Categories
ക്ഷേത്രത്തിലും വീടുകളിലും കവര്‍ച്ച; പ്രതികള്‍ക്കായി ഒരേസമയം 12 ലോഡ്‌ജുകളില്‍ പൊലീസ് മിന്നല്‍ പരിശോധന നടത്തി
പ്രതികളെ കിട്ടുമെന്ന പ്രതീക്ഷയിലാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്
Trending News
കാസർകോട്: മഞ്ചേശ്വരത്ത് വീട് കുത്തിത്തുറന്ന് സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്ന കേസിലും കുമ്പള നായിക്കാപ്പ് ക്ഷേത്രത്തിലെ വിഗ്രഹവും ക്ഷേത്രമുതലും കവരാന്‍ ശ്രവിച്ച കേസിലും പ്രതികള്‍ക്ക് വേണ്ടി വ്യാപക തിരച്ചിൽ. കാസര്‍കോട് ഡി.വൈ.എസ്.പി. പി.കെ സുധാകരൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കാസര്‍കോട്ട് ഒരേസമയം 12 ലോഡ്‌ജുകളിൽ മിന്നല്‍ പരിശോധന നടത്തി. പരിശോധനയില്‍ ലോഡ്‌ജിൽ മുറികള്‍ എടുത്ത് കഞ്ചാവും എം.ഡി.എം.എ മയക്കുമരുന്നും ഉപയോഗിക്കുകയായിരുന്ന നാല് പേരെ അറസ്റ്റ് ചെയ്‌തു.
Also Read
മഞ്ചേശ്വരം കുന്നിലെ ഹമീദ് എന്ന ഹാദി തങ്ങളുടെ വീട്ടില്‍ നിന്ന് 45 പവന്‍ സ്വര്‍ണ്ണാഭരണങ്ങളും ഒന്നേക്കാല്‍ ലക്ഷം രൂപയുമാണ് കഴിഞ്ഞ ദിവസം കൊള്ളയടിച്ചത്. നായിക്കാപ്പ് ശ്രീചീരുംബ ഭഗവതി നാരായണ മംഗള ക്ഷേത്രത്തില്‍ നിന്ന് പ്രഭാവലി വിഗ്രഹവും വിഗ്രഹത്തിന് ചാര്‍ത്തിയ സ്വര്‍ണമാലയും മൂന്നരകിലോ വെള്ളി ആഭരണങ്ങളുമാണ് കവരാന്‍ ശ്രമം നടത്തിയത്.
ഹാദി തങ്ങളുടെ വീട്ടില്‍ ബുധനാഴ്‌ച രാത്രിയും നായിക്കാപ്പ് ക്ഷേത്രത്തില്‍ വ്യാഴാഴ്‌ച രാത്രിയുമാണ് കവര്‍ച്ച നടന്നത്. രണ്ട് കവര്‍ച്ച കേസുകളിലെ പ്രതികള്‍ക്ക് വേണ്ടിയാണ് പൊലീസ് സംഘം ശനിയാഴ്‌ച രാവിലെ മുതല്‍ കാസര്‍കോട്ടെ ലോഡ്‌ജുകളിൽ മിന്നല്‍ പരിശോധന നടത്തിയത്. പരിശോധനയില്‍ കാസര്‍കോട്, വിദ്യാനഗര്‍ സ്റ്റേഷനുകളിലെ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരും എസ്.ഐമാരും പങ്കെടുത്തു.
അതേസമയം, ഹാദി തങ്ങളുടെ വീട്ടില്‍ വിരലടയാള വിദഗ്‌ധർ നടത്തിയ പരിശോധനയില്‍ 15 വിരലടയാളങ്ങളും നായിക്കാപ്പ് ക്ഷേത്രത്തില്‍ നിന്ന് ഏഴ് വിരലടയാളങ്ങളും ലഭിച്ചു.
നായിക്കാപ്പ് ക്ഷേത്ര പൂജാരി ശനിയാഴ്‌ച പുലര്‍ച്ചെ എത്തിയപ്പോഴാണ് മുന്‍വശത്തെ വാതില്‍ തകര്‍ത്ത നിലയില്‍ കാണുന്നത്. വിവരമറിഞ്ഞ് കുമ്പള പൊലീസ് സ്ഥലത്തെത്തി വിരലടയാള വിദഗ്‌ധർ എത്തുംവരെ ഭക്തരെ അകത്ത് പ്രവേശിപ്പിക്കുന്നത് വിലക്കിയിരുന്നു. പതിനൊന്നര മണിയോടെയാണ് വിരലടയാള വിദഗ്‌ധരെത്തി പരിശോധന നടത്തിയത്.
അതിനിടെയാണ് ക്ഷേത്രത്തില്‍ നിന്ന് നഷ്ടപ്പെട്ടുവെന്ന് കരുതിയ വിഗ്രഹത്തിലെ പ്രഭാവലിയും വിഗ്രഹത്തില്‍ ചാര്‍ത്തിയ ആറ് പവന്‍ സ്വര്‍ണ്ണ മാലയും മൂന്നരക്കിലോ വെള്ളി ആഭരണങ്ങളും ക്ഷേത്രത്തിനകത്ത് തന്നെ ഒരിടത്തായി കണ്ടെത്തിയത്. ക്ഷേത്രത്തിന് ചുറ്റും ആള്‍താമസമുണ്ട്. കവര്‍ച്ചാ സംഘം കവര്‍ച്ച നടത്തി മടങ്ങുന്നതിനിടെ സമീപത്തെ വീട്ടുകാരുടെ ശബ്ദം കേട്ട് കവര്‍ന്ന വസ്‌തുക്കൾ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു എന്നാണ് പൊലീസ് സംശയിക്കുന്നത്.
മഞ്ചേശ്വരത്തെ ഹാദി തങ്ങളുടെ വീട്ടിലെ കവര്‍ച്ചയ്ക്ക് പിന്നില്‍ വീടുമായി അടുത്ത ബന്ധമുള്ള ഒരു യുവാവെന്നാണ് പൊലീസ് സംശയിക്കുന്നത്. ഈ യുവാവിനെ പൊലീസ് തിരയുന്നു. വീട്ടുകാര്‍ ഒരാഴ്‌ച മുമ്പ് വീട് പൂട്ടി ഏര്‍വാടി ദര്‍ഗയില്‍ പോയിരുന്നു. വ്യാഴാഴ്‌ച വൈകിട്ട് തിരിച്ചെത്തിയപ്പോഴാണ് വീടിൻ്റെ പിറക് വശത്തെ വാതില്‍ തകര്‍ത്ത നിലയില്‍ കാണുന്നത്. വീടിൻ്റെ താഴത്തെ നിലയിലെ മൂന്ന് അലമാരകള്‍ താക്കോല്‍ ഉപയോഗിച്ച് തുറന്നാണ് പണവും ആഭരണങ്ങളും കവര്‍ന്നത്. യുവാവിനെ പിടികൂടി ചോദ്യം ചെയ്‌താൽ പ്രതികളെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ കിട്ടുമെന്ന പ്രതീക്ഷയിലാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്.
Sorry, there was a YouTube error.