Categories
health Kerala news

ആയുസ്സ് കൂട്ടുന്ന അവല്‍; എല്ലിനും പല്ലിനും ബലം നല്‍കുന്നു, സ്വാദിഷ്ടമായ അവലും മലരും അടിപൊളിയായി തയ്യാറാക്കാം, പഴവും കൂടി ഉണ്ടെങ്കില്‍ ചേർക്കാം

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ കഴിയും

നെല്ലില്‍ നിന്നാണ് അവല്‍ അഥവാ അവില്‍ ഉണ്ടാക്കുന്നത്. ധാരാളം ഔഷധ ഗുണങ്ങളുള്ള ഒന്നാണ് അവല്‍. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ക്കുവരെ ഏറെ പ്രിയപ്പെട്ടതാണ് അവല്‍ വിളയിച്ചതും, അവല്‍ കൊണ്ട് ഉണ്ടാക്കുന്ന പലഹാരങ്ങളും. സ്വാദിഷ്ടമാണ് എന്നതിനപ്പുറം ആരോഗ്യ ഗുണങ്ങള്‍ കൊണ്ടും സമ്പുഷ്ടമാണ് ഇത്. എല്ലിനും പല്ലിനും ബലം നല്‍കുന്ന പോഷകങ്ങള്‍ അവലില്‍ അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ അവല്‍ പ്രായമായവരും കുട്ടികളും കഴിക്കുന്നത് ഒരു പോലെ നല്ലതാണ്.

ഫൈബറിൻ്റെ കലവറയാണ് അവല്‍. ശരീരത്തിലെ മാലിന്യങ്ങളെ ദിവസവും ഇളക്കി കളയാന്‍ അവലിന് സാധിക്കും. കുടലിലെ ക്യാന്‍സര്‍ പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങളെ അകറ്റാനും അവലിന് കഴിവുണ്ട്. പ്രഭാതഭക്ഷണത്തില്‍ അവല്‍ ഉള്‍പ്പെടുത്തിയാല്‍ സ്‌ട്രോക്കിനുള്ള സാധ്യത ഒഴിവാക്കാം.

ഇതിലടങ്ങയിരിക്കുന്ന ഫൈബര്‍ കാര്‍ഡിയോ വാസ്‌ക്യുലാര്‍ രോഗത്തെ തടയുന്നു. ഫൈബര്‍ ധാരാളം അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ വയറ്റിലെ പ്രശ്‌നങ്ങള്‍ക്കും മികച്ച ഭക്ഷണമാണിത്. മലബന്ധം കൊണ്ട് കഷ്ടപ്പെടുന്നവര്‍ അവല്‍ കഴിക്കുന്നത് നല്ലതാണ്.

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ അവലിന് കഴിയും. അതുപോലെ വൈറ്റമിന്‍സിൻ്റെയും മിനറല്‍സിൻ്റെയും കലവറയാണിത്. വൈറ്റമിന്‍ എ, ബി1, ബി2, ബി3, ബി6, ഡി, ഇ എന്നിവയും അയണ്‍, കാത്സ്യം, ഫോസ്‌ഫറസ്, സിങ്ക്, കോപ്പര്‍, മഗ്നീഷ്യം എന്നിവയും ഇതില്‍ അടങ്ങിയിരിക്കുന്നു. അല്‍ഷിമേഴ്‌സ് വരാനുള്ള സാധ്യത കുറയ്‌ക്കാനും അവല്‍ സഹായിക്കും.

അവല്‍ പോലെ തന്നെ ആരോഗ്യ ഗുണങ്ങളാല്‍ സമ്പുഷ്ടമാണ് മലരും. മലർ ഇട്ട് തിളപ്പിച്ച വെള്ളം ആയുര്‍വേദ വിധിപ്രകാരം പല രോഗങ്ങള്‍ക്കുമുള്ള മരുന്നാണ്. കാര്‍ബോ ഹൈഡ്രേറ്റുകള്‍, കാത്സ്യം, പ്രോട്ടീന്‍, മഗ്നീഷ്യം, അയണ്‍, ഫൈബര്‍ എന്നിവ ധാരാളമായി മലരില്‍ അടങ്ങിയിട്ടുണ്ട്. പ്രമേഹ രോഗികള്‍ക്കും അമിത കൊളസ്‌ട്രോള്‍ ഉള്ളവര്‍ക്കും മലരിട്ട് തിളിപ്പിച്ച വെള്ളം കുടിക്കാം. ക്ഷീണത്തിന് ഏറ്റവും മികച്ച പരിഹാരമാണ് മലരിട്ട് തിളപ്പിച്ച വെള്ളം. കരിക്കിന്‍ വെള്ളത്തിന് പകരമായി ഇത് കണക്കാക്കാറുണ്ട്.

വയറിനുള്ള അസ്വസ്ഥതകള്‍ മാറ്റി ശരീരം തണുപ്പിക്കാന്‍ മലർ വെള്ളം സഹായിക്കും. പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു. അതേപോലെ വാര്‍ദ്ധക്യത്തെ അകറ്റി നിര്‍ത്താന്‍ ഏറ്റവും നല്ല പ്രതിവിധിയാണിത്. ഗര്‍ഭകാലത്തെ ഛര്‍ദ്ദിക്ക് നല്ല പരിഹാരമാണിത്. എല്ലിൻ്റെയും പല്ലിൻ്റെയും ആരോഗ്യത്തിന് ഉത്തമമാണ് അവല്‍. ആന്റിഓക്‌സിഡന്റുകള്‍ ധാരാളം ഇതില്‍ അടങ്ങിയിരിക്കുന്നു. മുഖക്കുരു പോലെയുള്ള ചര്‍മ പ്രശ്‌നങ്ങള്‍ക്കും അവല്‍ പരിഹാരമാണ്.

സ്വാദിഷ്ടമായ അവല്‍ വിഭവം

പാനില്‍ അല്‍പ്പം നെയ്യ് ചൂടാക്കി തേങ്ങാക്കൊത്ത്, എള്ള്, പൊരികടല എന്നിവ ചൂടാക്കി മാറ്റി വയ്‌ക്കുക. ഇനി മറ്റൊരു ഉരുളി എടുത്ത് ശര്‍ക്കരപ്പാനി ഒഴിച്ച്‌ തിളപ്പിക്കുക. ഇത് വെട്ടിത്തിളയ്‌ക്കുമ്പോള്‍ അല്‍പ്പം തേങ്ങ ചിരകിയത് ഇട്ട് തുടരെ ഇളക്കണം. തേങ്ങയിലെ വെള്ളം വറ്റി പാനി നൂല്‍ പരുവമാകുമ്പോള്‍ ഉരുളി അടുപ്പിൽ നിന്നും ഇറക്കി വയ്‌ക്കുക. ഇതിലേക്ക് അവല്‍ ചേര്‍ത്ത് ഇളക്കുക. നന്നായി യോജിപ്പിച്ച ശേഷം ഇതില്‍ ഏലയ്‌ക്കാപ്പൊടിയും നെയ്യില്‍ മൂപ്പിച്ച ചേരുവകളും ചേര്‍ത്ത് ഇളക്കുക. ഇതിലേക്ക് ചെറുപഴം കൂടി അരിഞ്ഞ് ചേര്‍ത്ത് കഴിക്കാവുന്നതാണ്.

0Shares

Leave a Reply

Your email address will not be published. Required fields are marked *