Categories
Kerala news

വീണയ്ക്ക് ഷാര്‍ജയില്‍ ഐ.ടി കമ്പനി തുടങ്ങാന്‍ പിണറായി അനധികൃത ഇടപെടല്‍ നടത്തി; അടച്ചിട്ട മുറിയില്‍ ചര്‍ച്ച, സ്വപ്‌നയുടെ സത്യവാങ്മൂലം പുറത്ത്

സുപ്രീംകോടതിയില്‍ സ്വപ്‌ന സുരേഷ് നല്‍കിയ സത്യവാങ്മൂലത്തില്‍ പിണറായും മകളും നടത്തിയ അനധികൃത ഇടപെടലുകളുടെ വിവരങ്ങള്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനേയും കുടുംബത്തേയും സ്വര്‍ണക്കടത്തുമായി ബന്ധിപ്പിക്കുന്ന കൂടുതല്‍ ആരോപണങ്ങളുടെ വിവരങ്ങള്‍ പുറത്ത്. രഹസ്യമൊഴിക്ക് മുമ്പ് തന്നെ സുപ്രീംകോടതിയില്‍ സ്വപ്‌ന സുരേഷ് നല്‍കിയ സത്യവാങ്മൂലത്തിലാണ് പിണറായും മകളും നടത്തിയ അനധികൃത ഇടപെടലുകളുടെ വിവരങ്ങള്‍ ഉള്ളത്. പിണറായിയുടെ മകള്‍ വീണ തൻ്റെ ഐടി കമ്പനിയും ബിസിനസും ഷാര്‍ജയിലേക്ക് വ്യാപിപ്പിക്കാന്‍ ആഗ്രഹിച്ചിരുന്നു. ഇതിനായി പിണറായി വിജയന്‍ ഷാര്‍ജ ഭരണാധികാരിയുടെ സഹായം തേടിയിരുന്നു. ഷാര്‍ജ ഐ.ടി മന്ത്രിയുമായും ചര്‍ച്ചകള്‍ നടന്നു. ക്ലിഫ്ഹൗസിലെ അടച്ചിട്ട മുറിയിലായിരുന്നു ചര്‍ച്ച.

ശിവശങ്കറും നളിനി നെറ്റോയും ചര്‍ച്ചയില്‍ പങ്കെടുത്തു. തന്നെ പുറത്തു നിര്‍ത്തിയായിരുന്നു ചര്‍ച്ച. മകളും ഭാര്യയും പിണറായിക്ക് ഒപ്പമുണ്ടായിരുന്നു. എന്നാല്‍, രാജകുടുംബത്തിന് താത്പര്യമില്ലാത്തതിനാല്‍ ഷാര്‍ജിയിലേക്ക് വീണയുടെ ഐടി കമ്പനി വ്യാപിപ്പിക്കാന്‍ സാധിച്ചില്ല. ഇക്കാര്യങ്ങള്‍ കസ്റ്റംസിനെ അറിയിച്ചെങ്കിലും കാര്യമായ അന്വേഷണം നടന്നില്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

ബിരിയാണി ചെമ്പില്‍ സ്വര്‍ണം കടത്തിയെന്ന ആരോപണവും ഇതില്‍ പറയുന്നുണ്ട്. വലിയ പാത്രങ്ങളിലായിരുന്നു ലോഹ കഷണങ്ങള്‍ ക്ലിഫ്ഹൗസില്‍ എത്തിച്ചത്. കാറില്‍ കൊണ്ടുപോകാന്‍ സാധിക്കാത്തതിനാല്‍ കോണ്‍സുലേറ്റിൻ്റെ വലിയ വാഹനത്തിലാണ് പ്രത്യേക പേപ്പറില്‍ സീല്‍ ചെയ്ത് ബിരിയാണി ചെമ്പുകള്‍ എത്തിച്ചതെന്നും സ്വപ്‌ന പറയുന്നു.

0Shares

Leave a Reply

Your email address will not be published. Required fields are marked *