Categories
Kerala news

ദുരിതബാധിതര്‍ക്ക് 1000 സ്‌ക്വയര്‍ ഫീറ്റിൻ്റെ ഒറ്റനില വീട് നിര്‍മിക്കും; മുഖ്യമന്ത്രി

തിരുവനന്തപുരം: വയനാട്ടിലെ ദുരിതബാധിതര്‍ക്ക് 1000 സ്‌ക്വയര്‍ ഫീറ്റില്‍ ഒറ്റനില വീട് നിര്‍മ്മിച്ചു നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ന് ചേര്‍ന്ന സര്‍വകക്ഷിയോഗത്തിലാണ് അദ്ദേഹത്തിൻ്റെ പ്രഖ്യാപനം. വീട് നഷ്ടപ്പെട്ടവര്‍ക്കായിരിക്കും പ്രഥമ പരിഗണനയെന്ന് മുഖ്യമന്ത്രി അറിയിച്ചു.ഒരേ രൂപരേഖയിലുള്ള വീടുകളാണ് നിര്‍മിച്ചു നല്‍കുക എന്നും സര്‍ക്കാര്‍ ഒരുക്കുന്ന ടൗണ്‍ഷിപ്പിലായിരിക്കും വീടുകള്‍ നിര്‍മിക്കുക എന്നും അദ്ദേഹം വ്യക്തമാക്കി. മാറി താമസിക്കേണ്ടി വന്നവരെ രണ്ടാം ഘട്ടത്തില്‍ പരിഗണിക്കും എന്നും മുഖ്യമന്ത്രി പറഞ്ഞു. ഭാവിയില്‍ ഈ വീടുകളില്‍ തന്നെ രണ്ടാം നില പണിയാന്‍ കഴിയുന്ന വിധത്തിലായിരിക്കും നിര്‍മാണം നടത്തുക എന്നും അദ്ദേഹം അറിയിച്ചു. ദുരന്തബാധിത മേഖലയില്‍ സെപ്റ്റംബര്‍ രണ്ടിന് സ്‌കൂള്‍ പ്രവേശനോത്സവം നടത്തും. പുനരധിവാസ സ്ഥലത്ത് ആവശ്യമായ വിദ്യാലയങ്ങള്‍ ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു. കര്‍ഷകര്‍ക്ക് കൃഷി ചെയ്യാനുള്ള സൗകര്യം പാക്കേജിൻ്റെ ഭാഗമായി പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പുനരധിവാസ പാക്കേജില്‍ ജീവനോപാധി ഉറപ്പാക്കും എന്നും തൊഴിലെടുക്കാന്‍ കഴിയുന്ന പരമാവധി പേര്‍ക്കു തൊഴില്‍ ഉറപ്പുവരുത്തും. എല്ലാ സ്ത്രീകള്‍ക്കും അവര്‍ക്കു താല്‍പര്യമുള്ള തൊഴിലില്‍ ഏര്‍പ്പെടുന്നതിന് ആവശ്യമായ പരിശീലനവും നല്‍കും. വാടകകെട്ടിടങ്ങളില്‍ കച്ചവടം നടത്തുന്നവരെ കൂടി പുനരധിവാസത്തിൻ്റെ ഭാഗമാക്കും. വായ്പ എഴുതിത്തള്ളുന്നതില്‍ റിസര്‍വ് ബാങ്കിനെയും ധനമന്ത്രാലയത്തെയും ബന്ധപ്പെടും. വയനാട്ടിലെ ഉരുള്‍പൊട്ടലിലുണ്ടായ നഷ്ടക്കണക്കും പുറത്ത് വന്നു. 183 വീടുകളും 340 ഹെക്ടര്‍ കൃഷിയിടവുമാണ് നഷ്ടമായിരിക്കുന്നത്. 145 വീടുകള്‍ ദുരന്തത്തില്‍ പൂര്‍ണമായി തകര്‍ന്നപ്പോള്‍ 170 വീടുകള്‍ ഭാഗികമായി തകര്‍ന്നു. 240 വീടുകള്‍ വാസയോഗ്യമല്ലാതായി. അതേസമയം വിലങ്ങാട്ടെ ദുരിതബാധിതര്‍ക്കും പുനരധിവാസം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഉരുള്‍പൊട്ടല്‍ മുന്നറിയിപ്പ് വിഷയത്തില്‍ കേന്ദ്ര ഏജന്‍സിയുടെ സഹായം അഭ്യര്‍ഥിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest