Categories
news

സിൽവർലൈൻ: കല്ലിടലിനെതുടർന്നുള്ള പൊലീസ് നടപടി സർക്കാരിന് ചീത്തപ്പേരുണ്ടാക്കി: പോലീസിനെതിരെ രൂക്ഷ വിമർശനവുമായി സി.പി.ഐ

സിൽവർ ലൈൻ പദ്ധതിക്കായുള്ള കല്ലിടലിനെതിരെ കണ്ണൂരിൽ സി.പി.ഐ.എം- കോൺഗ്രസ് പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായി.

സിൽവർ ലൈൻ കല്ലിടലിനെതിരായ നടപടിയിൽ പൊലീസിനെതിരെ വിമർശനവുമായി സി.പി.ഐ. തിരുവനന്തപുരം കരിച്ചാറയിൽ സമരക്കാരെ പൊലീസ് ചവിട്ടിയത് ശരിയായില്ലെന്നും സി.പി.ഐ വിമർശിച്ചു. സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിലാണ് വിമർശനമുയർന്നത്.

പൊലീസിൻ്റെ പ്രവൃർത്തി സർക്കാരിന് ചീത്തപ്പേരുണ്ടാക്കി. പദ്ധതി നടപ്പാക്കുമ്പോൾ സർക്കാർ ജനങ്ങളെ വിശ്വാസത്തിലെടുക്കണമെന്നും യോഗത്തിൽ പറഞ്ഞു. അതേസമയം, സിൽവർ ലൈൻ പദ്ധതിക്കായുള്ള കല്ലിടലിനെതിരെ കണ്ണൂരിൽ സി.പി.ഐ.എം- കോൺഗ്രസ് പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായി. കണ്ണൂർ നഗരത്തിൽ നിന്നും പത്ത് കിലോമീറ്റർ മാറി നാടാലിൽ ആണ് സംഭവം.

ഇന്ന് രാവിലെ സർവേ നടപടികൾ പൊലീസ് സംരക്ഷണയിൽ പുരോഗമിക്കുന്നതിനിടെ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി എത്തി. ഇവരെ പൊലീസ് നീക്കം ചെയ്തതിന് പിന്നാലെ എടക്കാട് ലോക്കൽ കമ്മിറ്റി സെക്രട്ടറിയുടെ നേതൃത്വത്തിൽ സ്ഥലത്ത് സി.പി.ഐ.എം പ്രവർത്തകർ സ്ഥലത്ത് എത്തുകയും സംഘർഷാവസ്ഥ രൂപപ്പെടുകയുമായിരുന്നു.

സി.പി.ഐ.എം, കോൺഗ്രസ് പ്രവർത്തകർ രണ്ടിടത്തും സംഘടിച്ചതോടെ കൂടുതൽ പൊലീസ് സ്ഥലത്തേക്കെത്തി. സംഘർഷത്തിനും പ്രതിഷേധത്തിനും ഇടയിലും കല്ലിടൽ നടന്നു. വികസനത്തിനായി വീടും സ്ഥലവും വിട്ടു കൊടുക്കാൻ ആളുകൾ തയ്യാറാണെങ്കിൽ അതിനെ അട്ടിമറിക്കാൻ ആരേയും അനുവദിക്കില്ലെന്നും കണ്ണൂർ നഗരത്തിൽ നിന്നുള്ള കോൺഗ്രസുകാരാണ് പ്രതിഷേധത്തിനായി നാടാലിലേക്ക് വരുന്നതെന്നും സി.പി.ഐ.എം പ്രവർത്തകർ അരോപിച്ചു.

0Shares

Leave a Reply

Your email address will not be published. Required fields are marked *