Categories
news

പാലക്കാട് നിന്നും മൂന്നുമാസം മുമ്പ് കാണാതായ വിദ്യാർത്ഥിനിയെ മുംബൈയിൽ നിന്ന് പോലീസ് കണ്ടെത്തി

മൂന്നു മാസത്തോളം പുറംലോകവുമായി അധികം ബന്ധമില്ലാതെയാണ് സൂര്യ കഴിഞ്ഞത്. മൊബൈൽ ഫോൺ ഉൾപ്പെടെയുള്ളവ ഉപയോഗിച്ചിരുന്നില്ല.

പാലക്കാട് ജില്ലയിലെ ആലത്തൂരിൽ നിന്ന് മൂന്നുമാസം മുമ്പ് കാണാതായ കോളേജ് വിദ്യാർത്ഥിനി സൂര്യകൃഷ്ണയെ (22) മുംബായ് താനെയിൽ നിന്ന് പൊലീസ് കണ്ടെത്തി. പെൺകുട്ടിയെ ആലത്തൂരിലെത്തിച്ച് വൈദ്യ പരിശോധന പൂർത്തിയാക്കിയശേഷം കോടതിയിൽ ഹാജരാക്കി രക്ഷിതാക്കൾക്കൊപ്പം വിട്ടയച്ചു. പാലക്കാട് മേഴ്‌സി കോളജിലെ ബി.എ ഇംഗ്ലീഷ് രണ്ടാം വർഷ വിദ്യാർത്ഥിനിയാണ്.

പുതിയങ്കം തെലുങ്കത്തറ രാധാകൃഷ്ണൻ്റെയും സുനിതയുടെ മൂത്ത മകൾ സൂര്യകൃഷ്ണ ആഗസ്റ്റ് 30ന് ആലത്തൂർ ടൗണിലെ സ്റ്റാളിലേക്കു ബുക്ക് വാങ്ങാൻ പോയതാണ്. പിന്നീട് മടങ്ങി വന്നില്ല. തുടർന്ന് വീട്ടുകാർ പൊലീസിൽ പരാതി നൽകുകയായിരുന്നു. ഒരു ബാഗിൽ രണ്ട് ജോഡി വസ്ത്രങ്ങളുമായാണ് സൂര്യകൃഷ്ണ വീട് വിട്ടിറങ്ങിയിരുന്നത്. മൊബൈൽ ഫോണോ എ.ടി.എം കാർഡോ പണമോ ആഭരണങ്ങളോ കൈയിലുണ്ടായിരുന്നില്ല.

അന്വേഷണത്തിൽ ദേശീയപാത ആലത്തൂരിനടുത്തുള്ള ബസ് സ്റ്റോപ്പിലേക്ക് നടന്നുപോകുന്ന ദൃശ്യം സി.സി. ടി.വിയിൽ പതിഞ്ഞിരുന്നു.പിന്നീട് ആലത്തൂരിൽ നിന്ന് കോയമ്പത്തൂരിലേക്ക് പോയി. കോയമ്പത്തൂർ റെയിൽവേ സ്റ്റേഷനിൽനിന്നും മറ്റൊരു പേരിൽ മുംബായിലേക്കും ടിക്കറ്റെടുത്തു. സൂര്യയെ കണ്ടെത്തുന്നതിനായി പൊലീസ് രാജ്യവ്യാപകമായി തിരച്ചിൽ നടത്തിയിരുന്നു. മറ്റു സംസ്ഥാനങ്ങളിലടക്കം ഫോട്ടോ സഹിതം നോട്ടിസ് പതിപ്പിച്ചു. അവിടെയുള്ള മലയാളി അസോസിയേഷനുകളുടെ സഹകരണവും തേടി. എന്നാൽ കാര്യമായ ഒരു വിവരവും ലഭിച്ചില്ല.

മുംബായിൽ എത്തിയശേഷം വഴിയിൽ നിന്ന് പരിചയപ്പെട്ട ഒരു വ്യക്തിയാണ് തമിഴ് കുടുംബത്തിൻ്റെ വീട്ടിലെത്തിച്ചതെന്നാണ് സൂര്യ പൊലീസിനു നൽകിയ മൊഴി. അനാഥയാണെന്ന് ധരിപ്പിച്ചതോടെ കരുണ തോന്നിയാണ് തമിഴ് കുടുംബം അഭയം നൽകിയത്. മൂന്നു മാസത്തോളം പുറംലോകവുമായി അധികം ബന്ധമില്ലാതെയാണ് സൂര്യ കഴിഞ്ഞത്. മൊബൈൽ ഫോൺ ഉൾപ്പെടെയുള്ളവ ഉപയോഗിച്ചിരുന്നില്ല. കേസന്വേഷിക്കുന്ന പൊലീസ് സംഘം സൈബർ സെല്ലുമായി ചേർന്ന് സൂര്യയുടെ നീക്കങ്ങൾ കൃത്യമായി നിരീക്ഷിക്കുന്നുണ്ടായിരുന്നു.

കഴിഞ്ഞ ദിവസം, സൂര്യ മറ്റൊരു പേരിൽ ഫെയ്‌സ്ബുക്ക് അക്കൗണ്ട് ആരംഭിച്ചതാണ് നിർണായകമായത്. അക്കൗണ്ട് ആരംഭിച്ചശേഷം നാട്ടിലുള്ള ചില സുഹൃത്തുക്കൾക്ക് ഫ്രണ്ട് റിക്വസ്റ്റ് അയയ്ക്കുകയും ചെയ്തു.പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇതു സൂര്യ തന്നെയാണെന്നും മുംബൈയിൽ നിന്നാണ് അക്കൗണ്ട് ക്രിയേറ്റു ചെയ്തിരിക്കുന്നതെന്നും കണ്ടെത്തി.

ഇതോടെയാണ് അന്വേഷണംസംഘം മുംബായിലെത്തി തമിഴ് കുടുംബത്തിൽ നിന്നു സൂര്യയെ കണ്ടെത്തിയത്. അവിടെ ഏറെ സന്തോഷത്തോടെയാണ് കഴിഞ്ഞതെന്നാണ് സൂര്യ പൊലീസിനോടു പറഞ്ഞത്. വീട്ടിലേക്കു തിരികെപോകാൻ താൽപര്യമില്ലെന്ന് സൂര്യ അറിയിച്ചെങ്കിലും പെൺകുട്ടിയെ നാട്ടിലെത്തിച്ച് കോടതിയിൽ ഹാജരാക്കി.

0Shares

Leave a Reply

Your email address will not be published. Required fields are marked *