Categories
national news trending

6.6 കോടി വർഷം പഴക്കമുള്ള 256 മുട്ടകളും 92 കൂടുകളും; നർമ്മദാ താഴ്വരയിൽ ദിനോസർ കോളനി കണ്ടെത്തി ഗവേഷകർ

യാതൊരു കേടുപാടുകളും കൂടാതെ ഈ മുട്ടകളെല്ലാം മികച്ച രീതിയിൽ സംരക്ഷിക്കപ്പെട്ടിരുന്നുവെന്നും ഇവയ്ക്ക് 15 മുതൽ 17 സെന്റീമീറ്റർ വരെ വലിപ്പമുണ്ടെന്നും ഗവേഷകർ

രാജ്യത്ത് വമ്പൻ ദിനോസർ കോളനി കണ്ടെത്തി ഗവേഷകർ. മധ്യപ്രദേശിലെ നർമ്മദാ താഴ്വരയിലാണ് ഈ ദിനോസർ കോളനി. ധാർ ജില്ലയിലെ ബാഗ്, കുക്ഷി മേഖലകളിൽ നിന്നും കണ്ടെത്തിയ ഈ ഫോസിലുകളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പി.എൽ.ഒ.എസ് വൺ എന്ന ജേണലിൽ ആണ് ഗവേഷകർ പ്രസിദ്ധീകരിച്ചത്.

ടൈറ്റനോസോർസ് വിഭാഗത്തിൽപ്പെട്ട ദിനോസറുകളുടെ 256 മുട്ടകളും 92 കൂടുകളും ആണ് കണ്ടെത്തിയത്. ഡൽഹി സർവകലാശാലയിലെയും മോഹൻപുർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷനിലെയും ഗവേഷകരുടെ നേതൃത്വത്തിലുള്ള സംഘമാണ് കണ്ടെത്തൽ നടത്തിയത്.92 പ്രജനന സ്ഥലങ്ങളിൽ നിന്നായി കണ്ടെത്തിയ മുട്ടകൾക്ക് 6.6 കോടി വർഷം പഴക്കമുണ്ടെന്നാണ് ഗവേഷകർ പറയുന്നത്.

യാതൊരു കേടുപാടുകളും കൂടാതെ ഈ മുട്ടകളെല്ലാം മികച്ച രീതിയിൽ സംരക്ഷിക്കപ്പെട്ടിരുന്നുവെന്നും ഇവയ്ക്ക് 15 മുതൽ 17 സെന്റീമീറ്റർ വരെ വലിപ്പമുണ്ടെന്നും ഗവേഷകർ വ്യക്തമാക്കി. ദിനോസറുകളുടെ പുനരുൽപാദനം, അവയുടെ കൂടുകൂട്ടി താമസിക്കുന്ന സ്വഭാവം, ദിനോസറുകളും ഉരഗങ്ങളും തമ്മിലുള്ള ബന്ധം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ഒക്കെയുള്ള പുതിയ പഠനങ്ങൾക്ക് തുടക്കം കുറിക്കാൻ ഈ കണ്ടെത്തൽ സഹായകരമാകും എന്നാണ് ഗവേഷകർ കരുതുന്നത്.

സൗരോപോഡ് ദിനോസറുകളുടെ മറ്റൊരു ഗ്രൂപ്പായ ടൈറ്റനോസോർസ് ദിനോസറുകളുടേതാണ് കണ്ടെത്തിയ മുട്ടകൾ. സസ്യഭുക്കുകളായ ഭീമൻ ദിനോസറുകളാണ് ടൈറ്റാനോസെറസ്. ഏകദേശം 40 ഇനം ടൈറ്റനോസറുകൾ ഉണ്ട്. ഇവിടെ നിന്നും കണ്ടെത്തിയ മുട്ടകളിൽ 6 വ്യത്യസ്ത ഇനം ടൈറ്റനോസറുകളുടെ മുട്ടകൾ ഗവേഷകർ തിരിച്ചറിഞ്ഞിട്ടുണ്ട്.

0Shares

Leave a Reply

Your email address will not be published. Required fields are marked *