Categories
local news

വനത്തില്‍ ഉരുള്‍പൊട്ടിയതായി സംശയം; വെള്ളരിക്കുണ്ട് താലൂക്കിലെ ചുള്ളിയിൽ ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചു; അടിയന്തിര സാഹചര്യങ്ങള്‍ നേരിടാന്‍ സജ്ജം

ബളാല്‍ വില്ലേജിലെ ചുള്ളി മേഖലയില്‍ വനത്തില്‍ ഉരുള്‍പൊട്ടിയതായി സംശയിക്കുന്നതായി വെള്ളരിക്കുണ്ട് തഹസില്‍ദാര്‍ പി.വി മുരളി പറഞ്ഞു

കാസർകോട്: വെള്ളരിക്കുണ്ട് താലൂക്കില്‍ മലവെള്ളപ്പാച്ചിലുണ്ടായ പ്രദേശത്തെ കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. ബളാല്‍ വില്ലേജിലെ ചുള്ളി മേഖലയില്‍ വനത്തില്‍ ഉരുള്‍പൊട്ടിയതായി സംശയിക്കുന്നതായി വെള്ളരിക്കുണ്ട് തഹസില്‍ദാര്‍ പി.വി മുരളി പറഞ്ഞു. ജനവാസമേഖലയിലേക്ക് വെള്ളം കുത്തിയൊലിച്ചു വരികയായിരുന്നു. റോഡുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

മലവെള്ളപ്പാച്ചിലുണ്ടായ ബളാല്‍ പഞ്ചായത്തിലെ ചുള്ളി സി. വി. കോളനിയില്‍ നിന്നും 17 കുടുംബങ്ങളെ ചുള്ളി ഗവണ്‍മെന്റ് എല്‍. പി സ്‌കൂളില്‍ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി പാര്‍പ്പിച്ചതായി തഹ്‌സില്‍ദാര്‍ അറിയിച്ചു. ഇരുപതോളം കുടുംബങ്ങളെ ചുള്ളി സ്‌കൂളിലേക്ക് മാറ്റാനുള്ള നടപടി സ്വീകരിച്ചു. തഹസില്‍ദാര്‍, വില്ലേജ് ഓഫീസര്‍, പഞ്ചായത്ത് പ്രസിഡന്റ് എന്നിവര്‍ സംഭവ സ്ഥലം സന്ദര്‍ശിച്ചു.

സബ്ബ് കളക്ടര്‍ ഡി.ആര്‍. മേഘശ്രീ ദുരിതാശ്വാസക്യാമ്പ് സന്ദര്‍ശിച്ചു സ്ഥിതിഗതികള്‍ വിലയിരുത്തി. ബളാല്‍ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അലക്‌സ് നെടിയകാലയില്‍ പഞ്ചായത്ത് മെമ്പര്‍മാര്‍ നാട്ടുകാര്‍ എന്നിവര്‍ ആവശ്യമായസഹായങ്ങള്‍ ചെയ്ത് വരുന്നു.

വെള്ളരിക്കുണ്ട് താലൂക്കില്‍ അടിയന്തിര സാഹചര്യങ്ങള്‍ ഉണ്ടായാല്‍ നേരിടാന്‍ സജ്ജരാണെന്നും മഴ കനത്താല്‍ താലൂക്ക് പരിധിയിലെ പനത്തടി, ബളാല്‍ പാലാവയല്‍ വില്ലേജുകളിലെ ഉയര്‍ന്നപ്രദേശങ്ങളില്‍ താമസിക്കുന്ന കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കാനുള്ള നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും തഹസില്‍ദാര്‍ പറഞ്ഞു.

0Shares

Leave a Reply

Your email address will not be published. Required fields are marked *