Categories
channelrb special Kerala local news news

മഞ്ചേശ്വരം ദേശിയ പാതയോരത്ത് മാലിന്യം തള്ളിയ സംഘത്തെ ആർ.ഡി.ഒ കയ്യോടെ പിടികൂടി; പോലീസിനെ വിളിച്ചു വരുത്തി കേസെടുക്കാൻ നിർദേശം നൽകി; വഴിയോരത്ത് മാലിന്യം തള്ളിയവർ ഇനി കോടതി കയറും

മഞ്ചേശ്വരം (കാസർകോട്): കോവിഡ് പ്രതിരോധ പ്രവർത്തനത്തിൽ ഉദ്യോഗസ്ഥർ മുഴനീളെ പ്രവർത്തിക്കുമ്പോൾ അവരുടെ കണ്ണ് വെട്ടിച്ച് ചിലർ കാണിക്കുന്ന പ്രവർത്തികൾ നാടിന് ദോഷം ചെയ്യുകയാണ്. ചില ആളുകൾ നിയമ വിരുദ്ധ പ്രവർത്തനങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. പുഴയോരത്തുള്ളവർ മണൽ സംഘങ്ങളെ സഹായിക്കുന്നു. ചിലർ പാൻമസാല വിതരണവും കഞ്ചാവ് അടക്കമുള്ള ലഹരി വസ്തുക്കളും കടത്തുന്നു. ഇതിനെതിരെ പോലീസ് ശക്തമായ നടപടികളാണ് സ്വീകരിച്ചുവരുന്നത്. വ്യാജ മദ്യനിർമാണം മലയോരങ്ങളിൽ പൊടിപൊടിക്കുന്നതായാണ് വിവരം. ഇവർക്കെതിരെ എക്സൈസും നടപടികൾ കടിപ്പിച്ചിരിക്കുകയാണ്. കഞ്ചാവ് കേസുകളിൽ ഇതിനകം നിരവധി പേര് പിടിയിലായിട്ടുണ്ട്. മദ്യ നിർമ്മാണത്തിൽ ഏർപെട്ടവർക്കെതിരെ എക്സൈസ് നിരവധികേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിന് പുറമെയാണ് ശനിയാഴ്ച്ച മഞ്ചേശ്വരം പൊലീസിന് വേറെരു കേസ് രജിസ്റ്റർ ചെയ്യേണ്ടിവന്നത്.

മാലിന്യം തള്ളാൻ ഉപയോഗിച്ച വാഹനം

മഞ്ചേശ്വരം ചെക്ക് പോസ്റ്റിന് സമീപമുള്ള പെട്രോൾ പമ്പിന് അടുത്ത് ദേശിയ പാതയോരത്ത് മാലിന്യം തള്ളിയവർക്കെതിരെയാണ് കേസ്. മിനി ടെമ്പോയിൽ പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യം തള്ളുന്ന സംഘത്തെ കാസർകോട് ആർ.ഡി.ഒ അഹ്മദ് കബീറാണ് കയ്യോടെ പിടികൂടിയത്. ശേഷം പോലീസിനെ വിളിച്ചുവരുത്തി കേസെടുക്കാൻ നിർദേശം നൽകുകയായിരുന്നു.

കർണാടക- കേരള അതിർത്തി തലപ്പാടിയിലെ കോവിഡ് ചെക്ക് പോസ്റ്റിലേക്ക് പോവുകയായിരുന്നു ആർ.ഡി.ഒ. ഈ സമയമാണ് മാലിന്യം തള്ളുന്നത് കണ്ടത്. ഇതോടെ തൻ്റെ വാഹനം നിർത്തി സംഘത്തെ പിടികൂടുകയും വാഹനം കസ്റ്റഡിയിലെടുത്ത് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ പൊലീസിന് നിർദേശം നൽകുകയും ചെയ്തു. ആർ.ഡി.ഒയുടെ നിർദ്ദേശാനുസരണം സ്ഥലത്തെത്തിയ പോലീസ് നടപടി സ്വീകരിച്ചു. സ്ഥലത്ത് മാലിന്യം തള്ളുന്നത് പതിവാണ്. നിരവധി ആളുകൾ മാലിന്യം തള്ളുന്നതിനാൽ ഇതൊരു മാലിന്യ നിക്ഷേപ കേന്ദ്രം പോലയായിട്ടുണ്ട്. ഇത് ശ്രദ്ധയിൽപെട്ട ആർ.ഡി.ഒ ശക്തമായ നടപടി സ്വീകരിക്കുകയായിരുന്നു.

ജില്ലയിൽ കോറോണക്ക് പുറമെ മലമ്പനിയടക്കമുള്ള പകർച്ചവ്യാധി രോഗങ്ങളും കൂടിവരികയാണ്. ഇതിനെതിരെ ആരോഗ്യ വകുപ്പ് ജാഗ്രത പാലിക്കുമ്പോഴാണ് ഒരു വശത്ത് ചിലർ മാലിന്യം തള്ളുന്നത്. ഞയറാഴ്‍ച്ച സമ്പൂർണ്ണ ലോക്ക് ഡൗൺ നിലനിൽക്കെ ശുചീകരണം നടപ്പിലാക്കാനാണ് സർക്കാർ നിർദേശം. ഇത് മനസ്സിലാകാതെ സമൂഹത്തിന് ദോഷകരമാകുന്ന വിധം പെരുമാറുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുക തന്നെ ചെയ്യുമെന്ന് ആർ.ഡി.ഒ ചാനൽ ആർ.ബിയോട് പറഞ്ഞു.

0Shares

Leave a Reply

Your email address will not be published. Required fields are marked *