Categories
news

ജോലി നേടിയത് നിയമപരമായി; തെറ്റായ വാര്‍ത്തയെ നിയമപരമായി നേരിടും; മകൻ്റെ നിയമനവിവാദ ആരോപണങ്ങള്‍ തള്ളി കെ. സുരേന്ദ്രന്‍

ഹരികൃഷ്ണന്‍ കെ.എസിനെ നിലവില്‍ വിദഗ്ധ പരിശീലനത്തിന് ഡല്‍ഹിയിലെ സാങ്കേതിക സ്ഥാപനത്തിലേക്ക് അയച്ചതായാണ് വിവരം.

മകൻ്റെ നിയമന വിവാദത്തില്‍ പ്രതികരിച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. മകന്‍ ജോലി നേടിയത് നിയമപരമായിട്ടാണെന്നും ഒരു തരത്തിലുമുള്ള അസ്വാഭാവിക ഇടപെടലുകളുണ്ടായിട്ടില്ലെന്നും കെ.സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു. ‘മൂന്ന് മാസം നടന്ന നിയമനത്തെ കുറിച്ച് ഇന്ന് തന്നെ വാര്‍ത്ത കൊടുക്കുന്നത് എന്തിനാണെന്ന് അരിയാഹാരം കഴിക്കുന്ന എല്ലാവര്‍ക്കും അറിയാം. നൂറ് ശതമാനവും തെറ്റായ ആരോപണങ്ങളാണ് ഉന്നയിക്കപ്പെടുന്നത്. തെറ്റായ വാര്‍ത്തയെ നിയമപരമായി നേരിടും.

നാല് പ്രധാനപ്പെട്ട പത്രങ്ങളില്‍ വന്ന അറിയിപ്പിൻ്റെ അടിസ്ഥാനത്തിലാണ് മറ്റെല്ലാവരെയും പോലെ എൻ്റെ മകനും അപേക്ഷ നല്‍കിയത്. പൂര്‍ണമായും നടപടിക്രമങ്ങള്‍ പാലിച്ചാണിത്. സി.പി.ഐ.എമ്മിന് വേണ്ടിയാണ് വാര്‍ത്തയെഴുതുന്നതെങ്കില്‍ എന്നെ അതില്‍പെടുത്തേണ്ട. ഇതൊരു സാധാരണ ജോലി മാത്രമാണ്’. ബി.ജെ.പി അധ്യക്ഷന്‍ പറഞ്ഞു.

ഗാന്ധി ബയോ ടെക്‌നോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ മാനദണ്ഡം മറികടന്ന് മകനെ നിയമിച്ചെന്നാണ് കെ. സുരേന്ദ്രനെതിരെയുള്ള ആരോപണം. ഹരികൃഷ്ണന് പ്രത്യേക തസ്തിക സൃഷ്ടിച്ച് നിയമനം നല്‍കിയെന്നാണ് പരാതി. സയന്‍സ് വിഷയത്തില്‍ അടിസ്ഥാന യോഗ്യത വേണ്ടതിന് ബിടെക് അടിസ്ഥാനമാക്കി ജോലി നല്‍കുന്നുവെന്നാണ് ആരോപണം.

ഹരികൃഷ്ണന്‍ കെ.എസിന് ജൂണ്‍ മാസത്തില്‍ ആര്‍.ജി.സി.ബി നിയമനം നല്‍കിയതായാണ് കണ്ടെത്തല്‍. അടിസ്ഥാന ശമ്പളം ഉള്‍പ്പെടെ എഴുപതിനായിരം രൂപ വരെയാണ് പരിശീലന കാലയളവില്‍ ലഭിക്കുന്നത്. ഹരികൃഷ്ണന്‍ കെ.എസിനെ നിലവില്‍ വിദഗ്ധ പരിശീലനത്തിന് ഡല്‍ഹിയിലെ സാങ്കേതിക സ്ഥാപനത്തിലേക്ക് അയച്ചതായാണ് വിവരം. എന്നാല്‍ എല്ലാ ചട്ടങ്ങളും പാലിച്ച് മെറിറ്റ് അടിസ്ഥാനത്തിലാണ് നിയമനം നല്‍കിയതെന്നാണ് ആര്‍.ജി.സി.ബിയുടെ വിശദീകരണം.

പക്ഷേ നിയമനം നല്‍കേണ്ട വ്യക്തിയുടെ ജാതിക്കും യോഗ്യതയ്ക്കും അനുസരിച്ച് പുതിയ തസ്തിക ഉണ്ടാകുകയും ധൃതിപിടിച്ച് പരീക്ഷ പൂര്‍ത്തിയാക്കുകയും ചെയ്യുമ്പോള്‍ രാജീവ് ഗാന്ധി ബയോടെക്‌നോളജി സെന്ററിൻ്റെ നടപടികളില്‍ സംശയം ഉണ്ടാക്കുന്നുണ്ട്.

0Shares

Leave a Reply

Your email address will not be published. Required fields are marked *