Categories
national news trending

പ്രഗ്യാൻ റോവർ ഉറക്കത്തിലേക്ക്; ചന്ദ്രോപരിതലത്തിലെ കൊടും തണുപ്പിനെ അതിജീവിക്കാൻ കഴിഞ്ഞാൽ, സെപ്റ്റംബർ 22ന് സൂര്യോദയത്തിൽ ഉണരും

ചന്ദ്രൻ്റെ ദക്ഷിണ ധ്രുവത്തിൽ സൂര്യനുദിക്കാൻ ഇനി കാത്തിരിക്കണം

ചന്ദ്രയാൻ മൂന്നിലെ പ്രഗ്യാൻ റോവറിൻ്റെ ദൗത്യം പൂർത്തിയായി. പേ ലോഡുകളുടെ പ്രവർത്തനം നിർത്തിയെന്ന് ഐ.എസ്.ആർ.ഒ അറിയിച്ചു. ബാറ്ററികൾ പൂർണമായി ചാർജ് ചെയ്‌തശേഷം റോവറിനെ സ്ലീപ് മോഡിലേക്ക് മാറ്റി. ഇതുവരെ റോവർ ശേഖരിച്ച വിവരങ്ങൾ ലാൻഡർ വഴി ഭൂമിയിലേക്ക് കൈമാറിയിട്ടുണ്ട്.

ചന്ദ്രൻ്റെ ദക്ഷിണ ധ്രുവത്തിൽ സൂര്യനുദിക്കാൻ ഇനി സെപ്റ്റംബർ 22 വരെ കാത്തിരിക്കണം. ചന്ദ്രോപരിതലത്തിലെ കൊടും തണുപ്പിനെ അതിജീവിക്കാൻ കഴിഞ്ഞാൽ പ്രഗ്യാൻ റോവർ അന്ന് വീണ്ടും പ്രവർത്തന സജ്ജമായേക്കും.

അടുത്ത സൂര്യോദയത്തിൽ പ്രകാശം ലഭിക്കാൻ തക്കരീതിയിലാണ് റോവറിലെ സോളാർ പാനൽ ക്രമീകരിച്ചിരിക്കുന്നത്. ഓഗസ്റ്റ് 23നാണ് ചരിത്രം കുറിച്ചു കൊണ്ട് ഇന്ത്യയുടെ ചന്ദ്രയാൻ -3 ചന്ദ്രനിൽ എത്തിയത്. ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ് നടത്തുന്ന നാലാമത്തെ ലോകരാജ്യമാണ് ഇന്ത്യ.

കൂടാതെ, ചന്ദ്രൻ്റെ ദക്ഷിണ ധ്രുവത്തിൽ പേടകമിറക്കുന്ന ആദ്യ രാജ്യം കൂടിയാണ് ഇന്ത്യ. ഭൂമിയിലെ പതിനാല് ദിവസമായിരുന്നു പ്രഗ്യാൻ റോവറിൻ്റെ ദൗത്യകാലവാധി. ഈ സമയം ചന്ദ്രനിലെ ഒരു പകൽ അവസാനിക്കും. ചന്ദ്രൻ്റെ ഉപരിതലത്തിൽ 100 മീറ്ററോളം റോവർ സഞ്ചരിച്ചു.

സൂര്യനെ കുറിച്ച് പഠിക്കാനുള്ള ഇന്ത്യയുടെ ആദ്യ സൗരദൗത്യമായ ആദിത്യ എല്‍-1 കുതിച്ചുയർന്ന അതേദിവസമാണ് ചന്ദ്രനിൽ നിന്നും പ്രഗ്യാൻ റോവറിലെ അവസാന സന്ദേശം എത്തിയത്.

ചന്ദ്രനിലെ വെള്ളത്തിൻ്റെ സാന്നിധ്യം തിരിച്ചറിയുക, ചന്ദ്രോപരിതലത്തിലെ താപനില, ചന്ദ്രൻ്റെ മേൽമണ്ണിലെ ഉപരിതല ഘടകങ്ങളെ കുറിച്ച്‌ അറിയുക എന്നിവയാണ് ചന്ദ്രയാൻ-3 ദൗത്യത്തിൻ്റെ പ്രധാന ലക്ഷ്യങ്ങൾ. ചന്ദ്രോപരിതലത്തിലെ സൾഫർ, അയൺ, ഓക്‌സിജൻ തുടങ്ങി ഒട്ടേറെ ഘടകങ്ങൾ പ്രഗ്യാൻ റോവർ തിരിച്ചറിച്ചു. ചന്ദ്രൻ്റെ ഉപരിതലത്തിൽ സുരക്ഷിതമായി ലാൻഡ് ചെയ്യാനും ചലിപ്പിക്കാനുമുള്ള ഐ.എസ്.ആർ.ഒയുടെ കഴിവ് തെളിയിക്കുന്നതാണ് റോവറിൻ്റെ 100 മീറ്റർ ദൂരമുള്ള യാത്ര.

0Shares

Leave a Reply

Your email address will not be published. Required fields are marked *