Categories
Kerala news

മന്ത്രവാദ ചികിത്സ; പൊലീസോ എതിർക്കുന്നവരോ വരുമ്പോൾ ശോഭന നഗ്നയാകും, വാസന്തി മഠത്തിൽ രണ്ടുപേരെ കാണാതായതിൽ ദുരൂഹതയെന്ന് നാട്ടുകാർ

തുള്ളുകയും സ്വയം നഗ്നയാവുകയുമൊക്കെ ചെയ്തായിരുന്നു ശോഭനയുടെ ചികിത്സാ രീതി

പത്തനംതിട്ട: മലയാലപ്പുഴയില്‍ യുവജന സംഘടനകള്‍ അടിച്ചുതകര്‍ത്ത മന്ത്രവാദ ചികിത്സാ കേന്ദ്രമായ വാസന്തിമഠത്തിനും നടത്തിപ്പുകാരിക്കുമെതിരെ ആരോപണങ്ങളുമായി നാട്ടുകാര്‍. മഠത്തിൽ നിന്ന് രണ്ടുപേരെ കാണാതായിട്ടുണ്ടെന്നും പൊലീസ് സമഗ്രമായ അന്വേഷണം നടത്തണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. ഇവിടെ മന്ത്രവാദം നടത്തുന്ന ശോഭന(41)യെയും ഭര്‍ത്താവ് ഉണ്ണികൃഷ്ണനെയും(41) പൊലീസ് പിടികൂടിയിരുന്നു.

ഇലന്തൂരിലെ നരബലിയുമായി ബന്ധപ്പെട്ട ക്രൂരതകള്‍ പുറത്തുവന്നതിന് പിന്നാലെ ഈ മന്ത്രവാദ ചികിത്സാ കേന്ദ്രത്തിലെ ദൃശ്യങ്ങളും പ്രചരിച്ചിരുന്നു. മന്ത്രവാദത്തിനിടെ ഒരു കുട്ടി ബോധം കെട്ടുവീഴുന്നതിൻ്റെ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെയാണ് വ്യാഴാഴ്‌ച യുവജന സംഘടനകള്‍ ഇവിടേക്ക് പ്രതിഷേധം നടത്തിയതും മഠം അടിച്ചുതകര്‍ത്തതും.

യുവതികളെയും പെൺകുട്ടികളെയും അടക്കം വിവസ്ത്രരാക്കി ചൂരല്‍കൊണ്ട് അടിക്കുന്നതടക്കമുള്ള കാര്യങ്ങളാണ് ചികിത്സയെന്ന പേരില്‍ നടത്തിവന്നത്. മദ്യപിച്ച് തുള്ളുകയും സ്വയം നഗ്നയാവുകയുമൊക്കെ ചെയ്തായിരുന്നു ശോഭനയുടെ ചികിത്സാ രീതി.

പലതവണ പരാതി നൽകിയിട്ടും പൊലീസിൻ്റെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. മന്ത്രവാദ കേന്ദ്രവുമായി ബന്ധപ്പെട്ട രണ്ടുപേരെ കാണാതായിട്ടുണ്ടെന്നും ഇവരെ അപായപ്പെടുത്തിയതാണോ എന്ന് സംശയവും നാട്ടുകാർ പ്രകടിപ്പിക്കുന്നു.

പൊലീസോ എതിർക്കുന്നവരോ വരുമ്പോൾ വസ്ത്രങ്ങളെല്ലാം ഊരിമാറ്റി നഗ്നയായി നില്‍ക്കുന്നതാണ് ശ്രീദേവിയുടെ രീതി. ഇതോടെ പൊലീസ് പിൻവലിയും. മാനസികനില തെറ്റിയ ആളെന്ന രീതിയില്‍ പൊലീസ് ഉപദേശിച്ച് വിടുക മാത്രമാണ് ചെയ്തിരുന്നത്. സ്ത്രീയുടെ ആദ്യ ഭര്‍ത്താവിനേയും ഇവരുടെ സഹായിയായി നിന്ന ആളെയും കാണാതായിട്ടുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.

ആദ്യ ഘട്ടത്തില്‍ ചെറിയ തരത്തിലുള്ള മന്ത്രവാദ ചികിത്സകളായിരുന്നു ശോഭന നടത്തിയിരുന്നത്. പിന്നീട് പുറത്ത് നിന്ന് ആളുകള്‍ എത്താന്‍ തുടങ്ങി. അവര്‍ക്കെതിരെ പരാതി നല്‍കുന്നവരെ കേസില്‍ കുടുക്കാനുള്ള ശ്രമങ്ങളാണ് നടത്തിയിരുന്നത്. ‘സമയം അടുത്ത് വരുമ്പോള്‍ പറയാം’ എന്നായിരുന്നു പൊലീസ് കസ്റ്റഡിയിലെടുത്ത് കൊണ്ടുപോകുമ്പോള്‍ ശോഭന പ്രതികരിച്ചത്.

മഠത്തിനും നടത്തിപ്പുകാർക്കുമെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ പത്തനംതിട്ട ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു. നേരത്തെ തന്നെ നിരവധി പരാതികള്‍ ഇവർക്കെതിരെ ലഭിച്ചിരുന്നു. പൊലീസ് രണ്ടുമൂന്ന് തവണ ഇവര്‍ക്ക് മുന്നറിയിപ്പ് നല്‍കിയതാണ്. ഇപ്പോള്‍ ഉയര്‍ന്ന ആരോപണങ്ങള്‍ പ്രത്യേകം അന്വേഷിക്കും. അവരുടെ വീടും പരിസരങ്ങളും വേണ്ടരീതിയില്‍ പരിശോധിക്കുമെന്നും പോലീസ് മേധാവി വ്യക്തമാക്കി.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest