Categories
Kerala news

ഞങ്ങളെ എപ്പോള്‍ വീട്ടിലേക്ക് തിരിച്ചുവിടും; കോടതിയില്‍ ഹാജരാക്കാന്‍ നില്‍ക്കവേ പൊലീസിനോട് ഭഗവല്‍സിങും ലൈലയും, വക്കീൽ ആളൂരിന്‌ കോടതിയുടെ രൂക്ഷ വിമര്‍ശനം

ആഴത്തില്‍ അന്വേഷണം വേണമെന്ന നിലപാടിലാണ് പൊലീസ്

കൊച്ചി: ഇലന്തൂര്‍ നരബലിക്കേസിലെ പ്രതികളായ ഭഗവല്‍സിങിൻ്റെയും ലൈലയുടെയും മാനസികാവസ്ഥയില്‍ പൊലീസിന് പല സംശയങ്ങളും. അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോള്‍ പോലും ദമ്പതികള്‍ പൊലീസിനോട് ചോദിച്ചത് ഞങ്ങളെ എപ്പോള്‍ വീട്ടിലേക്ക് തിരിച്ചു വിടുമെന്നാണ്. പ്രത്യേക മാനസികാവസ്ഥയിലാണ് ഇരുവരുമെന്നാണ് പൊലീസ് സംശയിക്കുന്നത്. രണ്ടുപേരെ അതിക്രൂരമായി കൊലപ്പെടുത്തിയിട്ടും പശ്ചാത്താപമോ ഭാവമാറ്റമോ ദമ്പതികള്‍ക്കില്ല. അതിനാല്‍ സംഭവത്തില്‍ ആഴത്തില്‍ അന്വേഷണം വേണമെന്ന നിലപാടിലാണ് പൊലീസ്.

പ്രതിഭാഗം അഭിഭാഷകന്‍ ആളൂരിനെ കോടതി രൂക്ഷമായി വിമര്‍ശിച്ചു. പ്രതികളെ കസ്റ്റഡിയില്‍ വിട്ടാല്‍ എല്ലാ ദിവസവും കാണാന്‍ അനുവദിക്കണമെന്ന ആളൂരിൻ്റെ ആവശ്യമാണ് കോടതിയെ പ്രകോപിപ്പിച്ചത്. കോടതിക്ക് മേല്‍ അഭിഭാഷകന്‍ നിര്‍ദേശം വയ്‌ക്കേണ്ടെന്ന് കോടതി താക്കീത് നല്‍കുകയായിരുന്നു. പ്രതികളെ 12 ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടു. അന്വേഷണ സംഘത്തിൻ്റെ ആവശ്യപ്രകാരം എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി എട്ടാണ് പ്രതികളെ ഈ മാസം 24 വരെ കസ്റ്റഡിയില്‍ വിട്ടത്.

കൊല്ലപ്പെട്ട സ്ത്രീകളെ കൊണ്ടുപോയത് എറണാകുളത്ത് നിന്നായതിനാല്‍ കൂടുതല്‍ ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കേണ്ടതുണ്ടന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. പ്രതികള്‍ സമാന രീതിയില്‍ മറ്റാരെയെങ്കിലും കെണിയില്‍ പെടുത്തിയിട്ടുണ്ടോ എന്ന് പരിശോധന വേണമെന്നും പൊലീസ് കസ്റ്റഡി അപേക്ഷയില്‍ വ്യക്തമാക്കിയിട്ടുണ്ട്. റോസ്ലിയുടെയും പത്മത്തിൻ്റെയും ആഭരണങ്ങളും പ്രതികള്‍ പണയപ്പെടുത്തിയതായി വ്യക്തമായിട്ടുണ്ട്. അതിനാല്‍ ഇവ കണ്ടെടുക്കുന്നതിനുളള നടപടികളും പൊലീസ് സ്വീകരിക്കും.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest