Categories
international news trending

ഷമീമ ബീഗത്തെ ഐ.എസിനുവേണ്ടി കടത്തിയത് കനേഡിയന്‍ ചാരനെന്ന് വെളിപ്പെടുത്തല്‍; ഐ.എസിനു പിന്നില്‍ ആരെന്ന ചോദ്യം വീണ്ടും

തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ പേരില്‍ വിചാരണ നേരിടേണ്ടി വരും ഷമീമ

ലണ്ടന്‍: കനേഡിയന്‍ ഇൻ്റെലിജന്‍സിനായും ഐ.എസിനായും ഇരട്ട ഏജൻ്റെയി പ്രവര്‍ത്തിച്ച മുഹമ്മദ് അല്‍ റാഷിദ് എന്നയാളാണ് ‘ജിഹാദി വധു’ എന്ന് ആക്ഷേപിക്കപ്പെട്ട ബ്രിട്ടീഷുകാരി ഷമീമ ബീഗത്തെയും രണ്ട് സുഹൃത്തുക്കളെയും ഇസ്‍ലാമിക് സ്റ്റേറ്റ് (ഐ.എസ്) ഭീകര സംഘടനക്കു വേണ്ടി സിറിയയിലേക്ക് കടത്തിയതെന്ന് വെളിപ്പെടുത്തല്‍.

പുതുതായി പുറത്തിറങ്ങിയ ദി സണ്‍ഡേ ടൈംസിൻ്റെ മുന്‍ സുരക്ഷ ലേഖകന്‍ റിച്ചാര്‍ഡ് കെര്‍ബജിൻ്റെ ‘ദി സീക്രട്ട് ഹിസ്റ്ററി ഓഫ് ദി ഫൈവ് ഐസ്’ ആണ് വന്‍ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്.

ഐ.എസ് എന്ന ഭീകര സംഘടന പാശ്ചാത്യ രാജ്യങ്ങളുടെ സൃഷ്ടിയാണെന്ന ആരോപണങ്ങളിലേക്ക് നയിക്കുന്നതാണ് പുതിയ വെളിപ്പെടുത്തലെന്ന വാദമുയര്‍ന്നിട്ടുണ്ട്.

ഷമീമ ബീഗത്തിൻ്റെ കാര്യത്തില്‍ കനേഡിയന്‍ സെക്യൂരിറ്റി ഇൻ്റെലിജന്‍സ് സര്‍വിസിൻ്റെ (സി.എസ്.ഐ.എസ്) പങ്ക് മറച്ചുവെക്കാന്‍ യു.കെ പിന്നീട് കാനഡയുമായി ഗൂഢാലോചന നടത്തിയെന്നും പുസ്തകത്തില്‍ പറയുന്നു. ലോക നേതാക്കളുമായും നൂറിലധികം രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുമായും നടത്തിയ അഭിമുഖങ്ങളെ അടിസ്ഥാനമാക്കി രചിച്ച കെര്‍ബജിൻ്റെ പുസ്തകം ബുധനാഴ്‌ചയാണ് പ്രസിദ്ധീകരിച്ചത്. യു.കെ, യു.എസ്, കാനഡ, ആസ്‌ട്രേലിയ, ന്യൂസിലാന്‍ഡ് എന്നീ രാജ്യങ്ങള്‍ തമ്മിലുള്ള രഹസ്യാന്വേഷണ സഖ്യമാണ് ഫൈവ് ഐസ്.

