Categories
Gulf news trending

മധ്യപൂർവ ദേശത്തെ ഏറ്റവും വലിയ ഹിന്ദുശിലാ ക്ഷേത്രം അബുദാബിയിൽ നാടിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി; സമൂഹ പ്രാർത്ഥന നടത്തി

പിങ്ക് മണൽക്കല്ലും വെള്ള മാർബിളുമാണ് നിർമാണത്തിന് ഉപയോഗിച്ചത്

മധ്യപൂർവ ദേശത്തെ ഏറ്റവും വലിയ പരമ്പരാഗത ഹിന്ദുശിലാ ക്ഷേത്രമായ അബുദാബി ‘ബാപ്‌സ്’ ഹിന്ദുശിലാ ക്ഷേത്രം പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമർപ്പിച്ചു. പുരോഹിതരുടെ അകമ്പടിയോടെ ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തി. 27 ഏക്കര്‍ സ്ഥലത്ത് പണികഴിപ്പിച്ച അബുദാബിയിലെ ആദ്യത്തെ ഹിന്ദു ശിലാ ക്ഷേത്രമാണിത്. ബാപ്‌സ് എന്നറിയപ്പെടുന്ന ‘ബോച്ചസന്‍വാസി അക്ഷര പുരുഷോത്തം സ്വാമിനാരായണന്‍ സൻസ്ത’ ആണ് ക്ഷേത്രം നിർമിച്ചത്. വിഗ്രഹ പ്രതിഷ്‌ഠ രാവിലെ നടന്നിരുന്നു.

ബാപ്‌സ് മുഖ്യപുരോഹിതനും ആത്മീയാചാര്യനും ആയ മഹന്ത് സ്വാമി മഹാരാജ് പ്രധാന കർമങ്ങൾക്ക് നേതൃത്വം നൽകി. യു.എ.ഇ ഭരണാധികാരികൾ അടക്കം ഒട്ടേറെ അറബ് പ്രമുഖർ പങ്കെടുത്തു. ക്ഷണിക്കപ്പെട്ടവർക്ക് മാത്രമാണ് ഉദ്ഘാടന ദിനത്തിൽ പ്രവേശനം.

ദുബായ്- അബുദാബി ഹൈവേയിലെ അബു മുറൈഖയിൽ 27 ഏക്കർ സ്ഥലത്താണ് ക്ഷേത്രം. അബുദാബി സർക്കാർ സൗജന്യമായി നൽകിയ സ്ഥലത്ത് 2019ലാണ് നിർമാണം ആരംഭിച്ചത്. പിങ്ക് മണൽക്കല്ലും വെള്ള മാർബിളുമാണ് നിർമാണത്തിന് ഉപയോഗിച്ചത്.

Courtesy: ANI

ക്ഷേത്രത്തിന് ഏഴ് ശ്രീകോവിലുകളാണ് ഉള്ളത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ആരാധിക്കുന്ന ദേവതകളാണ് പ്രതിഷ്‌ഠ. അയ്യപ്പൻ, തിരുപ്പതി ബാലാജി, പുരി ജഗന്നാഥൻ, ശ്രീകൃഷ്ണനും രാധയും, ഹനുമാൻ, പരമശിവനും പാർവതിയും, ഗണപതി, മുരുകൻ, ശ്രീരാമനും സീതയും എന്നീ പ്രതിഷ്‌ഠകളാണ് ക്ഷേത്രത്തിൽ ഉണ്ടാകുക. എട്ടു പ്രതിഷ്‌ഠകൾ ക്ഷേത്ര കവാടത്തിലാണ്, ഇവ സനാധന ധർമത്തിൻ്റെ എട്ട് മൂല്യങ്ങളെ പ്രതിനിധാനം ചെയ്യും.

യു.എ.ഇയുടെ ചരിത്രവും വർത്തമാനവും തുടങ്ങിയവ അടയാളപ്പെടുത്തിയിട്ടുണ്ട്. ഏഴ് എമിറേറ്റുകളെ പ്രതിനിധാനം ചെയ്യുന്ന ഏഴ് ഗോപുരങ്ങളാണ് ക്ഷേത്രത്തിൻ്റെ പ്രധാന ആകർഷണം. 108 അടി ഉയരവും 262 അടി നീളവും 180 അടി വീതിയുമാണ് ക്ഷേത്രത്തിനുള്ളത്.

1000 വർഷം കേടുപാടുകളില്ലാതെ നിലനിൽക്കും എന്നതാണ് പ്രത്യേകത. അബുദാബിയിൽ നിന്ന് 50.9 കിലോമീറ്റർ, ദുബായിൽ നിന്ന് 93 കിലോമീറ്റർ, ഷാർജയിൽ നിന്ന് 118.5 കിലോമീറ്റർ എന്നിങ്ങനെയാണ് ക്ഷേത്രത്തിലേക്കുള്ള ദൂരം.

ഓൺലൈൻവഴി ദർശനത്തിന് രജിസ്റ്റർ ചെയ്‌തവർക്ക് 18ന് പ്രവേശനം നൽകും. തിരക്ക് നിയന്ത്രിക്കുന്നതിൻ്റെ ഭാഗമായി മാർച്ച് ഒന്നുമുതലാണ് പൊതുജനങ്ങൾക്ക് പ്രവേശനം.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest