Categories
local news news

ജയിലിൽ കഴിയുന്ന മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ്​ കാപ്പന് വേണ്ടി ഹാജരായത് കപില്‍ സിബൽ; യു.പി സര്‍ക്കാറിനും പോലീസിനും സുപ്രീം കോടതി നോട്ടീസ്​ അയച്ചു

ന്യൂഡല്‍ഹി: ഹാഥറസ്​ സംഭവം റിപോര്‍ട്ട്​ ചെയ്യാന്‍ പോകുന്നതിനിടെ മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ്​ കാപ്പന്‍ അറസ്​റ്റിലായ നടപടിയില്‍ സുപ്രീം കോടതി ഉത്തര്‍പ്രദേശ്​ സര്‍ക്കാറിനും യു.പി പോലീസിനും നോട്ടീസ്​ അയച്ചു.

തിങ്കളാഴ്​ച കേരള പത്രപ്രവര്‍ത്തക യൂനിയന്‍ സര്‍മിച്ച ഹരജിയിലാണ്​ സുപ്രീംകോടതി അറസ്​റ്റിനെ സംബന്ധിച്ച്‌ വിശദീകരണം ആവശ്യപ്പെട്ട് യു.പി സര്‍ക്കാറിനും പോലീസിനും നോട്ടീസ് അയച്ചത്.

എഫ്.ഐ.ആറില്‍ കാപ്പനെതിരായ ഒരു കുറ്റവുമില്ലെന്നും ജയിലില്‍ അദ്ദേഹത്തെ കാണാന്‍ പോലും അനുവദിക്കുന്നില്ലെന്നും കെ.യു.ഡബ്ല്യു.ജെക്ക് വേണ്ടി ഹാജരായ കപില്‍ സിബൽ വാദിച്ചു. യു.പി സര്‍ക്കാറിനും പോലീസിനും പറയാനുള്ള കാര്യം കേട്ട ശേഷം തീരുമാനം എടുക്കാമെന്ന്​ ചീഫ്​ ജസ്​റ്റിസ്​ എസ്​.എ​. ബോബ്​ഡെ അധ്യക്ഷനായ ബെഞ്ച്​ പറഞ്ഞു. കേസ് വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.

കെ.യു.ഡബ്ല്യു.ജെ നേരത്തെ നല്‍കിയ ഹേബിയസ് കോര്‍പസ് ഹരജി പരിഗണിച്ച പരമോന്നത നീതിപീഠം ആവശ്യമെങ്കില്‍ വീണ്ടും കോടതിയെ സമീപിക്കാമെന്ന് വ്യക്തമാക്കിയിരുന്നു. സിദ്ദിഖ് കാപ്പനെ കാണാന്‍ അഭിഭാഷകന് അനുമതി നല്‍കണമെന്നും ഹരജയില്‍ ആവശ്യപ്പെട്ടിരുന്നു.

മഥുര കോടതിയും ജയിലധികൃതരും അനുമതി നിഷേധിച്ച സാഹചര്യത്തിലാണ് വീണ്ടും ഹരജിയുമായി സുപ്രീം കോടതിയിലെത്തിയത്. പ്രമുഖ അഭിഭാഷകന്‍ കപില്‍ സിബലാണ് സിദ്ദിഖ് കാപ്പന് വേണ്ടി കെ.യു.ഡബ്ല്യു.ജെ ഡല്‍ഹി ഘടകം നല്‍കിയ ഹര്‍ജിയില്‍ ഹാജരായത്​.

മഥുര ജയിലില്‍ കഴിയുന്ന സിദ്ദീഖ് കാപ്പൻ്റെ സുരക്ഷയില്‍ ആശങ്കയുണ്ടെന്നും ഹരജിയില്‍ സുപ്രിം കോടതിയെ അറിയിച്ചു. തടവുകാര്‍ക്ക് നല്‍കുന്ന അവകാശങ്ങള്‍ പോലും ഹനിക്കപ്പെടുകയാണെന്നും അഭിഭാഷകന്‍ വ്യക്തമാക്കിയിരുന്നു.

ഹാഥറസില്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട്ടിലേക്ക് പോകുന്ന വഴി ഒക്ടോബര്‍ അഞ്ചിനാണ്​ സിദ്ദീഖ് കാപ്പനെ യു.പി പോലീസ് അറസ്റ്റ് ചെയ്​തത്. ഒപ്പമുണ്ടായിരുന്ന രണ്ട് കാമ്ബസ് ഫ്രണ്ട് പ്രവര്‍ത്തകരും ഡ്രൈവറും അറസ്റ്റിലായിരുന്നു. മതവിദ്വേഷം വളര്‍ത്തിയെന്നാരോപിച്ച്‌ രാജ്യദ്രോഹക്കുറ്റം ചുമത്തി യു.എ.പി.എ ചാര്‍ത്തുകയും ചെയ്തു. അറസ്റ്റിലായി ഒരു മാസമായിട്ടും അഭിഭാഷകരെ കാണാന്‍ പോലും ഇവരെ അനുവദിച്ചിരുന്നില്ല.

0Shares

Leave a Reply

Your email address will not be published. Required fields are marked *