Categories
local news

പൊതുജനങ്ങൾ പൊതുമരാമത്ത് പ്രവൃത്തികളുടെ കാവൽക്കാർ: മന്ത്രി പി.എ മുഹമ്മദ് റിയാസ്

നിർമ്മാണം പൂർത്തിയായ പ്രവൃത്തികളുടെ മുകളിൽ അവയുടെ പരിപാലന കാലയളവ്, കരാറുകാരൻ്റെ പേര്, ഫോൺ നമ്പർ തുടങ്ങിയവ പരസ്യപ്പെടുത്തുമെന്നും മന്ത്രി

കാസർകോട്: പൊതുജനങ്ങൾ പൊതുമരാമത്ത് പ്രവൃത്തികളുടെ കാഴ്ചക്കാരല്ല കാവൽക്കാരാണെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് . കയ്യൂർ-ചെമ്പ്രക്കാനം – പാലക്കുന്ന് റോഡ് നാടിന് സമർപ്പിച്ച് കയ്യൂർ ജി.വി.എച്ച്.എസ്.എസ് ഓഡിറ്റോറിയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓരോ പ്രവൃത്തിക്കും പരിപാലന കാലയളവുണ്ട്. അതിലേക്ക് കരാറുകാരൻ തുക കെട്ടി വെക്കണം. പ്രവൃത്തികളുടെ പരിപാലന കാലയളവ് കഴിഞ്ഞ് 22 ദിവസങ്ങൾക്ക് ശേഷമാണ് അത് തിരിച്ചു നൽകുക. പൊതു ജനങ്ങൾ ഇക്കാര്യം അറിയണം. അതിനായി നിർമ്മാണം പൂർത്തിയായ പ്രവൃത്തികളുടെ മുകളിൽ അവയുടെ പരിപാലന കാലയളവ്, കരാറുകാരൻ്റെ പേര്, ഫോൺ നമ്പർ തുടങ്ങിയവ പരസ്യപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

പി.ഡബ്ല്യൂ.ഡി റസ്റ്റ് ഹൗസുകൾ ബുക്ക് ചെയ്യുന്നത് മുൻപ് വളരെ ശ്രമകരമായ കാര്യമായിരുന്നു. ഇപ്പോൾ കേരളത്തിലെ 153 റസ്റ്റ് ഹൗസുകളിലും ഓൺലൈൻ ആയി ബുക്ക് ചെയ്യാവുന്ന സംവിധാനം നിലവിൽ ഉണ്ട്. ഡിസംബർ ഒന്നിന് ഇതിൻ്റെ പ്രവർത്തനം വിലയിരുത്തിയപ്പോൾ 27.5 ലക്ഷം രൂപയുടെ അധിക വരുമാനം സർക്കാറിന് ലഭിച്ചുവെന്നും മന്ത്രി പറഞ്ഞു.

മഴക്കാലത്ത് പ്രവൃത്തികളുടെ ഭരണാനുമതി, സാങ്കേതികാനുമതി തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തുകയും മഴ ഇല്ലാത്ത കാലങ്ങളിൽ നിർമ്മാണ പ്രവൃത്തികൾ നടത്തുകയും ചെയ്യുന്ന രീതിയിൽ വകുപ്പിനകത്ത് പ്രവർത്തന കലണ്ടർ നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു.

കയ്യൂർ-ചെമ്പ്രക്കാനം – പാലക്കുന്ന് റോഡിൻ്റെ നിർമ്മാണ പ്രവർത്തനങ്ങളിൽ സജീവമായി ഇടപെട്ട എം. രാജഗോപാലൻ എം.എൽ.എയും മറ്റ് ജന പ്രതിനിധികളെയും ഉദ്യോഗസ്ഥരെയും മന്ത്രി അഭിനന്ദിച്ചു.

