Categories
business national news

ആയിരക്കണക്കിന് ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച്‌ എസ്ബിഐ; ഉപഭോക്താക്കളുടെ പരാതിക്ക് ബാങ്ക് മറുപടി ഇങ്ങനെ

ബാങ്കില്‍ നല്‍കിയിട്ടുള്ള കെ.വൈ.സി വിവരങ്ങളില്‍ മാറ്റമില്ലെങ്കില്‍ ഫോം സമര്‍പ്പിച്ചാല്‍ മതിയാകും

എസ്ബിഐയുടെ ഒരു ഉപഭോക്താവാണെങ്കില്‍, ഈ വാര്‍ത്ത ഏറെ പ്രധാനപ്പെട്ടതാണ്. അതായത്, നിങ്ങളുടെ ബാങ്ക് അക്കൗണ്ടുകള്‍ പ്രവര്‍ത്തനക്ഷമമാണോ എന്ന് പരിശോധിക്കാന്‍ എസ്ബിഐ നിര്‍ദ്ദേശിക്കുന്നു.

ജൂലൈ ഒന്നുമുതല്‍ എസ്ബിഐ ആയിരക്കണക്കിന് ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചിരിയ്ക്കുകയാണ്. നിങ്ങളുടെ അക്കൗണ്ടും ഈ വിഭാഗത്തില്‍ ഉള്‍പ്പെട്ടിരിയ്ക്കാം. കെ.വൈ.സി (KYC- know your customer) മാനദണ്ഡങ്ങള്‍ പാലിക്കാത്തതിന്‍റെ പേരിലാണ് നിരവധി അക്കൗണ്ടുകള്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ബ്ലോക്ക് ചെയ്തത്. ജൂലൈ ഒന്നുമുതല്‍ ആണ് കെ.വൈ.സി വിശദാംശങ്ങള്‍ പുതുക്കാത്ത ഉപഭോക്താക്കളുടെ അക്കൗണ്ടുകള്‍ എസ്ബിഐ മരവിപ്പിച്ചത്.

ബാങ്ക് സ്വീകരിച്ച ഈ നടപടി മൂലം സ്വദേശത്തും വിദേശത്തും താമസിക്കുന്ന ആയിരക്കണക്കിന് ആളുകളുടെ അക്കൗണ്ടുകള്‍ പ്രവത്തന രഹിതമായിരിയ്ക്കുകയാണ്. ഇക്കാരണത്താല്‍ വിദേശത്ത് താമസിക്കുന്നവര്‍ ഉള്‍പ്പെടെ പല ഉപഭോക്താക്കള്‍ക്കും അവരുടെ എസ്ബിഐ അക്കൗണ്ടുകള്‍ ഉപയോഗിച്ച്‌ നിലവില്‍ ഒരു ഇടപാടും നടത്താന്‍ സാധിക്കുന്നില്ല. നിരവധി ഉപഭോക്താക്കളാണ് പരാതിയുമായി രംഗത്ത്‌ എത്തിയിരിയ്ക്കുന്നത്. മുന്‍കൂട്ടി അറിയ്ക്കതെയാണ് ബാങ്ക് അക്കൗണ്ട് ബ്ലോക്ക് ചെയ്തത് എന്നാണ് ഇടപാടുകാരുടെ പരാതി.

ഉപഭോക്താക്കളുടെ പരാതിയ്ക്ക് ബാങ്ക് വ്യക്തമായ മറുപടിയും നല്‍കുന്നുണ്ട്. കൃത്യമായ ഇടവേളകളില്‍ ബാങ്ക് നടത്തുന്ന ഒരു പതിവ് നടപടിയാണ് കെ.വൈ.സി വിശദാംശങ്ങള്‍ പുതുക്കുക എന്നത്. കെ.വൈ.സി പുതുക്കാനുള്ള സന്ദേശം ഉപഭോക്താക്കള്‍ക്ക് സമയാസമയങ്ങളില്‍ നല്‍കിയിരുന്നു എന്നാണ് ബാങ്ക് അറിയിയ്ക്കുന്നത്.

അക്കൗണ്ട് ബ്ലോക്ക് ആയ ഉപഭോക്താക്കള്‍ ബാങ്ക് സന്ദര്‍ശിച്ച്‌ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കണമെന്ന് ബാങ്ക് നിര്‍ദ്ദേശിക്കുന്നു.

കെ.വൈ.സി എന്തുകൊണ്ട് കര്‍ശനമാക്കി?

ജൂലൈ ഒന്നുമുതല്‍ മാറ്റം വന്ന ബാങ്ക് നിയമങ്ങളില്‍ കെ.വൈ.സി സംബന്ധിച്ച്‌ മുന്നറിയിപ്പുകള്‍ നല്‍കുന്നുണ്ട്. ബാങ്ക് തട്ടിപ്പുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് കെ.വൈ.സി തുടര്‍ച്ചയായി പുതുക്കാന്‍ റിസര്‍വ് ബാങ്കും നിര്‍ദ്ദേശിക്കുന്നത്. മുമ്പ് 10 വര്‍ഷത്തിൽ ഒരിക്കല്‍ ബാങ്കുകള്‍ കെ.വൈ.സി അപ്‌ഡേറ്റ് ചെയ്യാന്‍ നിര്‍ദ്ദേശിച്ചിരുന്നു, എന്നാല്‍ ഇപ്പോള്‍ മൂന്നുവര്‍ഷം കൂടുമ്പോള്‍ കെ.വൈ.സി പുതുക്കണം.

കെ.വൈ.സി എങ്ങനെ പുതുക്കാം?

എസ്ബിഐ അക്കൗണ്ടുമായി ബന്ധപ്പെട്ട കെവൈസി വിശദാംശങ്ങള്‍ വളരെ എളുപ്പത്തില്‍ പുതുക്കാന്‍ കഴിയും. ഉപഭോക്താക്കള്‍ മുമ്പ് ബാങ്കില്‍ നല്‍കിയിട്ടുള്ള കെ.വൈ.സി വിവരങ്ങളില്‍ മാറ്റമില്ലെങ്കില്‍ കൃത്യമായി പൂരിപ്പിച്ച്‌ ഒപ്പിട്ട നിര്‍ദ്ദിഷ്ട ഫോം ബാങ്കില്‍ സമര്‍പ്പിച്ചാല്‍ മതിയാകും. ഇത് ബാങ്കിന്‍റെ ശാഖയില്‍ നേരിട്ട് സമര്‍പ്പിക്കാം. ഏതെങ്കിലും രേഖകളില്‍ മാറ്റമുണ്ടെങ്കില്‍ ഉപഭോക്താക്കള്‍ അവരുടെ യഥാര്‍ത്ഥ കെ.വൈ.സി രേഖകളും ഒപ്പം ഒരു ഫോട്ടോയും സഹിതം ബ്രാഞ്ച് സന്ദര്‍ശിക്കണം എന്നാണ് എസ്ബിഐ ട്വിറ്ററിലൂടെ അറിയിച്ചിരിക്കുന്നത്.

0Shares

Leave a Reply

Your email address will not be published. Required fields are marked *