Categories
Kerala local news news obitury

ബേഡകത്തെ നടുക്കി യുവാക്കളുടെ മരണം; വിനോദ യാത്രയ്ക്കായി എത്തി അന്ത്യയാത്രയായി

സുഹൃത്തുക്കളോടൊപ്പമാണ് ഇവർ പുഴയിൽ കുളിക്കാനിറങ്ങിയത്

ബേഡകം / കാസർകോട്: കരിച്ചേരി പുഴയിൽ മുങ്ങി മരിച്ച യുവാക്കളുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം അവരുടെ നാട്ടിലേക്ക് കൊണ്ടുപോകും. ബുധനാഴ്‌ച വൈകുന്നേരം നാലുമണിയോടെ കരിച്ചേരി പുഴയിൽ കാണാതായ കൊല്ലം, തിരുവനന്തപുരം സ്വദേശികളായ യുവാക്കളുടെ മൃതദേഹങ്ങൾ ഏഴര മണിക്കൂർ നീണ്ട തെരച്ചിലിന് ഒടുവിലാണ് അർദ്ധരാത്രി 11.30 മണിയോടെ കണ്ടെത്തിയത്.

ബേഡകം മുനമ്പം കല്ലളിയിലെ ശ്രീവിഷ്ണുവിൻ്റെ സുഹൃത്തുക്കളായ കൊല്ലം സ്വദേശി വിജിത്ത് (23), തിരുവനന്തപുരം കടയ്ക്കാവൂർ സ്വദേശി രഞ്ജു (24) എന്നിവരാണ് കരിച്ചേരി പുഴയിൽ കുളിക്കുന്നതിനിടെ മുങ്ങി മരിച്ചത്. സുഹൃത്തുക്കളോടൊപ്പമാണ് ഇവർ പുഴയിൽ കുളിക്കാനിറങ്ങിയത്. കരിച്ചേരി പുഴയിൽ മുനമ്പം ഭാഗത്താണ് ഇവർ കുളിക്കുന്നതിനിടെ പുഴയിൽ മുങ്ങിയത്.

സെപ്തംബർ 25 നാണ് യുവാക്കൾ വിനോദ യാത്രയ്ക്കായി കാസർകോട്ടെത്തിയത്. ബേഡകം മുനമ്പം കല്ലളിയിലെ ശ്രീവിഷ്ണു, കുമ്പളയിലെ അബ്ദുൾ സിനാൻ, തിരുവനന്തപുരത്തെ വൈശാഖ്, പരവനടുക്കത്തെ വിഷ്ണു എന്നിവരടങ്ങുന്ന സുഹൃദ സംഘം ഗോവയിൽ ടൂർ കഴിഞ്ഞശേഷം തിരിച്ച് ബുധനാഴ്‌ച രാവിലെ റാണിപുരത്തെത്തി.

വൈകുന്നേരം മൂന്നുമണിയോടെ ശ്രീവിഷ്ണുവിൻ്റെ വീട്ടിലെത്തിയ യുവാക്കൾ കുളി കഴിഞ്ഞ് വൈകുന്നേരത്തെ മലബാർ എക്സ്പ്രസ്സിന് നാട്ടിലേക്ക് തിരികെ പോകാനിരുന്നതായിരുന്നു. ബേഡകം പോലീസ്, ഫയർഫോഴ്സ്, മേൽപ്പറമ്പ് പോലീസ് എന്നിവർ സംയുക്തമായി നടത്തിയ തെരച്ചിലിന് ഒടുവിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.

0Shares

Leave a Reply

Your email address will not be published. Required fields are marked *