Trending News
തിരുവനന്തപുരം: അമ്പൂരി രാഖിമോൾ കൊലക്കേസിൽ മൂന്ന് പ്രതികൾക്കും ജീവപര്യന്തം ശിക്ഷ. നാലര ലക്ഷം രൂപ വീതം പിഴ ഒടുക്കണമെന്നും തിരുവനന്തപുരം ജില്ലാ അഡിഷണൽ സെഷൻസ് കോടതി കോടതി വിധിച്ചു. രാഖിയുടെ കാമുകനും മുൻ സൈനികനും ആയിരുന്ന അഖിൽ, അഖിലിൻ്റെ സഹോദരൻ രാഹുൽ, ഇരുവരുടെയും സുഹൃത്ത് ആദർശ് എന്നിവരാണ് പ്രതികൾ. പ്രണയബന്ധത്തില്‍ നിന്ന് ഒഴിവാക്കാനാണ് അഖില്‍ കൊലപാതകം ആസൂത്രണം ചെയ്തത്. നീതി കിട്ടിയതിൽ സന്തോഷമെന്ന് രാഖിമോളുടെ അച്ഛൻ രാജൻ പ്രതികരിച്ചു. 2019 ജൂണിലാണ് കേസിനാസ്‌പദമായ സംഭവം നടന്നത്.
Also Read
കളമശേരിയിലെ ഒരു സ്വകാര്യ കേബിള്‍ കമ്പനിയില്‍ ജോലി നോക്കിയിരുന്ന രാഖിയെ ഫോണിലൂടെയാണ് അഖില്‍ പരിചയപ്പെട്ടതും പ്രണയത്തിലായതും. രാഖിക്ക് വിവാഹ വാഗ്‌ദാനം നല്‍കിയ അഖില്‍ പക്ഷെ അന്തിയൂര്‍ക്കോണം സ്വദേശിനിയുമായി വിവാഹ നിശ്ചയം നടത്തി. ഇതിൻ്റെ ചിത്രങ്ങള്‍ ഫെയ്‌സ് ബുക്കില്‍ കണ്ടാണ് രാഖി വിവരമറിഞ്ഞത്. വിവാഹം മുടക്കുമെന്ന് പറഞ്ഞതിലുള്ള വിരോധമാണ് കൊലയ്ക്ക് കാരണം.
രാഖിയെ അഖിലും സഹോദരൻ രാഹുലും ആദര്‍ശും ചേര്‍ന്ന് കാറില്‍ കയറ്റികൊണ്ടു പോവുകയും മുൻസീറ്റിലിരുന്ന രാഖിയുടെ കഴുത്തില്‍ സീറ്റ് ബെല്‍റ്റ് ഉപയോഗിച്ച് കുരുക്കി കൊലപ്പെടുത്തുകയുമായിരുന്നു. ബഹളം പുറത്തുകേള്‍ക്കാതിരിക്കാൻ രാഹുല്‍ കാറിൻ്റെ എൻജിൻ ഇരപ്പിച്ച് ശബ്ദമുണ്ടാക്കി. മൃതദേഹം അഖിലിൻ്റെ വീടിനോട് ചേര്‍ന്ന പുരയിടത്തില്‍ കുഴിച്ചിട്ടു. മകളെ കാണാനില്ലെന്ന രാഖിയുടെ അച്ഛൻ രാജൻ്റെ പരാതിയിലാണ് ആദര്‍ശ് പിടിയിലായത്.
94 സാക്ഷികളെ വിസ്‌തരിച്ചു. 92 തൊണ്ടിമുതലും 178 രേഖയും ഹാജരാക്കി. ആദര്‍ശിൻ്റെ ശസ്ത്രക്രിയ നടത്തിയ മെഡിക്കല്‍ കോളേജിലെ ഡോ. തങ്കരാജിനെ പ്രതിഭാഗം സാക്ഷിയായി വിസ്‌തരിച്ചു. 15 രേഖകളും ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി പി.പി ഗീത ആലപ്പുഴ, എം.സലാഹുദീൻ എന്നിവര്‍ ഹാജരായി.
അച്ഛന് സുഖമില്ലെന്ന് പ്രതികള്‍
ശിക്ഷയെ കുറിച്ച് എന്തെങ്കിലും പറയാനുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിന് തങ്ങള്‍ സഹോദരങ്ങളാണന്നും അച്ഛൻ വാഹനാപകടത്തില്‍ ഒരു വശം തളര്‍ന്ന് കിടപ്പിലാണന്നും മറ്റാരും സംരക്ഷിക്കാൻ ഇല്ലെന്നുമായിരുന്നു അഖിലിൻ്റെയും രാഹുലിൻ്റെയും മറുപടി. അച്ഛൻ മരിച്ചതോടെ അമ്മയെ സംരക്ഷിക്കാൻ മറ്റാരുമില്ലെന്നായിരുന്നു ആദര്‍ശിൻ്റെ മറുപടി. കുറ്റകൃത്യം പൈശാചികമായിരുന്നുവെന്നും പ്രതികള്‍ ദയ അര്‍ഹിക്കുന്നില്ലന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി.
സിം രാഖിയുടേത്, ഫോണ്‍ അഖിലിൻ്റെതും
രാഖി വധക്കേസില്‍ നിര്‍ണായക വഴിത്തിരിവായത് അന്വേഷണം വഴിതെറ്റിക്കാൻ നല്‍കിയ മൊബൈല്‍ ഫോണ്‍ സന്ദേശം. കൊലപാതകത്തിന് ശേഷം വാങ്ങിയ ഫോണില്‍ രാഖിയുടെ സിം കാര്‍ഡിട്ടാണ് തുടരെത്തുടരെ സന്ദേശങ്ങള്‍ അയച്ചത്.
അഖിലിനെ പിരിയുകയാണെന്നും താൻ മറ്റൊരു സുഹൃത്തുമായി ചെന്നൈക്ക് പോകുന്നുവെന്നുമായിരുന്നു സന്ദേശം. അന്വേഷണത്തിൻ്റെ ഭാഗമായി തങ്ങളെ നിരന്തരം ശല്യപ്പെടുത്തുന്നുവെന്ന് കാട്ടി അഖിലിൻ്റെ ബന്ധുക്കള്‍ നല്‍കിയ പരാതിക്കൊപ്പം സന്ദേശത്തിൻ്റെ പ്രിന്റൗട്ടും പൊലീസിന് കൈമാറി.
ഇത് പരിശോധിച്ചപ്പോഴാണ് സിം കാര്‍ഡ് യുവതിയുടേതാണെങ്കിലും ഫോണ്‍ മറ്റൊന്നാണെന്ന് തിരിച്ചറിഞ്ഞത്. രാഹുലും ആദര്‍ശുമാണ് ഈ ഫോണ്‍ വാങ്ങിയതെന്ന് വ്യക്തമായി. വിരലടയാളം ഉപയോഗിച്ച് സ്ക്രീൻ ഓണ്‍ ചെയ്യുന്നതായിരുന്നു രാഖിയുടെ ഫോണ്‍. അത് ഉപയോഗിക്കാൻ സാധിക്കാതെ വന്നതോടെയാണ് മറ്റൊന്ന് വാങ്ങിയത്.
Sorry, there was a YouTube error.