Categories
channelrb special Kerala national news tourism

മിന്നല്‍ പ്രളയത്തിനും ഉരുള്‍പ്പൊട്ടലിനും സാധ്യത; ഒരാഴ്‌ച അതിതീവ്രമഴ, സംസ്ഥാനത്ത് ജാഗ്രത നിർദ്ദേശം

ബംഗാള്‍ ഉള്‍ക്കടലില്‍ വരും ദിവസങ്ങളില്‍ രണ്ട് ന്യൂനമര്‍ദ്ദവും രൂപപ്പെടും

തിരുവനന്തപുരം: മിന്നല്‍ പ്രളയത്തിനും ഉരുള്‍പൊട്ടലിനും വരെ കാരണമാകുന്ന അതിതീവ്രമഴ അടുത്ത ദിവസങ്ങളില്‍ ഉണ്ടാകുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. മധ്യകേരളത്തിലും, വടക്കന്‍ കേരളത്തിലുമാണ് അതിതീവ്ര മഴയ്ക്ക് സാധ്യത. രണ്ടാഴ്‌ചയായി കാലവര്‍ഷം കുറവായിരുന്നു.

മണ്‍സൂണ്‍ മഴപ്പാത്തി വടക്കോട്ട് സഞ്ചരിക്കുന്നതിനാല്‍ ഉണ്ടായ മണ്‍സൂണ്‍ ബ്രേക്കാണ് മഴ കുറച്ചത്. ഇതുമാറി മഴപ്പാത്തി തിരിച്ച്‌ തെക്കോട്ട് വന്നതിനാല്‍ തെക്ക് പടിഞ്ഞാറന്‍ കാറ്റ് ശക്തമായി. ബംഗാള്‍ ഉള്‍ക്കടലില്‍ വരും ദിവസങ്ങളില്‍ രണ്ട് ന്യൂനമര്‍ദ്ദവും രൂപപ്പെടും.

ഇതിൻ്റെയെല്ലാം ഫലമായാണ് മഴ തീവ്രമാകുന്നത്. ചുരുങ്ങിയ സമയത്തിനകം കനത്ത മഴ പെയ്യും.

ആഗസ്റ്റ് 5 വരെ അതിതീവ്ര മഴ

(20 സെന്റിമീറ്രറിന് മുകളില്‍)

ആഗസ്റ്റ് 2- പത്തനംതിട്ട, കൊല്ലം

ആഗസ്റ്റ് 3- എറണാകുളം, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം

ആഗസ്റ്റ് 4 – കണ്ണൂര്‍, മലപ്പുറം, പാലക്കാട്‌, കോഴിക്കോട്, തൃശൂര്‍, എറണാകുളം, ഇടുക്കി

അതിശക്തമായ മഴ

(12 മുതല്‍ 20 സെന്റിമീറ്റര്‍ വരെ)

ആഗസ്റ്റ് 2- തൃശൂര്‍, എറണാകുളം, ഇടുക്കി, ആലപ്പുഴ, കോട്ടയം

ആഗസ്റ്റ് 3- കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട്‌, തൃശൂര്‍, കൊല്ലം, തിരുവനന്തപുരം

ആഗസ്റ്റ് 4 – കാസര്‍കോട്, വയനാട്, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട

മിന്നല്‍ പ്രളയവും ഉരുള്‍പൊട്ടലും

മഴ ശക്തമായാല്‍ മലയോര മേഖലകളില്‍ ഉരുള്‍പ്പൊട്ടലും പെട്ടെന്ന് നദികളില്‍ വെള്ളം പൊങ്ങുകായും ചെയ്യാൻ ഇടയുണ്ട്. കഴിഞ്ഞ രണ്ട് വര്‍ഷവും ഇത്തരത്തിൽ സംഭവിച്ചിരുന്നു.

കടലില്‍ പോകരുത്

ആഗസ്റ്റ് നാലുവരെ അറബിക്കടലിലും സമീപ പ്രദേശങ്ങളിലും കടല്‍ പ്രക്ഷുബ്ധമാവാനും ഉയര്‍ന്ന തിരമാലയ്‌ക്കും സാദ്ധ്യത ഉള്ളതിനാല്‍ മത്സ്യബന്ധനം നിരോധിച്ചു.

അറബിക്കടലില്‍ ഒരു മീറ്ററിലേറെ ഉയരമുള്ള തിരമാല അടിക്കാം. ട്രോളിംഗ് നിരോധനം കഴിഞ്ഞ് കടലില്‍ പോകാന്‍ നില്‍ക്കുന്ന വറുതിയിലാകുമെന്ന ആശങ്കയിലാണ് മത്സ്യത്തൊഴിലാളികള്‍.

ഒരാഴ്‌ച കഴിഞ്ഞ് മഴ കുറയും

പടിഞ്ഞാറന്‍ കാറ്റിൻ്റെ ശക്തി ഒരാഴ്‌ച കഴിഞ്ഞ് ക്രമേണ കുറയുകയും മഴ സാധാരണ നിലയിൽ എത്തുകയും ചെയ്യും. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം ശക്തമായ മഴ പെയ്യിക്കും. അത് ശക്തിപ്രാപിച്ച്‌ ചുഴലിക്കാറ്റാകില്ലെന്നും അറിയിപ്പിൽ പറയുന്നു.

കണ്‍ട്രോള്‍ റൂം തുറന്നു

സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പ്രത്യേക കണ്‍ട്രോള്‍ റൂം തുറന്നു. ഏഴു വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ ഈ എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്‍ററില്‍ ഏകോപിച്ച്‌ പ്രവര്‍ത്തിക്കും. ഇറിഗേഷന്‍, കെഎസ്‌ഇബി, മോട്ടോര്‍ വെഹിക്കിള്‍, ഫയര്‍ ആന്‍ഡ് റെസ്ക്യൂ, പോലീസ്, ഐ.എം.പി.ആര്‍.ഡി, ഫിഷറീസ് വകുപ്പുകള്‍ക്ക് പുറമെ സിവില്‍ ഡിഫന്‍സ് സേനയും എമര്‍ജന്‍സി സെന്‍റര്‍ ഭാഗമായിരിക്കും. നിലവിലുള്ള എന്‍.ഡി.ആര്‍.എഫിനെ കൂടാതെ എറണാകുളം കോട്ടയം, കൊല്ലം, മലപ്പുറം, ജില്ലകളിലേക്ക് പ്രത്യേക ടീമുകള്‍ നിയോഗിക്കും .ചെന്നൈയിലെ ആര്‍ക്കോണത്തുള്ള എന്‍.ഡി.ആര്‍.എഫ് മേഖല ആസ്ഥാനത്ത് നിന്നായിരിക്കും ടീമുകളെ അയക്കുക .ജില്ലാ തല എമര്‍ജന്‍സി കേന്ദ്രങ്ങളും ജാഗ്രത പുലര്‍ത്തുന്നുണ്ട്.

0Shares

Leave a Reply

Your email address will not be published. Required fields are marked *