Categories
channelrb special Kerala local news news trending

മൂന്ന് ജീവപര്യന്തം കഠിന തടവ് ശിക്ഷ; 14 വർഷത്തിനിടെ 500 ദിവസത്തോളം പരോൾ; ജയിലിൽ പ്രശ്നങ്ങളുണ്ടാക്കി നാലു തവണ മാറ്റം; മന്ത്രിസഭയിലെ ഉന്നതനുമായി ബന്ധം.? രമേശ് ചെന്നിത്ത രംഗത്ത്..

തിരുവനന്തപുരം: കൊലക്കേസ് പ്രതി ഷെറിന് ശിക്ഷാ ഇളവ് അനുവദിക്കാനുള്ള മന്ത്രിസഭാ തീരുമാനത്തിനെതിരേ കോൺ​ഗ്രസ്. കോൺ​ഗ്രസ് പ്രവർത്തക സമിതി അം​ഗം രമേശ് ചെന്നിത്തലയാണ് രംഗത്ത് വന്നത്. ഇത് സംബന്ധിച്ച് ​ഗവർണർക്ക് കത്ത് നൽകി. ആലപ്പുഴ ചെങ്ങന്നൂർ ചെറിയനാട് സ്വ​ദേശി ഭാസ്കര കാരണവരെ കൊലപ്പെടുത്തിയ കേസിൽ പ്രധാന പ്രതിയും കാരണവരുടെ മരുമകളുമായ ഷെറിനാണ് ശിക്ഷയിൽ ഇളവ് നൽകാൻ മന്ത്രിസഭാ തീരുമാനിച്ചിരിക്കുന്നത്. ഷെറിന് ശിക്ഷയിൽ ഇളവ് അനുവദിക്കുന്നത് നിയമവിരുദ്ധവും സമൂഹത്തിനു തെറ്റായ സന്ദേശം നൽകുന്നതുമാണെന്ന് ചെന്നിത്തല ഗവർണ്ണർക്ക് നൽകിയ കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇളവ് അനുവദിച്ചാൽ ടി.പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്കടക്കം ഇത് ഗുണം ചെയ്യും. ടി.പി ചന്ദ്രശേഖരൻ കേസിൽ ജീവ പര്യന്തം ശിക്ഷിക്കപ്പെട്ടവർക്കും പുറത്തിറങ്ങാൻ അവസരമൊരുക്കുന്നതാണെന്നും ചെന്നിത്തല മുന്നറിയിപ്പ് നൽകി. മൂന്ന് ജീവപര്യന്തത്തിന് ശിക്ഷിക്കപ്പെട്ടയാളാണ് ഷെറിൻ. മാത്രമല്ല തടവിൽ കഴിയവേ, സഹതടവുകാരുമായും ഉദ്യോഗസ്ഥരുമായും ജയിലിൽ പ്രശ്നങ്ങളുണ്ടാക്കിയതിനാൽ നാലു തവണ ജയിൽ മാറ്റിയ കുറ്റവാളിയാണ്. ഇത്രയും ക്രിമിനൽ സ്വഭാവമുള്ള ഷെറിനെ ജയിൽ മോചിതയാക്കാനുള്ള മന്ത്രസഭ തീരുമാനം മിന്നൽ വേഗത്തിലായിരുന്നു. 25 വർഷത്തിലധികമായി തടവിലുള്ളവരെ വിട്ടയയ്ക്കണമെന്ന് ജയിൽ ഉപദേശക സമിതികളുടെ ശുപാർശകളിൽ തീരുമാനം നീളുമ്പോഴാണ് 14 വർഷം മാത്രം പൂർത്തിയാക്കിയെന്ന കാരണം പറ‍‍‍ഞ്ഞ് ഷെറിനെ മോചിപ്പിക്കാനുള്ള തീരുമാനം എന്നത് ശ്രദ്ധേയം. ഇത് മന്ത്രിസഭയിലെ തന്നെ ഉന്നതരുടെ സ്വാധീനം മൂലമാണെന്ന് ചെന്നിത്തല ചൂണ്ടിക്കാട്ടി.

യു.എസിൽ നിന്നു മടങ്ങിയെത്തിയ ഭാസ്കര കാരണവരെ മരുമകളും മൂന്ന് ആൺസുഹൃത്തുക്കളും ചേർന്നാണ് 2009 നവംബർ എട്ടിനു കൊലപ്പെടുത്തിയത്. 2010 ജൂൺ‌ 11 ന് മാവേലിക്കര അഡിഷണൽ ആൻഡ് സെഷൻസ് കോടതി (ഫാസ്റ്റ് ട്രാക്ക്) പ്രതികൾക്കു മൂന്ന് ജീവപര്യന്തം കഠിന തടവ് ശിക്ഷിച്ചു. കഴിഞ്ഞ 14 വർഷങ്ങൾക്കിടെ 500 ദിവസത്തോളം ഷെറീന് പരോൾ അനുവദിച്ചിരുന്നു. അതിനിടെയാണ് മുൻഗണനകൾ ലംഘിച്ച് ഷെറിൻ്റെ ജയിൽമോചനത്തിനുള്ള മന്ത്രിസഭാ ശുപാർശ വന്നിരിക്കുന്നത്. ഇതു മാനദണ്ഡങ്ങളെല്ലാം ലംഘിച്ചാണെന്ന് ചെന്നിത്തല കത്തിൽ ചൂണ്ടിക്കാട്ടി. 20, 25 വർഷം വരെ തടവു ശിക്ഷ അനുഭവിച്ചവരെ പിന്തള്ളിയാണ് ഷെറീനെ മോചിപ്പിക്കാൻ മന്ത്രിസഭ ​ഗവർണറോടു ശുപാർശ ചെയ്തത്. ഇത് പ്രതിക്ക് ഉന്നതങ്ങളിലുള്ള സ്വാധീനം മൂലമാണെന്നും ചെന്നിത്തല പറഞ്ഞു. കണ്ണൂർ ജയിൽ ഉപദേശക സമിതി ഡിസംബറിൽ നൽകിയ ശുപാർശ പരിഗണിച്ചാണ് ഷെറിനെ മോചിപ്പിക്കാനുള്ള മന്ത്രിസഭാ തീരുമാനം ഉണ്ടായിരിക്കുന്നത്. ഷെറിനെ മോചിപ്പിക്കാനുള്ള തീരുമാനത്തിനെതിരെ കാരണവരുടെ കുടുംബാം​ഗങ്ങളും നാട്ടുകാരും ശക്തമായി രം​ഗത്തു വന്നിട്ടുണ്ട്.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest