Categories
news

കലാപം പടരുന്നു; മരണം 300 കടന്നു; ഷെയ്ഖ് ഹസീന രാജ്യംവിട്ടു; ഇടക്കാല സർക്കാർ രൂപീകരിക്കുമെന്ന് സൈന്യം; ജാഗ്രതയോടെ നിരീക്ഷിച്ച് ഇന്ത്യ

ദില്ലി: കലാപം പൊട്ടി പുറപ്പെട്ട ബംഗ്ലാദേശില്‍ മരണം 300 കടന്നു. കലാപം രാജ്യവ്യാപകമായി പടരുകയാണ്. സ്വയം രക്ഷാർത്ഥം പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവെച്ച് നാട് വിട്ടു. പ്രധാനമന്ത്രി രാജ്യം വിട്ടതായി ബംഗ്ലാദേശിലെ മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തത്. സഹോദരിക്കൊപ്പം ഇവര്‍ രഹസ്യ കേന്ദ്രത്തിലേക്ക് മാറി എന്നാണ് അറിയാനാകുന്നത്. രാജ്യം വിട്ടെങ്കിലും അവിടെ അഭയം പ്രാപിച്ചു എന്നതിൽ വ്യക്തതയില്ല. ഷെയ്ഖ് ഹസീന സഹോദരി ഷെയ്ഖ് രഹാനയ്‍ക്കൊപ്പം രാജ്യം വിട്ടെന്ന് അന്തർദേശിയ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇവര്‍ ഇന്ത്യയില്‍ അഭയം തേടി എന്നാണ് ബംഗ്ലാദേശ് മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് ഇരച്ചുകയറിയ പ്രതിഷേധക്കാർ നിയന്ത്രണം ഏറ്റടുത്തപോലെ എല്ലാം തകർത്തു കളഞ്ഞു.

അതേസമയം, ഷെയ്ക് ഹസീനയ്ക്ക് ഇന്ത്യയിൽ അഭയം നൽകില്ലെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. സംഭവം ജാഗ്രതയോടെ നിരീക്ഷിക്കുകയാണ്. ഷെയ്ക് ഹസീന ബെലറൂസിലേക്ക് പോയെന്നാണ് ചില റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നത്. ബംഗ്ലാദേശിലെ സംവരണ വിരുദ്ധ സമരത്തില്‍ പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം അക്രമാസക്തമാവുകയായിരുന്നു. ഷെയ്ഖ് ഹസീനയുടെ രാജിക്കായി പ്രതിഷേധക്കാരും അവരെ നേരിടാൻ ഭരണകക്ഷിയായ അവാമി ലീഗ് പ്രവർത്തകരും തെരുവിലിറങ്ങി. ഏറ്റുമുട്ടലില്‍ ഇന്നലെ മാത്രം നൂറോളം പേര്‍ കൊല്ലപ്പെട്ടു. ഇന്ന് പുറത്തുവരുന്ന റിപ്പോർട്ട് പ്രകാരം മരണം മുന്നൂറ് കടന്നു. നിരവധി പേർ പരിക്കേറ്റ് ആശുപത്രികളിൽ ചികിത്സയിലാണ്. പ്രധാനമന്ത്രി രാജിവെച്ചതോടെ ഇടക്കാല സർക്കാർ രൂപീകരിക്കുമെന്ന് സൈന്യം അറിയിച്ചു. എല്ലാ രാഷ്ട്രീയ പാർട്ടികളെയും ചർച്ചയ്ക്ക് ക്ഷണിച്ചതായും ജനങ്ങളുടെ പിന്തുണ അഭ്യർത്ഥിക്കുന്നതായും സേനാ മേധാവി അറിയിച്ചു. അക്രമം അവസാനിപ്പിക്കണമെന്നും ഇടക്കാല സർക്കാർ ആവശ്യമായ തീരുമാനങ്ങൾ എടുക്കുമെന്നും സേന മേധാവി വ്യക്തമാക്കി.

0Shares

Leave a Reply

Your email address will not be published. Required fields are marked *