Categories
entertainment Kerala news

കാന്താരക്ക് ശേഷം പ്രേക്ഷക സ്വീകാര്യത നേടി ഒരു ചിത്രം; രാജ്.ബി ഷെട്ടിയുടെ ടോബി, സിനിമയിൽ വൈകാരിക രംഗങ്ങള്‍ നിരവധി

മലയാളിയും നവാഗതനുമായ ബാസില്‍ അല്‍ചാലക്കല്‍ സംവിധാനം ചെയ്‌ത സിനിമ

കെ.ജി.എഫ്, കാന്താര, ചാര്‍ളി 777 എന്നിങ്ങനെ കേരളത്തില്‍ വിജയമായി മാറിയ കന്നഡ സിനിമകളുടെ കൂട്ടത്തിലേക്ക് രാജ് ബി ഷെട്ടിയുടെ ടോബിയും. മലയാളിയും നവാഗതനുമായ ബാസില്‍ അല്‍ചാലക്കല്‍ സംവിധാനം ചെയ്‌ത സിനിമയുടെ തിരക്കഥ രചന നിര്‍വഹിച്ചിരിക്കുന്നത് കന്നഡ സിനിമ രംഗത്തെ നവയുഗ പരീഷണാത്മക സംവിധായകനും തിരക്കഥാകൃത്തും ആയ രാജ് ബി ഷെട്ടിയാണ്.

നിര്‍മാതാവും എഴുത്തുകാരനുമായ ടി.കെ ദയാനന്ദിൻ്റെ കഥയെ ആസ്‌പദമാക്കിയാണ് ടോബിയുടെ കഥ. തുളുനാടിൻ്റെ വിശ്വാസങ്ങളെയും ആചാരങ്ങളെയും അടിസ്ഥാനമാക്കിയാണ് സിനിമ നിര്‍മിച്ചിരിക്കുന്നത്.’ ഗരുഡ ഗമന വൃഷഭ വാഹന’യില്‍ ബ്രഹ്മ- വിഷ്‌ണു- മഹേശ്വര സങ്കല്പത്തിൻ്റെ അടിസ്ഥാനത്തിലൂന്നിയ ഗ്യാങ്സ്റ്റര്‍ കഥയായിരുന്നു പറഞ്ഞതെങ്കില്‍ മാരി എന്ന വിശ്വാസത്തെയാണ് ടോബിയിലൂടെ അദ്ദേഹം തുറന്ന് വെയ്ക്കുന്നത്.

ബലിപീഠത്തില്‍ നിന്ന് രക്ഷപെട്ടുപോയ ബലിമൃഗത്തെയാണ് മാരി എന്ന് വിളിക്കപ്പെടുന്നത്. ഈ സങ്കല്‍പ്പത്തെ അടിസ്ഥാനമാക്കിയാണ് ടോബി എന്ന കഥാപാത്രത്തെയും നിര്‍മിച്ചിരിക്കുന്നത് സംസാരശേഷി ഇല്ലാത്ത കഥാപാത്രമാണ് ടോബി. അച്ചടക്കമില്ലാത്ത ടോബിയുടെ ജീവിത രീതിയും അതിനിടയിലെ സംഘര്‍ഷഭരിത മുഹൂര്‍ത്തങ്ങളുമാണ് ഈ സിനിമയിലെ പ്രധാന ഘടകം.

ടോബി എന്ന കഥാപാത്രത്തെ പറ്റി പ്രത്യക്ഷതമായി പറയുന്നതിന് പകരം മറ്റു കഥാപാത്രങ്ങളുടെ ജീവിതത്തിലെ ടോബിയുടെ പ്രാധാന്യത്തിലൂടെ കഥ മുന്നോട്ട് നീങ്ങുന്നത് സന്ദര്‍ഭങ്ങളുടെ വേറിട്ട അവതരണത്തിലൂടെയാണ് വെറുമൊരു പ്രതികാര കഥ എന്നതില്‍ നിന്ന് ടോബിയെ വ്യത്യസ്‌തമാക്കുന്നത്.

കേരളത്തിൻ്റെ ഭൂപ്രകൃതിയെ അനുസ്മരിപ്പിക്കുന്ന കര്‍ണാടകയിലെ ദമസ്‌കട്ടെ എന്ന സ്ഥലത്താണ് കഥ നടക്കുന്നത്. പ്രതികാര കഥകളില്‍ കണ്ടുവരുന്ന ക്ലിഷേ രംഗങ്ങളില്‍ നിന്ന് മാറി സഞ്ചരിക്കുന്ന സിനിമ നിരവധി വൈകാരിക രംഗങ്ങള്‍ കൂടി ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത്.

മാരി എന്ന വിശ്വാസത്തിൻ്റെ പിൻബലം ഉണ്ടെങ്കില്‍ കൂടി യാതൊരുവിധ ഫാൻ്റെസികളോ അതിഭാവുകങ്ങളോ ഇല്ലാതെയാണ് സിനിമ മുന്നോട്ട് നീങ്ങുന്നത്. അച്ചടക്കമില്ലാത്ത എടുത്തു ചാട്ടക്കാരനായ ടോബി എന്ന വ്യക്തിയുടെ ജീവിതത്തിലെ രണ്ട് കാലഘട്ടം ആണ് കഥ.

വാക്കുകള്‍ക്ക് പകരം അവ്യക്തമായ ശബ്ദങ്ങള്‍ മാത്രം പുറപ്പെടുവിക്കുന്ന എന്നാല്‍ അതേസമയം വന്യമായ എന്തോ ഒന്ന് ഉള്ളില്‍ ഒളിപ്പിച്ചു വെയ്ക്കുന്ന, തീക്ഷ്‌ണമായ പല വികാരങ്ങളും കണ്ണുകള്‍ കൊണ്ട് മാത്രം പ്രകടിപ്പിക്കുന്ന ടോബി എന്ന കഥാപാത്രത്തെ അതിഭാവുകത്വങ്ങള്‍ ഇല്ലാതെ തന്നെ രാജ് ബി ഷെട്ടി അവതരിപ്പിച്ചിട്ടുണ്ട്.

കന്നഡയിലെ പതിവ് നായികമാരില്‍ നിന്ന് വേറിട്ട് നില്‍ക്കുന്നുണ്ട് ചൈത്രയുടെ ജെനിയും സംയുക്ത ഹോര്‍ണാഡിൻ്റെ സാവിത്രിയും. ഗോപാല്‍ ദേശ് പാണ്ഡേ, ദീപക് ഷെട്ടി, ഭര്ത ജിബി എന്നിവരും അവരവരുടെ കഥാപാത്രങ്ങളോട് നീതി പുലര്‍ത്തി.

റോഷാക് അടക്കം നിരവധി മലയാള സിനിമകള്‍ക്ക് സംഗീത സംവിധാനം നിര്‍വഹിച്ച മിഥുൻ മുകുന്ദൻ ആണ് ടോബിയുടെ പശ്ചാത്തല സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. ചിത്രത്തിൻ്റെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത് വേ ഫാറര്‍ ഫിലിംസാണ്.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest