Categories
news trending

പാർട്ടിയെയും സർക്കാരിനെയും വെട്ടിലാക്കി ഭരണകക്ഷി എം.എൽ.എ; ആഭ്യന്തരവകുപ്പ് പൂർണ്ണ പരാജയം, തലപ്പത്ത് അധോലോക ബന്ധമുള്ളവർ; ഉന്നതരുടെ ഫോണുകൾ ചോർത്തി, തെളിവുകൾ കൈവശമുണ്ട്; പി.വി അൻവർ രണ്ടും കൽപിച്ച് ഇറങ്ങിയോ.?

തിരുവനന്തപുരം: എസ്.പി ഓഫീസിന് മുന്നിലെ സമരത്തിനും പുറത്തുവിട്ട ഫോൺ സംഭാഷണത്തിനും പിറകെ പി.വി അൻവർ എം.എൽ.എ സർക്കാരിനെ തന്നെ വെട്ടിലാക്കി പുതിയ ആരോപണവുമായി രംഗത്ത്. ആഭ്യന്തരവകുപ്പ് പൂർണ്ണ പരാജയമാണെന്നും തലപ്പത്ത് അധോലോക ബന്ധമുള്ളവരാണെന്നും അൻവർ പറയുന്നു. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി എം.ആർ അജിത് കുമാറിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കുമെതിരെ ഗുരുതര ആരോപണമാണ് ഉന്നയിച്ചത്. ആഭ്യന്തരം പൂർണ്ണ പരാജയം എന്നാണ് ഭരണകക്ഷി എം.എൽ.എ കൂടിയായ പി.വി അൻവർ മാധ്യമങ്ങളോട് പറഞ്ഞത്. ഒരുപാട് തെളിവുകൾ തൻ്റെ കൈവശമുണ്ട്. ഉന്നതർ ഫോൺ കോളുകൾ ചോർത്തുന്നു. അതിനാൽ ഉന്നത ഉദ്യോഗസ്ഥരുടെ ഫോണുകൾ ഞാനും ചോർത്തി എന്നും അൻവർ മാധ്യമങ്ങളോട് പറഞ്ഞു. അൻവറിൻ്റെ തുറന്ന് പറച്ചിലിൽ ഞെട്ടിയിരിക്കുകയാണ് ഭരണപക്ഷം. ഇടത് കേന്ദ്രങ്ങളിൽ ഉണ്ടാക്കിയത് വലിയ അമ്പരപ്പാണ്.

സി.പി.എം മുന്നറിയിപ്പുകൾ പരസ്യമായി തള്ളിക്കൊണ്ടാണ് പി.വി അൻവറിൻ്റെ ഗുരുതര ആരോപണം എന്നതും പാർട്ടിയെ വെട്ടിലാക്കിയിട്ടുണ്ട്. കൂടെ കൂട്ടി പാർട്ടിക്ക് തന്നെ തലവേദന സൃഷ്ടിക്കുകയാണ് അൻവർ. “കൊത്തി കൊത്തി മൊറത്തിൽ കേറി കൊത്തി” എന്നാണ് പാർട്ടി വൃത്തങ്ങൾ പറയുന്നത്. ആരോപണം അജിത്തിനും പി ശശിക്കും എതിരാണെങ്കിലും ലക്ഷ്യം മുഖ്യമന്ത്രിയെ എന്നാണ് ഒരു വിഭാഗം പറയുന്നത്. എം.ആർ അജിത്ത് കുമാർ വഴിവിട്ട് പെരുമാറുന്നതായും കൊലപാതകമടക്കമുള്ള കാര്യങ്ങളിൽ പങ്കുള്ള ആളെന്നും അൻവർ ആരോപണം ഉന്നയിച്ചിട്ടുണ്ട്. ആഭ്യന്തരവകുപ്പ് കുത്തഴിഞ്ഞു. തലപ്പത്ത് അധോലോക ബന്ധമുള്ളവരാണെന്ന് തുറന്ന് പറയുന്ന അൻവർ ആവശ്യമെങ്കിൽ തെളിവുകൾ പുറത്തുവിടാം എന്നും പറയുന്നു.

0Shares

Leave a Reply

Your email address will not be published. Required fields are marked *