കരാറുകാരനും ഉദ്യോഗസ്ഥർക്കുമുള്ള ഉപഹാരങ്ങൾ മന്ത്രി വിതരണം ചെയ്തു. കയ്യൂർ ജി.വി.എച്ച്.എസ്.എസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ എം. രാജഗോപാലൻ എം.എൽ.എ അധ്യക്ഷനായി.
പി. ഡബ്ല്യൂ.ഡി റോഡ്സ് കാസർകോട് എക്സിക്യുട്ടീവ് എഞ്ചിനീയർ കെ.പി വിനോദ് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. പയ്യന്നൂർ എം.എൽ.എ ടി. ഐ മധുസൂദനൻ മുഖ്യാതിഥിയായി.
പിലിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി.പി പ്രസന്നകുമാരി, കരിവെള്ളൂർ പെരളം പഞ്ചായത്ത് പ്രസിഡൻ്റ് എ.വി ലേജു, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് കാര്യ സ്ഥിരം സമിതി അധ്യക്ഷ കെ.ശകുന്തള, ജില്ലാ പഞ്ചായത്ത് മെമ്പർമാരായ സി.ജെ സജിത്ത്, എം.മനു, കണ്ണൂർ ജില്ലാ പഞ്ചായത്ത് അംഗം എം. രാഘവൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി.ബി ഷീബ, എം. കുഞ്ഞിരാമൻ, പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം എം. അപ്പുക്കുട്ടൻ, കയ്യൂർ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അംഗം പി.ശശിധരൻ, പിലിക്കോട് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ കെ.വി വിജയൻ, കയ്യൂർ ചീമേനി പഞ്ചായത്ത് മെമ്പർമാരായ എം.പ്രശാന്ത്, കെ എസ് കുഞ്ഞിരാമൻ, പി.ലീല, ഇ. കുഞ്ഞിരാമൻ, പിലിക്കോട് പഞ്ചായത്ത് അംഗം സി.വി രാധാകൃഷ്ണൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ.സുധാകരൻ, സി വി വിജയരാജ്, സി.വി സുരേഷ്, ബാബു നെടിയകാല, പി.ടി നന്ദകുമാർ, രവി കുളങ്ങര, രതീഷ് പുതിയപുരയിൽ, സുരേഷ് പുതിയിടത്ത്, ജെറ്റോ ജോസഫ്, ടി.വി വിജയൻ തുടങ്ങിയവർ സംസാരിച്ചു. കയ്യൂർ ചീമേനി പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി വത്സലൻ സ്വാഗതവും അസിസ്റ്റൻറ് എക്സി ക്യുട്ടീവ് എഞ്ചിനീയർ സബ് ഡിവിഷൻ കാഞ്ഞങ്ങാട് പ്രകാശ് പള്ളിക്കുടിയൻ നന്ദിയും പറഞ്ഞു.

36.64 കോടി രൂപയുടെ പദ്ധതി

തൃക്കരിപ്പൂർ -പയ്യന്നൂർ നിയോജക മണ്ഡലങ്ങളിൽപെട്ട കയ്യൂർ ചീമേനി, പിലിക്കോട്, കരിവെള്ളൂർ-പെരളം എന്നീ ഗ്രാമ പഞ്ചായത്തുകളിലൂടെ കടന്നു പോകുന്നതും നീലേശ്വരം – കരിവെള്ളൂർ പ്രദേശങ്ങളെ ബന്ധിപ്പിച്ച് ദേശീയ പാതയ്ക്ക് സമാനമായി ഉപയോഗിക്കാവുന്ന ജില്ലയിലെ പ്രധാന റോഡാണ് കയ്യൂർ-ചെമ്പ്രക്കാനം – പാലക്കുന്ന് റോഡ്.2016-17 ബജറ്റിൽ ഉൾപ്പെടുത്തി കിഫ്ബിയിലുടെയാണ് നിർമ്മാണം പൂർത്തീകരിച്ചത്.

12.32 കിലോമീറ്റർ ദൈർഘ്യമുള്ള റോഡിന് 36.64 കോടി രൂപയാണ് നിർമാണത്തിന് ചെലവഴിച്ചത്. 3 മുതൽ 3.80 മീറ്റർ വരെ മാത്രം ടാറിങ് വീതി ഉണ്ടായിരുന്ന റോഡ് 5.50 മീറ്റർ വീതിയിൽ നവീകരിക്കുകയായിരുന്നു. പദ്ധതിയുടെ ഭാഗമായി 4800 മീറ്റർ നീളത്തിൽ സംരക്ഷണ ഭിത്തികളും നിർമ്മിച്ചിട്ടുണ്ട്.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest