം ചൂടാകുന്നതും അത് സൃഷ്ടിക്കുന്ന റേഡിയേഷന്‍ വഴി ഭൂമിയുടെ അന്തരീക്ഷത്തിലും കാലാവസ്ഥയിലും ഉണ്ടാകുന്ന മാറ്റവും പഠനവിധേയമാക്കും. ആദിത്യ എല്‍-1 രാജ്യത്തെ വിവിധ സ്ഥാപനങ്ങളുടെ സഹായത്തോടെ പൂര്‍ണമായി തദ്ദേശീയമായി നിര്‍മിച്ചതാണ്.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest