Categories
local news

ഹലോ കണ്‍ട്രോള്‍ റൂമില്‍ നിന്നാണ്…; സ്‌നേഹത്തിന്‍റെയും ആശ്വാസത്തിന്‍റെയും കരുതലായി കോറോണ കണ്‍ട്രോള്‍ റൂമില്‍ നിന്ന് ഫോണ്‍ വിളി

ഫോണ്‍ വിളികള്‍ കൈകാര്യം ചെയ്യുന്നത് ജില്ലയില്‍ നിന്ന് തെരഞ്ഞെടുത്ത കേരള സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ് ചന്ദ്രഗിരി റോവേര്‍സ് ആന്റ് റേന്‍ജേസ് വിദ്യാര്‍ത്ഥികളാണ്.

കാസർകോട്: ജില്ലയില്‍ കോവിഡ് നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് സ്‌നേഹത്തിന്‍റെയും ആശ്വാസത്തിന്‍റെയും കരുതലായി കോറോണ കണ്‍ട്രോള്‍ റൂമില്‍ നിന്ന് സുഖവിവരം അന്വേഷിച്ചുള്ള ഫോണ്‍ വിളി. ക്വാറന്റൈനില്‍ കഴിയുന്നവരുടെ ക്ഷേമവും സുഖവിവരങ്ങളും അറിയുന്നതിനായി ദിനം പ്രതി മുടക്കമില്ലാതെ കണ്‍ട്രോള്‍ റൂമില്‍ നിന്ന് വിളിയെത്തും.

ജില്ലയിലെ കണ്‍ട്രോള്‍ റൂമില്‍ നിന്നുള്ള ഫോണ്‍ വിളികള്‍ കൈകാര്യം ചെയ്യുന്നത് ജില്ലയില്‍ നിന്ന് തെരഞ്ഞെടുത്ത കേരള സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ് ചന്ദ്രഗിരി റോവേര്‍സ് ആന്റ് റേന്‍ജേസ് വിദ്യാര്‍ത്ഥികളാണ്. കോവിഡ് സ്‌പെഷ്യല്‍ ഓഫീസര്‍ പി.ബി.നൂഹിന്‍റെ നിര്‍ദ്ദേശ പ്രകാരമാണ് ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ ഭാഗമായുള്ള കോറോണ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനങ്ങള്‍ ഏകോപ്പിക്കാന്‍ കേരള സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ് ചന്ദ്രഗിരി റോവേര്‍സ് ആന്റ് റേന്‍ജേസ് വിദ്യാര്‍ത്ഥികളെ നിയോഗിച്ചത്.

39 പേരെയാണ് കണ്‍ട്രോള്‍ റൂമിലേക്ക് തിരഞ്ഞെടുത്തത്. 10 പേര്‍ വീതം ഓരോ ദിവസവും മാറി മാറി വരും. ഒരു ദിവസം കുറഞ്ഞത് നിരീക്ഷണത്തിലുള്ള 600 പേരെയെങ്കിലും ഇവര്‍ വിളിച്ച് അന്വേഷിക്കും. ഇതിന് പുറമേ കോവിഡ് സംശയ നിവാരണത്തിനും മറ്റുമായി വേറെയും കോളുകള്‍ കണ്‍ട്രോള്‍ റൂമിലേക്കെത്തറുണ്ട്. നീരിക്ഷണത്തിലുള്ളവര്‍ എന്തെങ്കിലും പ്രയാസങ്ങള്‍ പറഞ്ഞാല്‍ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളും ജാഗ്രതാ സമിതികളുമായി ബന്ധപ്പെട്ട് അവ പരിഹരിക്കുന്നതും ഇവരാണ്.

ഓരോ ദിവസവും ജില്ലയില്‍ കോവിഡ് സ്ഥിരീകരിക്കുന്നവരുടെ വിവരങ്ങള്‍ ആരോഗ്യ വകുപ്പ് കണ്‍ട്രോള്‍ റൂമിലേക്ക് കൈമാറും. ഇങ്ങനെ ലഭിക്കുന്ന ലിസ്റ്റില്‍ നിന്നാണ് ഇവര്‍ വിളിക്കുക. റോവറി വിഭാഗം ഹെഡ് ക്വാര്‍ട്ടര്‍ കമ്മീഷ്ണര്‍ അജിത് സി. കളനാടിന്‍റെ നേതൃത്വത്തിലാണ് വിദ്യാര്‍ത്ഥികള്‍ കണ്‍ട്രോള്‍ റൂമിലെത്തുന്നത്. ജില്ലയില്‍ ക്വാറന്റൈന്‍ ലംഘനം തടയാനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാനും ലക്ഷ്യമിട്ടാണ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം നടക്കുന്നത്. സംശയങ്ങള്‍ക്ക് കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടാം: 1077, 04994 255001, 255002, 255 003, 255 005

0Shares

Leave a Reply

Your email address will not be published. Required fields are marked *