Categories
education local news news

പൊതുവിദ്യാഭ്യാസ സംരക്ഷണ യജഞം; അക്കാദമിക നിലവാരത്തിലും അടിസ്ഥാന സൗകര്യ- വികസന മേഖലയിലും വിപ്ലവകരമായ മാറ്റങ്ങൾ

വിദ്യാഭ്യാസ വിപ്ലവത്തിൻ്റെ നേർസാക്ഷിയാണ് പാണ്ടിയിലെ സ്‌കൂളെന്നും വിദ്യാഭ്യാസമന്ത്രി

അടൂർ / കാസർകോട്: പൊതുവിദ്യാലയങ്ങളെ മികവിൻ്റെ കേന്ദ്രങ്ങളാക്കുക എന്നത് എൽ.ഡി.എഫ് സർക്കാരിൻ്റെ പ്രഖ്യാപിത ലക്ഷ്യമാണെന്നും ഈ ലക്ഷ്യം മുൻ നിർത്തിയുള്ള പ്രവർത്തനമാണ് സർക്കാർ നടത്തുന്നതെന്നും വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. ദേലംപാടി പഞ്ചായത്തിലെ പാണ്ടി ഗവ.ഹയർ സെക്കണ്ടറി സ്‌കൂൾ കെട്ടിടോദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. മൂന്നുകോടി രൂപ ചെലവിൽ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻ്റെ ഭാഗമായി നിർമിച്ച കെട്ടിടമാണ് ഉദ്ഘാടനം ചെയ്തത്. സി.എച്ച് കുഞ്ഞമ്പു എം.എൽ.എ അധ്യക്ഷനായി.

പൊതുവിദ്യാഭ്യാസ ധാരയെ ശക്തിപ്പെടുത്തുമ്പോൾ രണ്ട് തരത്തിലുള്ള മാറ്റങ്ങൾ ഉണ്ടാകും. ഒന്ന് സാധാരണക്കാരുടെ മക്കൾ പഠിക്കുന്ന സ്‌കൂളുകൾ മെച്ചപ്പെടുകയും അവിടുത്തെ അക്കാദമിക നിലവാരം ഉയരുകയും ചെയ്യും. രണ്ട് സ്വകാര്യ മേഖലയിലെ സ്‌കൂളുകൾക്ക് സമാന്തരമായി നിലവാരം ഉയർത്തേണ്ടി വരുമെന്ന് മന്ത്രി പറഞ്ഞു.

കേന്ദ്രവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ പെർഫോർമൻസ് ഗ്രേഡിങ് ഇൻഡക്സിൽ ഇത്തവണയും കേരളമാണ് ഒന്നാം സ്ഥാനത്ത്. കോവിഡ് കാലത്ത് കേരളം നടത്തിയ സമാനതകളില്ലാത്ത വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരം കൂടിയാണിത്. ഒന്നാം പിണറായി സർക്കാർ കൊണ്ടുവന്ന പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞവും രണ്ടാം പിണറായി സർക്കാർ കൊണ്ടുവന്ന വിദ്യാകിരണം പദ്ധതിയും നമ്മുടെ പൊതുവിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യ വികസന മേഖലയിലും അക്കാദമിക നിലവാരത്തിലും വിപ്ലവകരമായ മാറ്റങ്ങൾ ഉണ്ടാക്കി. ആ മാറ്റങ്ങളുടെ ഒരു ഉദാഹരണമാണ് ഈ സ്‌കൂളും.

കേരള സർക്കാർ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻ്റെ ഭാഗമായി 2018 -19 സാമ്പത്തിക വർഷത്തിൽ അനുവദിച്ച് മൂന്നുകോടി രൂപ ചിലവിലാണ് ഗവർമെണ്ട് ഹയർ സെക്കണ്ടറി സ്‌കൂൾ പാണ്ടിയിലെ കെട്ടിടം പണി പൂർത്തീകരിച്ചിരിക്കുന്നത്. മലയോര മേഖലയിൽ വിദ്യാഭ്യാസ വിപ്ലവത്തിൻ്റെ നേർസാക്ഷിയാണ് പാണ്ടിയിലെ സ്‌കൂളെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞു.

0Shares

Leave a Reply

Your email address will not be published. Required fields are marked *