Categories
news

ഇടപ്പളളി പോണേക്കര ഇരട്ടകൊലപാതകം; 17 വർഷങ്ങൾക്ക് ശേഷം റിപ്പർ ജയാനന്ദനെ ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തു

2004ൽ വൃദ്ധരായ സഹോദരങ്ങളെ തലയ്ക്കടിച്ച് കൊലപ്പെടുത്തി 40 പവൻ കവർന്ന സംഭവമാണ് പോണേക്കര കൊലക്കേസ്.

ഇടപ്പളളി പോണേക്കര ഇരട്ടകൊലപാതകത്തിൽ 17 വർഷങ്ങൾക്ക് ശേഷം റിപ്പർ ജയാനന്ദനെ ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തു. എ.ഡി.ജി.പി എസ്.ശ്രീജിത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് നിർണായക വിവരം പുറത്തുവിട്ടത്. പുത്തൻവേലിക്കരയിൽ സ്ത്രീയെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷ ജീവപര്യന്തമാക്കി ഇളവ് ചെയ്തു ലഭിച്ച് ജയിലിൽ കഴിയുന്നതിനിടെയായിരുന്നു അറസ്റ്റ്.

സഹ തടവുകാരുമായി വിവരങ്ങൾ പങ്കുവച്ചതാണ് കേസിനു തുമ്പായത്. 2004ൽ വൃദ്ധരായ സഹോദരങ്ങളെ തലയ്ക്കടിച്ച് കൊലപ്പെടുത്തി 40 പവൻ കവർന്ന സംഭവമാണ് പോണേക്കര കൊലക്കേസ്. 74കാരിയും സഹോദരനുമാണ് അന്ന് കൊലചെയ്യപ്പെട്ടത്. പോണേക്കര കോശേരി ലെയിനിൽ വി.നാണിക്കുട്ടി അമ്മാൾ(73), രാജൻ എന്ന ടി.വി നാരായണ അയ്യർ (60) എന്നിവരാണ് കൊല്ലപ്പെട്ടത്.

ടി.വി. നാരായണനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ശേഷം വൃദ്ധയെ ഇയാൾ ലൈംഗികമായി ഉപദ്രവിച്ചിരുന്നു. കളമശേരി പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയെങ്കിലും കാര്യമായ ഫലം കണ്ടില്ല. പോസ്റ്റ്മോർട്ടത്തിൽ സ്ത്രീക്ക് തലയിലും മുഖത്തുമായി 12 മുറിവുകളും മൂക്കിൻ്റെ അസ്ഥിക്കു പൊട്ടലും ഉണ്ടായെന്നു കണ്ടെത്തിയിരുന്നു. തലയ്ക്കും മുഖത്തുമേറ്റ മുറിവുകളായിരുന്നു മരണ കാരണം. സംഭവ ദിവസം ഇയാളെ പ്രദേശത്ത് കണ്ടതായി കേസിലെ സാക്ഷികൾ തിരിച്ചറിഞ്ഞു.

അവർ നൽകിയ വിവരണവും കേസന്വേഷണത്തെ സഹായിച്ചതായി പൊലീസ് അറിയിച്ചു. ചോദ്യം ചെയ്യലിൽ ജയാനന്ദൻ കുറ്റം സമ്മതിച്ചതായും ഡിസംബർ 24ന് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയതായും എ.ഡി.ജി.പി എസ്.ശ്രീജിത്ത് അറിയിച്ചു. ഏഴ് കൊലക്കേസിലും പതിനാല് മോഷണ കേസിലും പ്രതിയായ റിപ്പർ ജയാനന്ദൻ തടവിലിരിക്കെ ജയിൽ ചാടിയശേഷം പിടിയിലായിട്ടുണ്ട്. മാള ഇരട്ടകൊലക്കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടെങ്കിലും ഹൈക്കോടതി അത് ജീവപര്യന്തമായി കുറച്ചിരുന്നു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest