Categories
Kerala news trending

ബാലഭാസ്കറിൻ്റെ മരണത്തിൽ പുനർ- അന്വേഷണത്തിന് ഉത്തരവ്; മൂന്ന് മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കണം

മൂന്ന് സാക്ഷികളെയാണ് സെഷൻസ് കോടതി വിസ്തരിച്ചിരുന്നത്.

കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്കറിൻ്റെ മരണത്തിൽ പുനഃരന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവ്. ഗൂഢാലോചന ഉണ്ടെങ്കിൽ കണ്ടെത്തണമെന്നും മൂന്ന് മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കണമെന്നും കോടതി വ്യക്തമാക്കി.

ബാലഭാസ്കറിൻ്റെ പിതാവ് കെ.സി ഉണ്ണി സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് ബച്ചു കുര്യൻ തോമസിൻ്റെ ഉത്തരവ്. മരണത്തിൽ ഗൂഢാലോചന ഉണ്ടെന്ന വാദമായിരുന്നു ഹർജിയിൽ പിതാവ് ഉന്നയിച്ചിരുന്നത്. കേസിൽ തുടരന്വേഷണം ആവശ്യമില്ലെന്ന നിലപാടിലായിരുന്നു സി.ബി.ഐ.

ഡ്രൈവറുടെ അശ്രദ്ധ കൊണ്ടുണ്ടായ വാഹനാപകടമാണ് ഉണ്ടായതെന്നും മറ്റ് ആരോപണങ്ങൾ വസ്തുതാ വിരുദ്ധമാണെന്നും സി.ബി.ഐ നേരത്തെ കോടതിയെ അറിയിച്ചിരുന്നു.

ഹരജി തീർപ്പാക്കുന്നത് വരെ കേസിൻ്റെ വിചാരണ ഹൈക്കോടതി തടഞ്ഞിരുന്നു. മൂന്ന് സാക്ഷികളെയാണ് സെഷൻസ് കോടതി വിസ്തരിച്ചിരുന്നത്.

2018 ഒക്ടോബർ രണ്ടിനാണ് വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബാലഭാസ്കർ മരിക്കുന്നത്. ബാലഭാസ്കറിൻ്റെ മകൾ തേജസ്വിനിക്കും അന്നുണ്ടായ അപകടത്തിൽ ജീവൻ നഷ്ടമായിരുന്നു. വാഹന അപകടമുണ്ടായതിൽ ദുരൂഹത ഇല്ലെന്നായിരുന്നു നേരത്തെ കേസന്വേഷിച്ച ക്രൈംബ്രാഞ്ചിൻ്റെയും കണ്ടെത്തൽ.

തൃശൂരില്‍ ക്ഷേത്ര ദര്‍ശനത്തിന് ശേഷം മടങ്ങുമ്പോഴാണ് ബാലഭാസ്‌കറും ഭാര്യയും മകളും സഞ്ചരിച്ചിരുന്ന വാഹനം തിരുവനന്തപുരത്ത് പള്ളിപ്പുറത്തിനടുത്ത് നിയന്ത്രണം വിട്ടു റോഡരികിലുള്ള മരത്തിലിടിക്കുന്നത്. മകൾ അപകട സ്ഥലത്തും ബാലഭാസ്‌കര്‍ ചികിത്സയ്ക്കിടയിലും മരണപ്പെട്ടു. ഭാര്യയും വാഹനത്തില്‍ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അര്‍ജുനും പരിക്കുകളോടെ രക്ഷപ്പെട്ടു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest