Categories
channelrb special local news news

സെക്യൂരിറ്റി ജീവനക്കാരന് മർദ്ദനവും ലോക് ഡൗൺ ലംഘിച്ചുവെന്ന കള്ളക്കേസും; എസ്.ഐക്കെതിരെ മുഖ്യമന്ത്രി ഉൾപ്പെടെ ഉന്നതർക്ക് പരാതി

ബേഡകം (കാസർകോട്): ബാഗും, മൊബൈൽ ഫോണും ഭർതൃവീട്ടിൽ നിന്നും വാങ്ങിത്തരണമെന്നും മറ്റും ആവശ്യപ്പെട്ട് ഭർത്താവിനെതിരെ നൽകിയ പരാതി അന്വേഷിക്കാൻ ചെന്ന ബേഡകം സ്റ്റേഷനിലെ എസ്.ഐ ബിവറേജസ് ഔട്ട്‌ലറ്റിലെ സെക്യൂരിറ്റി ജീവനക്കാരനെ ചീത്തവിളിക്കുകയും മർദിക്കുകയും ചെയ്തതായി പരാതി. ഇയാളെ ജോലിക്കിടയിൽ പോലീസ്‌ വാഹനത്തിൽ കയറ്റി സ്റ്റേഷനിൽ കൊണ്ടുപോയി ലോക് ഡൗൺ ലംഘനം നടത്തിയെന്ന് കള്ളക്കേസ് എടുത്തുവെന്നും പരാതിയിൽ പറയുന്നു.

സാമൂഹിക, രാഷ്ട്രീയ രംഗത്ത് പ്രവർത്തിക്കുന്ന കുറ്റിക്കോൽ, നെല്ലിത്താവിലെ ഏലംകുളം വീട്ടിൽ പി.വേണുഗോപാലനാണ് ബേഡകം എസ്.ഐക്കെതിരെ മുഖ്യമന്ത്രി, ജില്ലാ കളക്ടർ, ഉന്നത പോലീസ് ഉദോഗസ്ഥർ എന്നിവർക്ക് പരാതി നൽകിയത്. ഇക്കഴിഞ്ഞ 26ന് രാവിലെ ബന്തടുക്ക ബിവറേജസ് ഔട്ട്‌ലറ്റിൽ ജോലി ചെയ്തു കൊണ്ടിരിക്കെയാണ് സംഭവം.

അകാരണമായി ചീത്ത വിളിക്കുകയും അടിക്കുകയും ചെയ്തതിന് കളക്ടർക്കും എസ്.പിക്കും പരാതി നൽകുമെന്ന് സ്റ്റേഷൻ സി.ഐയുടെ സാന്നിധ്യത്തിൽ പറഞ്ഞതിനാണ് ഒറ്റയ്ക്ക് അലഞ്ഞുതിരിഞ്ഞതായി കാണിച്ച്‌ കർഫ്യൂ ലംഘനത്തിന് എസ്.ഐ കള്ളകേസെടുത്തത് എന്നും പറയുന്നു. ഭാര്യ കൊടുത്ത കേസിൽ ജാമ്യമെടുക്കാൻ വന്നവരെ തെറ്റിദ്ധരിപ്പിച്ച് രണ്ട്‌ കേസിൻ്റെ ഫയലിലും ഒപ്പിടുവിച്ച്‌ ജാമ്യത്തിൽ വിടുകയായിരുന്നുവെന്നും പിറ്റേന്ന് പത്രത്തിൽ വാർത്ത കണ്ടപ്പോഴാണ് കള്ളകേസിനെ കുറിച്ച് അറിഞ്ഞതെന്നും പരാതിക്കാരൻ പറഞ്ഞു.

തൻ്റെ ഭാര്യയെ പ്രസ്തുത എസ്.ഐ അദ്ദേഹത്തിൻ്റെ സ്വകാര്യ വാഹനത്തിൽ കയറ്റി വീട്ടിൽ കൊണ്ടുവരികയും ബാഗും, മൊബൈൽ ഫോണും കൊടുക്കണമെന്നാവശ്യപ്പെട്ട് മോശമായ ഭാഷയിൽ ചീത്ത വിളിച്ച്‌ വീട്ടിലുണ്ടായിരുന്ന വൃദ്ധരായ മൂത്തമ്മയെയും ഇളയമ്മയെയും ഭീതിയിലാക്കുകയുണ്ടായെന്നും പരാതിയിൽ പറയുന്നു. ഈ പോലീസുദ്യോഗസ്ഥൻ ഔദ്യോഗിക കൃത്യനിർവ്വഹണം ദുരുപയോഗം ചെയ്ത കാര്യങ്ങൾ അന്വേഷിച്ച്‌ നടപടിയെടുക്കണമെന്നും രജിസ്റ്റർ ചെയ്ത കള്ളക്കേസ് പിൻവലിക്കണമെന്നും പരാതിക്കാരൻ ആവശ്യപ്പെടുന്നു. കൊറോണ വൈറസിനെ നിയന്ത്രിക്കാൻ വേണ്ടി കേന്ദ്ര- കേരള സർക്കാരുകൾ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ചില പോലീസുദ്യോഗസ്ഥർ ദുരുപയോഗം ചെയ്യുന്നത് പൊതുജനങ്ങളെ ദുരിതത്തിലാക്കിയിട്ടുണ്ട്.

0Shares

Leave a Reply

Your email address will not be published. Required fields are marked *