Categories
local news news

എസ്.ബി.ഐ മുന്‍ ഉദ്യോഗസ്ഥന്‍റെ വീട് കുത്തിത്തുറന്ന് 23 പവന്‍ സ്വർണം കവര്‍ന്നു; രണ്ടുലക്ഷം രൂപ വിലവരുന്ന വജ്രവും നഷ്‌ടമായി, പോലീസ് അന്വേഷണം തുടങ്ങി

വിരലടയാള വിദഗ്ദ്ധരും ഫോറൻസിക് സംഘവും പരിശോധിച്ചു

കാസർകോട്: പെരിങ്ങോം, മാതമംഗലത്ത് എസ്.ബി,ഐ മുൻ ഉദ്യോഗസ്ഥൻ്റെ വീട് കുത്തിത്തുറന്ന് 23 പവൻ സ്വർണാഭരണങ്ങളും രണ്ടരലക്ഷം രൂപ വിലവരുന്ന വജ്രവും കവർന്നു. മാതമംഗലം പാണപ്പുഴ റോഡിലെ ജയപ്രസാദിൻ്റെ വീട്ടിലാണ് കവർച്ച നടന്നത്. ജയപ്രസാദും ഭാര്യ ദീപയും ആയുർവേദ ചികിത്സക്കായി തളിപ്പറമ്പിനടുത്ത് ആശുപത്രിയിൽ ആയിരുന്നു.

സമീപത്തെ വീട്ടിലെ നിരീക്ഷണ കാമറയിൽ മോഷ്ടക്കാളുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. ബുധനാഴ്‌ച പുലർച്ചെ മൂന്നിനും 3.45നും ഇടയിലാണ് സംഭവം. ഇരുചക്ര വാഹനത്തിൽ എത്തിയ രണ്ടുപേർ ടോർച്ചുമായി വീട്ടിലേക്ക് വരുന്നതും പോകുന്നതുമായ ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്.

വീടിൻ്റെ മുൻവശത്തെ വാതിൽ കുത്തിത്തുറന്നാണ് മോഷ്ടാക്കൾ അകത്തു കടന്നത്. തുടർന്ന് അലമാരയിൽ ഉണ്ടായിരുന്ന സ്വർണാഭരണങ്ങളും വജ്രവും മോഷ്‌ടിക്കുകയുമായിരുന്നു.

വീട്ടുകാർ ആശുപത്രിയിൽ ആയതിനാൽ വീട്ടിലെ ലൈറ്റ് ഓഫ് ചെയ്യാൻ വേണ്ടി വന്നപ്പോഴാണ് വാതിൽ കുത്തിത്തുറന്ന നിലയിൽ കണ്ടത്. ഉടൻ ജയപ്രസാദിനെ അറിയിച്ചു. പെരിങ്ങോം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

വീടിൻ്റെ വാതിൽ പൊളിക്കാൻ ഉപയോഗിച്ചതെന്ന് കരുതുന്ന മൺവെട്ടിയും കത്രികയും വീടിന് സമീപം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിട്ടുണ്ട്. വിരലടയാള വിദഗ്ദ്ധരും ഫോറൻസിക് സംഘവും പരിശോധിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

0Shares

Leave a Reply

Your email address will not be published. Required fields are marked *