Categories
news obitury

സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മരണം; സംസ്ഥാനമാകെ 3 ദിവസം ദുഃഖാചരണം, പാർട്ടി പരിപാടികൾ മാറ്റിവെച്ചു

തിരുവനന്തപുരം: സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചതിനെ തുടർന്ന് സംസ്ഥാനമാകെ മൂന്നുദിവസം ദുഃഖാചരണം നടത്തുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞു. സംസ്ഥാനമാകെ നടത്താനിരുന്ന പൊതു- പാർട്ടി പരിപാടികളെല്ലാം മാറ്റിവെച്ചതായും അദ്ദേഹം അറിയിച്ചു. എ.കെ.ജി സെൻ്ററിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു.

ശ്വാസകോശ അണുബാധയെ തുടർന്ന് ദില്ലി എയിംസിൽ ചികിത്സയിലിരിക്കെയാണ് യെച്ചൂരിയുടെ മരണം. അൽപ്പനേരം മുമ്പാണ് മരണം സ്ഥിരീകരിച്ചത്. കഴിഞ്ഞ മാസം 19നാണ് ശ്വാസ തടസ്സത്തെ തുടർന്ന് സീതാറാം യെച്ചൂരിയെ എയിംസിൽ പ്രവേശിപ്പിച്ചത്. നില വഷളായതോടെ വെൻ്റിലേറ്ററിലേക്ക് മാറ്റിയിരിക്കുകയായിരുന്നു. ആന്ധ്രാപ്രദേശിലെ കിഴക്കന്‍ ഗോദാവരി സ്വദേശിയായ സീതാറം യെച്ചൂരി 1952 ഓഗസ്റ്റ് 12-ന് മദ്രാസിലാണ് ജനിച്ചത്. സര്‍വേശ്വര സോമയാജി യെച്ചൂരിയുടെയും ഭാര്യ കൽപികയുടെയും മകനായിരുന്നു. ദില്ലി സെന്‍റ് സ്റ്റീഫന്‍സ് കോളേജില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം നേടിയ ഇദ്ദേഹം ജെ.എന്‍.യുവില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടി. ജെ.എന്‍.യുവില്‍ വച്ച് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ആകൃഷ്ടനായി. 1974-ല്‍ എസ്എഫ്ഐയില്‍ അംഗമായി. മൂന്നുവട്ടം ജെ.എന്‍.യു സര്‍വകലാശാല യൂണിയന്‍ പ്രസിഡന്‍റായി. ജെഎന്‍യുവില്‍ പിഎച്ച്ഡിക്ക് ചേര്‍ന്നെങ്കിലും അടിയന്തരാവസ്ഥക്കാലത്തെ ഒളിവുജീവിതം മൂലം പൂര്‍ത്തിയാക്കാനായില്ല.

1978-ല്‍ എസ്എഫ്ഐയുടെ ദേശീയ ജോയിന്‍റ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. 1986-ല്‍ എസ്എഫ്ഐ ദേശീയ പ്രസിഡന്‍റായി. 1984-ല്‍ 32ാം വയസ്സിലാണ് സി.പി.എം കേന്ദ്രക്കമ്മിറ്റി അംഗമായത്. 1988-ല്‍ തിരുവനന്തപുരത്ത് നടന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ കേന്ദ്ര സെക്രട്ടേറിയേറ്റ് അംഗമായി. 1992-ല്‍ മദ്രാസില്‍ നടന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ പൊളിറ്റ് ബ്യൂറോ അംഗമായും തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട് 2015-ല്‍ വിശാഖപട്ടണം പാര്‍ട്ടി കോണ്‍ഗ്രസില്‍ പ്രകാശ് കാരാട്ടില്‍ നിന്ന് സി.പി.എം ദേശീയ ജനറല്‍ സെക്രട്ടറി പദവി യെച്ചൂരി ഏറ്റെടുത്തത്. 2018 ലും 2022 ലും വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. 2005-ല്‍ പശ്ചിമ ബംഗാളില്‍ നിന്നുള്ള രാജ്യസഭാംഗമായിരുന്നു. പീപ്പിള്‍സ് ഡെമോക്രസി വാരികയുടെ എഡിറ്ററായിരുന്നു. പ്രമുഖ മാധ്യമ പ്രവര്‍ത്തക സീമാ ചിത്സിയാണ് ഭാര്യ. അന്തരിച്ച മാധ്യമപ്രവര്‍ത്തകന്‍ ആശിഷ് യെച്ചൂരി, ഡോ. അഖിലാ യെച്ചൂരി, ഡാനിഷ് എന്നിവര്‍ മക്കളാണ്.

മുഖ്യമന്ത്രി പിണറായി വിജയൻ ദില്ലിയിലേക്ക്: യെച്ചൂരിയെ അവസാനമായി കാണാൻ മുഖ്യമന്ത്രി പിണറായി വിജയൻ ദില്ലിയിലേക്ക് പോകും. ദില്ലിയിലുള്ള യെച്ചൂരിയുടെ മൃതദേഹം നാളെ വൈകുന്നേരം വസന്തകുഞ്ചിലെ താമസസ്ഥലത്തേക്ക് കൊണ്ടുപോകുമെന്ന് നേതാക്കൾ അറിയിച്ചു. നാളെ രാത്രി മുഴുവൻ കുടുംബാംഗങ്ങൾക്ക് ഒപ്പം താമസിച്ചിരുന്ന ഫ്ലാറ്റിൽ വെക്കും. മറ്റന്നാൾ എ.കെ.ജി ഭവനിൽ രാവിലെ 11 മണി മുതൽ മൃതദേഹം പൊതുദർശനത്തിന് വെക്കും. പതിനാലാം തീയതി മൂന്നു മണിക്ക് ശേഷം എയിംസിലേക്ക് മൃതദേഹം കൈമാറും. മെഡിക്കൽ വിദ്യാർത്ഥികൾക്ക് പഠനത്തിനായി നൽകാനാണ് തീരുമാനം. അത് പ്രകാരമാണ് മൃതദേഹം എയിംസിന് കൈമാറുന്നത്.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest