Categories
sports

രാഹുൽ പുറത്തായത് ഷഹീൻ അഫ്രീദിയുടെ നോ ബോളിൽ; പാകിസ്താനോടേറ്റ ഇന്ത്യയുടെ തോൽവിയിൽ വിവാദം

പന്ത് റിലീസ് ചെയ്യുമ്പോൾ ഷഹീൻ അഫ്രീദിയുടെ കാൽ വരയ്ക്ക് വെളിയിലാണെന്ന് തെളിയിക്കുന്ന ചിത്രങ്ങളാണ് പ്രചരിക്കുന്നത്.

ഐ.സി.സി ലോകകപ്പ് വേദിയിൽ ആദ്യമായി പാകിസ്താനോട് പരാജയം രുചിച്ചതോടെ ഇന്ത്യൻ ആരാധകർ നിരാശയിൽ. പിന്നാലെ നിരാശയുടെ ആക്കം കൂട്ടി വിവാദവും. ട്വന്റി 20 ലോകകപ്പ് സൂപ്പർ 12 ഘട്ടത്തിലെ ഇന്ത്യ-പാകിസ്താൻ മത്സരത്തിൽ വലിയ പിഴവുണ്ടായെന്നാണ് ആരാധകരുടെ കണ്ടെത്തൽ. തേർഡ് അമ്പയറുടെ ഇടപെടലാണ് വിവാദം കത്തിച്ചിരിക്കുന്നത്. ഇന്ത്യൻ താരം കെഎൽ രാഹുൽ പുറത്തായത് നോ ബോളിലായിരുന്നുവെന്നാണ് ആരാധകരുടെ കണ്ടെത്തൽ.

ഷഹീൻ അഫ്രീദി എറിഞ്ഞ മൂന്നാം ഓവറിലെ ആദ്യ പന്തിൽ രാഹുൽ ബൗൾഡാകുകയായിരുന്നു. എന്നാൽ ഈ പന്ത് നോ ബോളാണെന്ന് തെളിയിക്കുന്ന ദൃശ്യങ്ങൾ ആരാധകർ ട്വിറ്ററിൽ പങ്കുവെച്ചു. പന്ത് റിലീസ് ചെയ്യുമ്പോൾ ഷഹീൻ അഫ്രീദിയുടെ കാൽ വരയ്ക്ക് വെളിയിലാണെന്ന് തെളിയിക്കുന്ന ചിത്രങ്ങളാണ് പ്രചരിക്കുന്നത്. മത്സരത്തിൽ എട്ടു പന്തിൽ നിന്ന് മൂന്ന് റൺസ് മാത്രമെടുത്താണ് രാഹുൽ പുറത്താകുന്നത്.

എന്നാൽ ഫീൽഡ് അമ്പയറോ തേർഡ് അമ്പയറോ ഇക്കാര്യം കണക്കിലെടുത്തില്ല. മത്സരത്തിൽ ഇന്ത്യ 10 വിക്കറ്റിനാണ് പാകിസ്താനോട് പരാജയപ്പെട്ടത്. തോൽവിയറിയാതെ പിന്നിട്ട 12 മത്സരങ്ങൾക്കു ശേഷം ലോകകപ്പ് വേദിയിൽ ഇന്ത്യ ഒടുവിൽ പാകിസ്താനോട് തോൽക്കുകയായിരുന്നു. ഇന്ത്യ ഉയർത്തിയ 152 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പാകിസ്താൻ 17.5 ഓവറിൽ ലക്ഷ്യം കണ്ടു.

0Shares

Leave a Reply

Your email address will not be published. Required fields are marked *