Categories
entertainment national news

സ്വന്തം എയര്‍ലൈന്‍ മുതല്‍ അത്യാഡംബര കാറുകള്‍ വരെ; നാട്ടു നാട്ടു ആടിയ രാംചരണിന്‍റെ ആസ്തി 1370 കോടിയിലേറെ രൂപ

ആര്‍.ആര്‍.ആറില്‍ അഭിനയിക്കാന്‍ 45 കോടി രൂപ പ്രതിഫലം വാങ്ങിയതായാണ് സൂചന

‘ആര്‍.ആര്‍.ആര്‍’ എന്ന ചിത്രത്തിലെ രാം ചരണ്‍, എന്‍.ടി.ആര്‍ ജൂനിയര്‍ എന്നിവര്‍ ഡാന്‍സ് ചെയ്തു അഭിനയിച്ച ‘നാട്ടു നാട്ടു’ 95-ാമത് അക്കാദമി അവാര്‍ഡില്‍ മികച്ച ഒറിജിനല്‍ ഗാനമായി തിരഞ്ഞെടുക്കപ്പെട്ടു. ഇതോടെ രാംചരണ്‍ എന്ന നടന്‍റെ അഭിനയമികവും കരിയറും ആസ്തിയുമൊക്കെ വീണ്ടും ചര്‍ച്ചയാകുകയാണ്. തെലുങ്ക് സിനിമയുടെ പ്രതീകമായി കണക്കാക്കുന്ന, സൂപ്പര്‍സ്റ്റാര്‍ ചിരഞ്ജീവിയുടെ മകനാണ് രാം ചരണ്‍.

ദക്ഷിണേന്ത്യയിലെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരങ്ങളില്‍ ഒരാളായ രാം ചരണ്‍, മഗധീര, രംഗസ്ഥലം, യെവഡു, ആര്‍.ആര്‍.ആര്‍ തുടങ്ങിയ വലിയ ഹിറ്റുകളില്‍ നായകനായി വേഷമിട്ടു. ആര്‍.ആര്‍.ആര്‍ രാംചരണിന്‍റെ കരിയറില്‍ ഏറ്റവുമധികം കളക്ഷന്‍ നേടിയ ചിത്രം എന്നതില്‍ ഉപരി ഓസ്ക്കാര്‍ ഉള്‍പ്പടെ ആഗോള അംഗീകാരങ്ങളും സ്വന്തമാക്കുന്ന സിനിമയായി മാറി.

സിനിമകളുടെ വമ്പന്‍ വിജയം മാത്രമല്ല, തെന്നിന്ത്യയില്‍ തന്നെ ഏറ്റവുമധികം ആസ്തിയുള്ള നടന്‍മാരില്‍ ഒരാള്‍ കൂടിയാണ് രാംചരണ്‍. ഏകദേശം 1370 കോടിയിലേറെയാണ് രാംചരണിന്‍റെ ആസ്തി. നടൻ്റെ പ്രതിമാസ വരുമാനം മൂന്ന് കോടി രൂപയില്‍ കൂടുതലാണ്. വാര്‍ഷിക വരുമാനം 30 കോടിയിലധികം വരും. ഒരു സിനിമയ്ക്ക് 15 കോടിയോളം രൂപയാണ് രാംചരണ്‍ പ്രതിഫലമായി ഈടാക്കുന്നത്.

രാജമൗലിയുടെ ആര്‍.ആര്‍.ആറില്‍ അഭിനയിക്കാന്‍ 45 കോടി രൂപ പ്രതിഫലം വാങ്ങിയതായാണ് സൂചന. സൂം എൻ്റെര്‍ടൈന്‍മെണ്ട് പറയുന്നതനുസരിച്ച്‌, തൻ്റെ അടുത്ത ചിത്രത്തിനായി അദ്ദേഹം 100 കോടി രൂപയാണ് പ്രതിഫലമായി വാങ്ങുന്നത്. രാം ചരണിൻ്റെ വരുമാനത്തിൻ്റെ ഭൂരിഭാഗവും സിനിമകളില്‍ നിന്നും പരസ്യചിത്രങ്ങളില്‍ നിന്നുമാണ്. അഭിനയത്തിനുള്ള പ്രതിഫലം വാങ്ങുന്നതിന് പുറമെ തൻ്റെ സിനിമകളില്‍ നിന്നുള്ള ലാഭവിഹിതവും താരം എടുക്കുന്നുണ്ട്. ഒരു ഉല്‍പ്പന്നത്തിന്‍റെയോ ബ്രാന്‍ഡിന്‍റെയോ അംബാസഡറാകാനും പരസ്യത്തില്‍ അഭിനയിക്കാനും ശരാശരി 1.8 കോടി രൂപയാണ് രാംചരണ്‍ കൈപ്പറ്റുന്നത്. പെപ്‌സി, ടാറ്റ ഡോകോമോ, വോലാനോ, അപ്പോളോ ജിയ, ഹീറോ മോട്ടോകോര്‍പ്പ്, ഫ്രൂട്ടി തുടങ്ങി 34 ഓളം ബ്രാന്‍ഡുകളുടെ പരസ്യങ്ങളില്‍ അദ്ദേഹം അഭിനയിച്ചതായി ലൈഫ്‌സ്റ്റൈല്‍ ഏഷ്യ റിപ്പോര്‍ട്ട് ചെയ്തു.

തെലുങ്ക് സിനിമാ വ്യവസായത്തിലെ ‘മെഗാ പവര്‍ സ്റ്റാര്‍’ ധാരാളം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കുന്നു. ആദായ നികുതി അടയ്ക്കുന്ന കാര്യത്തിലും രാംചരണ്‍ ഒന്നാം സ്ഥാനത്താണ്. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന നികുതി ദായകരില്‍ ഒരാളാണ് രാം ചരണ്‍.

ബംഗ്ലാവിലാണ് രാം ചരണ്‍ താമസിക്കുന്നത്, അവിടെ അദ്ദേഹം ഭാര്യ ഉപാസന കാമിനേനി, അച്ഛന്‍ ചിരഞ്ജീവി, അമ്മ സുരേഖ എന്നിവരോടൊപ്പമാണ് താമസം. നീന്തല്‍ക്കുളം, ടെന്നീസ് കോര്‍ട്ട്, ക്ഷേത്രം, ജിംനേഷ്യം, മത്സ്യക്കുളം തുടങ്ങി ആഡംബര സൗകര്യങ്ങള്‍ ബംഗ്ലാവിലുണ്ട്. തരുണ്‍ തഹിലിയാനിയാണ് ഹൈദരാബാദിലെ തൻ്റെ വീടിൻ്റെ ഇന്റീരിയര്‍ ചെയ്തിരിക്കുന്നത്. ഏകദേശം 38 കോടി രൂപയാണ് ഈ ബംഗ്ലാവ് ഉള്‍പ്പെടുന്ന വസ്തുവിന്‍റെ മൂല്യം. അദ്ദേഹത്തിന് മുംബൈയില്‍ ഒരു ആഡംബര ബംഗ്ലാവുണ്ട്.

ഇനി ആർ.ആർ.ആർ താരം രാം ചരണിന്‍റെ ഗ്യാരേജിലുള്ള ആഡംബര കാറുകള്‍ ഏതൊക്കെയാണെന്ന് നോക്കാം. ഏകദേശം നാല് കോടി രൂപ വിലമതിക്കുന്ന ഒരു കസ്റ്റമൈസ്ഡ് Mercedes Maybach GLS 600 രാംചരണിന് ഉണ്ട്. ഓഡി മാര്‍ട്ടിന്‍ വി 8 വാൻ്റെജ്, റോള്‍സ് റോയ്‌സ് ഫാന്റം, റേഞ്ച് റോവര്‍ ഓട്ടോബയോഗ്രഫി, ആസ്റ്റണ്‍ മാര്‍ട്ടിന്‍, ഫെരാരി പോര്‍ട്ടോഫിനോ എന്നിവയും രാംചരണിനുണ്ടെന്ന് ലൈഫ്‌സ്റ്റൈല്‍ ഏഷ്യ റിപ്പോര്‍ട്ട് ചെയ്തു.

രാം ചരണിന് നിരവധി ബിസിനസുകള്‍ ഉണ്ട്. ചിരഞ്ജീവിയുടെ 150മത്തെ ചിത്രമായ ഖൈദി നമ്പര്‍ 150ൻ്റെ പിന്നിലെ നിര്‍മ്മാണ കമ്പനിയായ ‘കൊനിഡെല പ്രൊഡക്ഷന്‍ കമ്പനി’ എന്ന ഒരു ഫിലിം പ്രൊഡക്ഷന്‍ കമ്പനിയുടെ ഉടമയാണ് രാംചരണ്‍. 50 കോടി ബജറ്റില്‍ ഒരുക്കിയ ഈ ചിത്രം ബോക്‌സ് ഓഫീസില്‍ 164 കോടിയിലധികം നേടി. പ്രതിദിനം അഞ്ച് മുതല്‍ എട്ട് വരെ വിമാന സര്‍വീസ് നടത്തുന്ന ട്രൂജെറ്റ് എന്ന പേരില്‍ ഒരു എയര്‍ലൈന്‍ സര്‍വീസും രാംചരണിന് സ്വന്തമായി ഉണ്ട്.

0Shares

Leave a Reply

Your email address will not be published. Required fields are marked *