ജോര്‍ദാനിലെ കനേഡിയന്‍ എംബസിയില്‍ അഭയം തേടിയപ്പോഴാണ് ചാരനായി കാനഡ റാഷിദിനെ നിയോഗിച്ചത്. 2015ല്‍ ലണ്ടനില്‍ നിന്ന് 15കാരിയായ വിദ്യാര്‍ഥിനി ഷമീമ ബീഗത്തിനൊപ്പം കൂട്ടുകാരികളായ അമീറ അബസെ (15), ഖദീസ സുല്‍ത്താന (16) എന്നിവരെയും ഇയാള്‍ സിറിയയിലേക്ക് കടത്തിയെന്ന് പുസ്തകത്തില്‍ പറയുന്നു. 2015ല്‍ തുര്‍ക്കി റാഷിദിനെ അറസ്റ്റ് ചെയ്ത ശേഷം തുറന്നുകാട്ടപ്പെടുമെന്ന് ഭയപ്പെട്ടപ്പോള്‍ മാത്രമാണ് കാനഡ തങ്ങളുടെ പങ്കാളിത്തം സ്വകാര്യമായി സമ്മതിച്ചത്. തുടര്‍ന്ന് അത് മറച്ചുവെക്കാന്‍ ബ്രിട്ടീഷ് അധികൃതരുമായി ഗൂഢാലോചന നടത്തിയതായും പുസ്തകം ആരോപിക്കുന്നു. ബ്രിട്ടീഷ് മെട്രോപൊളിറ്റന്‍ പൊലീസ് സര്‍വിസ് മൂവര്‍ക്കും വേണ്ടി അന്താരാഷ്ട്ര തലത്തില്‍ തിരച്ചില്‍ നടത്തുമ്പോള്‍ കാനഡ നിശബ്ദത പാലി​ച്ചെന്നും ഇതില്‍ പറയുന്നു.

കൗമാരക്കാരെ കടത്തിയ കാര്യം കാനഡക്ക് അറിയാമായിരുന്നെന്ന് വെളിപ്പെട്ടതിനാല്‍ അന്വേഷണത്തിന് ആവശ്യമുയര്‍ന്നിട്ടുണ്ട്. ഐ.എസ് ഭീകരനെ വിവാഹം കഴിക്കാന്‍ നാടുവിട്ടെന്നായിരുന്നു ഷമീമക്കെതിരെ ഉയര്‍ന്ന ആരോപണം. ഇതോടെയാണ് ‘ജിഹാദി വധു’ എന്ന വിശേഷണവും വന്നത്. പുസ്തകം പുറത്തുവന്നതോടെ ഷമീമയുടെ ബ്രിട്ടീഷ് പൗരത്വം 2019ല്‍ എടുത്തുകളഞ്ഞ നടപടിയും ചോദ്യം ചെയ്യപ്പെടുന്നുണ്ട്.

ബ്രിട്ടനിലേക്ക് മടങ്ങുന്നതില്‍ നിന്ന് അവളെ വിലക്കാനുള്ള തീരുമാനം ശരിവെച്ച കഴിഞ്ഞ വര്‍ഷത്തെ സുപ്രീംകോടതി വിധിയില്‍, അവളെ എങ്ങനെയാണ് സിറിയയിലേക്ക് കടത്തിയതെന്ന് ബ്രിട്ടീഷ് അധികാരികള്‍ക്ക് അറിയാമായിരുന്നതായി പറഞ്ഞിരുന്നില്ല.

ഇപ്പോള്‍ 23 വയസ്സുള്ള ഷമീമ വടക്കന്‍ സിറിയയിലെ ഒരു ക്യാമ്പില്‍ കഴിയുകയാണ്. നവംബറില്‍ സ്പെഷല്‍ ഇമിഗ്രേഷന്‍ അപ്പീല്‍ കമീഷനില്‍ കേസ് പുതുക്കേണ്ടതുണ്ട്. തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ പേരില്‍ വിചാരണ നേരിടേണ്ട അവസ്ഥയിലാണ് ഷമീമ. തന്നെ പ്രാദേശിക കോടതിയില്‍ വിചാരണ ചെയ്തേക്കുമെന്നും ഒരുപക്ഷെ വധശിക്ഷ ഏറ്റുവാങ്ങേണ്ടി വന്നേക്കുമെന്നും ഷമീമ ബീഗം പ്രതികരിച്ചതായി യു.കെ മാധ്യമങ്ങള്‍ അടുത്തിടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പൊലീസിനും രഹസ്യാന്വേഷണ വിഭാഗത്തിനും അറിയാവുന്ന കാര്യങ്ങള്‍ അന്വേഷിക്കണമെന്ന് അവരുടെ കുടുംബത്തിൻ്റെ അഭിഭാഷകയായ തസ്‌നിമേ അകുഞ്ജി ആവശ്യപ്പെട്ടു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest