Categories
Kerala news trending

ഭഗവൽ സിങിനെ വധിക്കാൻ ഷാഫിയും ലൈലയും പദ്ധതിയിട്ടു; നരബലി കേസിൽ പൊലീസ് പറയുന്നത് ഇങ്ങനെ

പ്രതികൾ മനുഷ്യമാസം ഭക്ഷിച്ചെന്ന് വിവരമുണ്ട്. എന്നാൽ തെളിവുകൾ ഇല്ല

പത്തനംതിട്ട: ഇലന്തൂർ നരബലി കേസിൽ റോസിലിൻ, പത്മം എന്നിവരുടെ കൊലപാതകം പുറത്ത് അറിയാതിരിക്കാൻ ഭഗവൽ സിങിനെ കൊലപ്പെടുത്താൻ ഷാഫിയും ലൈലയും പദ്ധതിയിട്ടതായി അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. രണ്ടു സ്ത്രീകളെ നരബലി നൽകിയത് ദേവീപ്രീതിക്കായി ചെയ്തതാണെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നുണ്ട്. പത്മയ്ക്ക് പതിനയ്യായിരം രൂപയും റോസ്‌ലിയെ ബ്ലൂ ഫിലിമിൽ അഭിനയിക്കാൻ പത്തുലക്ഷം രൂപ വാഗ്ദാനം ചെയ്താണ് ഇലന്തൂരിലേക്ക് കൊണ്ടുപോയത്.

പത്മയെ കൊന്നത് ഷാഫിയും റോസ്‌ലിയെ കൊന്നത് ലൈലയുമാണ്. ഇരുവരുടെയും സ്വകാര്യ ഭാഗങ്ങളിൽ കത്തികൊണ്ട് കുത്തി മുറിവേൽപ്പിച്ചു. പ്രതികളെ ഈ മാസം 26 വരെ എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. മുഹമ്മദ് ഷാഫി ഒന്നാം പ്രതിയും ഭഗവൽ സിംഗ് രണ്ടാം പ്രതിയും ലൈല മൂന്നാം പ്രതിയുമാണ്.

സെപ്റ്റംബർ 26നാണ് പത്മയെ വാഹനത്തിൽ കയറ്റി ഇലന്തൂരിലെത്തിച്ചത്. 15000 രൂപ നൽകാമെന്ന് പ്രലോഭിപ്പിച്ചാണ് കൊണ്ടുവന്നത്. എന്നാൽ ഇലന്തൂരിലെ വീട്ടിലെത്തിയതിന് പിന്നാലെ ഇവർ തമ്മിൽ പണത്തെച്ചൊല്ലി തർക്കമുണ്ടായി. ഇതിനൊടുവിൽ ഷാഫിയും ഭഗവൽസിങും ലൈലയും ചേർന്ന് പ്ലാസ്റ്റിക് ചരട് ഉപയോഗിച്ച് കഴുത്ത് മുറുക്കി ബോധംകെടുത്തുകയും തൊട്ടടുത്ത മുറിയിലേക്ക് കൊണ്ടുപോകുകയും ചെയ്തു. അവിടെവെച്ച് പത്മയുടെ രഹസ്യഭാഗത്ത് കത്തി ഉപയോഗിച്ച് കുത്തുകയും, അതിനുശേഷം കഴുത്തറുത്ത് കൊല്ലുകയും ആയിരുന്നുവെന്നാണ് റിമാൻണ്ട് റിപ്പോർട്ട് പറയുന്നത്.

ഇലന്തൂർ നരബലി കേസിലെ മുഖ്യ സൂത്രധാരൻ ഷാഫിയെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പറഞ്ഞു. ഇയാൾ ലൈംഗിക വൈകൃതത്തിന് അടിമയെന്നും ലൈലയ്ക്ക് വിഷാദ രോഗം ഉണ്ടോയെന്ന് പരിശോധിക്കുമെന്നും സി.എച്ച് നാഗരാജു വ്യക്തമാക്കി.

ഇലന്തൂർ ഇരട്ട നരബലി അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ സി.എച്ച് നാഗരാജു പറഞ്ഞു. കണ്ടെടുത്ത ശരീരഭാഗങ്ങൾ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും. പ്രതികളുടെ സാമ്പത്തിക ഇടപാടുകളും പരിശോധിക്കും. പ്രതികൾ മനുഷ്യമാസം ഭക്ഷിച്ചെന്ന് വിവരമുണ്ട്. എന്നാൽ തെളിവുകൾ ഇല്ല. പത്മ വാഹനത്തിൽ കയറുന്ന സി.സി.ടി.വി ദൃശ്യങ്ങളാണ് ആദ്യം ലഭിച്ചത്. ഇതാണ് അന്വേഷണത്തിൽ നിർണായകമായതെന്നും കമ്മീഷണർ പറഞ്ഞു.

0Shares

Leave a Reply

Your email address will not be published. Required fields are marked *