Categories
national news trending

ലൈംഗിക പീഡന കേസില്‍ രാഷ്ട്രീയ നേതാവ് പ്രജ്വല്‍ രേവണ്ണ അറസ്റ്റില്‍; ഒരു മാസത്തെ ഒളിവ് ജീവിതം അവസാനിപ്പിച്ച് മടങ്ങിയെത്തി, ഇൻ്റെര്‍പോള്‍ ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു

ഒമ്പത് അംഗ പ്രത്യേക അന്വേഷണ സംഘവും മഫ്‌തിയില്‍ വിമാന താവളത്തിൽ ഉണ്ടായിരുന്നു

ബംഗളൂരു: ലൈംഗിക പീഡന കേസില്‍ പ്രതിയായ ജനതാദള്‍ (എസ്) നേതാവ് പ്രജ്വല്‍ രേവണ്ണ അറസ്റ്റില്‍. ലൈംഗിക പീഡന ദൃശ്യങ്ങള്‍ പുറത്തു വന്നതിന് പിന്നാലെ ജര്‍മനിയിലേക്ക് കടന്ന പ്രജ്വല്‍ രേവണ്ണയെ(33) വെള്ളിയാഴ്‌ച പുലര്‍ച്ചെ ബം​ഗളൂരു വിമാനത്താവളത്തില്‍ നിന്നാണ് കര്‍ണാടക പൊലീസ് പിടികൂടിയത്.

ഇൻ്റെര്‍പോള്‍ ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നതിനാല്‍ വിമാനത്തില്‍ നിന്ന് നേരിട്ട് പിടികൂടി വി.ഐ.പി ഗേറ്റിലൂടെ പുറത്തെത്തിച്ചു. 34 ദിവസത്തെ ഒളിവിന് ശേഷമാണ് തിരിച്ചെത്തിയത്. ബിസിനസ് ക്ലാസില്‍ 8ജി സീറ്റില്‍ പ്രജ്വല്‍ യാത്ര ചെയ്‌ത ലുഫ്‌താന്‍സ വിമാനം മ്യൂണിക്കില്‍ നിന്നു പുറപ്പെട്ട് വെള്ളിയാഴ്‌ച പുലര്‍ച്ചെ 12.48നാണ് ബംഗളൂരുവില്‍ ടെര്‍മിനല്‍ രണ്ടില്‍ ലാന്‍ഡ് ചെയ്‌തത്. ബംഗളൂരു വിമാനത്താവളത്തില്‍ കാത്തുനിന്ന പൊലീസ് സംഘം തൊട്ടു പിന്നാലെ വിമാനത്തിലേക്ക് എത്തുകയായിരുന്നു. ഒമ്പത് അംഗ പ്രത്യേക അന്വേഷണ സംഘവും മഫ്‌തിയില്‍ വിമാന താവളത്തിൽ ഉണ്ടായിരുന്നു.

പുറത്തെത്തിച്ചതിന് പിന്നാലെ പ്രജ്വലിനെ ബൗറിങ് ആശുപത്രിയില്‍ മെഡിക്കല്‍ പരിശോധനയ്ക്കായി കൊണ്ടുപോയി. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തുക ആയിരുന്നു. വിമാനത്താവളത്തിന് ചുറ്റും കനത്ത സുരക്ഷാ സന്നാഹമാണ് ഒരുക്കിയത്. ജീവനക്കാരുടെ മൊബൈല്‍ ഫോണുകള്‍ക്കുള്‍പ്പെടെ നിയന്ത്രണം ഏര്‍പ്പെടുത്തി. രാവിലെ 10ന് എസ്‌.ഐ.ടിക്ക് മുന്നില്‍ ഹാജരാകുമെന്ന പ്രജ്വലിൻ്റെ വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ജനപ്രതിനിധികളുടെ പ്രത്യേക കോടതി എം.പിക്കെതിരെ നേരത്തേ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.

സ്വയം ചിത്രീകരിച്ച മൂവായിരത്തോളം ലൈംഗിക ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെ ഏപ്രില്‍ 26ന് രാത്രിയാണ് പ്രജ്വല്‍ രാജ്യം വിട്ടത്. 60 വയസ് പിന്നിട്ട വീട്ടുജോലിക്കാര്‍ അടക്കമാണ് പ്രജ്വലിനെതിരെ പരാതിയുമായി രംഗത്തുവന്നത്. പ്രജ്വലിൻ്റെ നയതന്ത്ര പാസ്‌പോര്‍ട്ട് റദ്ദാക്കണമെന്ന കര്‍ണാടകയുടെ ആവശ്യത്തെ തുടര്‍ന്ന്, കേന്ദ്ര വിദേശകാര്യ മന്ത്രാലയം കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരുന്നു. ജൂണ്‍ രണ്ടുവരെയാണ് സമയം അനുവദിച്ചിരുന്നത്. 10 ദിവസത്തെ സമയപരിധി അവസാനിക്കുന്നതോടെ പാസ്‌പോര്‍ട്ട് റദ്ദാക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ സ്വീകരിക്കുമെന്ന് മന്ത്രാലയം വക്താവ് രണ്‍ദീപ് ജയ്‌സ്വാള്‍ അറിയിച്ചിരുന്നു.

എ.എൻ.ഐ, എക്‌സിൽ വീഡിയോ കാണാം

0Shares

Leave a Reply

Your email address will not be published. Required fields are marked *