Categories
entertainment Kerala news

ജന്മസാഫല്യം നേടി തോട്ടം ശിവകരന്‍ നമ്പൂതിരി ഗുരുവായൂർ അമ്പല നടയിറങ്ങി; ഭഗവാനെ സേവിക്കാന്‍ ഇനിയുമൊരു അവസരം തേടി

പൂജകള്‍ നടത്തി ശിവകരന്‍ നമ്പൂതിരി ആറുമാസമാണ് കണ്ണൻ്റെ ചാരത്തിരുന്നത്

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രം മേല്‍ശാന്തി തോട്ടം ശിവകരന്‍ നമ്പൂതിരി അത്താഴപൂജ കഴിഞ്ഞ് ജന്മസാഫല്യം നേടി സ്വര്‍ണവാതില്‍ പടിയിറങ്ങി. ശനിയാഴ്‌ച രാത്രി ഉണ്ണിക്കണ്ണനോട് നന്ദിപറഞ്ഞ് സാഷ്ടാംഗം നമസ്‌ക്കരിച്ച്‌ ക്ഷേത്രത്തിൽ നിന്നും മടങ്ങി.

ആശ്രിത വത്സലനെ സേവിച്ചും, നിര്‍മ്മാല്യം മുതല്‍, ഉച്ചപൂജയ്‌ക്കായി കണ്ണനെ മനോഹരമായി അലങ്കരിച്ചും, രാത്രി അത്താഴപൂജ വരെയുള്ള പൂജകള്‍ നടത്തിയും ശിവകരന്‍ നമ്പൂതിരി ആറുമാസമാണ് കണ്ണൻ്റെ ചാരത്തിരുന്നത്.

ശനിയാഴ്‌ച രാത്രി അത്താഴ പൂജക്ക് ശേഷം അടയാള ചിഹ്നമായ താക്കോല്‍ക്കൂട്ടം ക്ഷേത്രം ഊരാളനെ തിരിച്ചേല്‍പ്പിച്ചു. ഇതുപോലെ ശ്രീലകത്തിരുന്ന് ഭഗവാനെ സേവിക്കാന്‍ ഇനിയുമൊരു അവസരം ഉണ്ടാകില്ലല്ലോ എന്ന വിഷമത്തോടെയാണ് അദ്ദേഹം യാത്ര പറഞ്ഞത്.

മേല്‍ശാന്തി നിയമനത്തിനായി ഒന്നര പതിറ്റാണ്ടോളം ഏകദേശം മുപ്പതിലേറെ തവണ ശിവകരന്‍ നമ്പൂതിരി മേല്‍ശാന്തി നിയമനത്തിനായി അപേക്ഷ നല്കിയിരുന്നു. എന്നാല്‍ അദ്ദേഹത്തെ വിളിച്ചതാകട്ടെ, 58-മത്തെ വയസ്സിലും. മേല്‍ശാന്തി നിയമനത്തിന് പ്രായപരിധി 60-വരെ നിശ്ചയിച്ചതിനാല്‍ ഇനിയൊരു അവസരമില്ല.

വേദാധ്യാപകന്‍, യോഗാധ്യാപകന്‍, സംസ്‌കൃത അധ്യാപകന്‍, ഗവേഷകന്‍ തുടങ്ങി വിവിധ മേഖലകളില്‍ പ്രാവിണ്യം പുലര്‍ത്തിയ ശിവകരന്‍ നമ്പൂതിരി, പ്രശസ്തനായ ആയുര്‍വ്വേദ ഡോക്ടറും കൂടിയാണ്.

ക്ഷേത്രം ഊരാളനില്‍ നിന്നും പുതിയ മേല്‍ശാന്തിയായി അടയാള ചിഹ്നമായ താക്കോല്‍ക്കൂട്ടം ഏറ്റുവാങ്ങി പൊട്ടക്കുഴി ശ്രീനാഥ് നമ്പൂതിരി അടുത്ത ആറുമാസ കാലത്തേക്കുള്ള മേല്‍ശാന്തിയായി ചുമതലയേറ്റു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest