Categories
മഞ്ചേശ്വരത്ത്, ഭൂസ്ഥിതി ധനസ്ഥിതി പരിപാടിയിൽ ഉദ്യോഗസ്ഥർക്ക് പിടിവീഴുന്നു; സംരക്ഷിത സർക്കാർ ഭൂമി പതിച്ചു നൽകിയ സംഭവം, വിശദമായ അന്വേഷണത്തിന് ഡയറക്ടറോട് അനുമതി തേടി വിജിലൻസ്
സർക്കാർ ഭൂമി പതിച്ചു കിട്ടിയതോടെ ലക്ഷങ്ങൾ വാങ്ങി ഉടനടി മറിച്ചു വിറ്റതായും കണ്ടെത്തി
Trending News
വാർത്തകൾക്ക് വാട്‍സ് ആപ്പ് ഗ്രൂപ്പ് ലിങ്ക്: https://chat.whatsapp.com/G0DqczUisfs4oeFdWdiLSX
Also Read
പീതാംബരൻ കുറ്റിക്കോൽ
മഞ്ചേശ്വരം / കാസർകോട്: സംരക്ഷിത സർക്കാർ ഭൂമി സ്വാകാര്യ വ്യക്തിക്ക് പതിച്ചു നൽകിയ സംഭവത്തിൽ കേസെടുത്ത് വിശദമായ അന്വേഷണത്തിന് വിജിലൻസ് ഡയറക്ടറോട് അനുമതി തേടി. മഞ്ചേശ്വരത്ത് അനധികൃതമായി ഭൂമി സ്വന്തമാക്കിയ വ്യക്തിക്കും ഉന്നത ഉദ്യോഗസ്ഥർക്കുമെതിരെ പ്രഥമദൃഷ്ട്യാ കുറ്റം കണ്ടതിനെ തുടർന്നാണ് കാസർകോട് വിജിലൻസ് ആന്റ് ആന്റി കറപ്ഷൻ ബ്യൂറോ അന്വേഷണത്തിന് വേണ്ടി ഡയറക്ടർക്ക് റിപ്പോർട്ട് നൽകിയത്. സർക്കാർ ഭൂമി സംരക്ഷിക്കേണ്ട ഉദ്യോഗസ്ഥർ സ്വകാര്യ വ്യക്തിക്ക് പതിച്ചു നൽകാൻ വഴിവിട്ട സഹായങ്ങൾ നൽകിയതിൽ വൻതോതിൽ കൈക്കൂലി വാങ്ങിയതായും സംശയിക്കുന്നുണ്ട്.
മഞ്ചേശ്വരം താലൂക്കിലെ മുളിഞ്ച വില്ലേജിൽ(81) റിസർവ്വേ നമ്പർ: 37/19 പുഞ്ച, ബുറാക്ക് സ്ട്രീറ്റ് എന്ന സ്ഥലത്ത് 65.17 ആർ ഭൂമി കയ്യേറി സ്വകാര്യ വ്യക്തി വർഷങ്ങളായി കൈവശം വെച്ചു. 2007ൽ റീസർവ്വേ ഉദ്യോഗസ്ഥർ ബേസിക് ടാക്‌സ് രജിസ്റ്ററിൽ സ്വകാര്യ ഭൂമിയാക്കി കാണിച്ചു. 2021വരെ 33.18 ആർ സ്ഥലത്തിന് നികുതി അടക്കുന്ന മേപ്പടി സ്വകാര്യ വ്യക്തിക്ക് 2022ൽ 65.17 ആർ ഭൂമിക്ക് കൂടി നികുതി സ്വീകരിക്കുകയും ഭാര്യയുടെ പേരിൽ ആധാരമാക്കി രജിസ്റ്റർ ചെയ്യുകയും, 2255 തണ്ടപ്പേരിലാക്കുകയും ചെയ്‌തു.
രജിസ്‌ട്രേഷൻ നടത്തുന്നതിന് വില്ലേജിൽ നിന്നും പൊസിഷൻ സർട്ടിഫിക്കറ്റ് നൽകി. മുമ്പ് മറ്റൊരാളിൽ നിന്നും വാങ്ങിയ 33.18 ആർ സ്ഥലം മാത്രമാണ് അടിയാധാരത്തിൽ ഉള്ളത്. സർക്കാർ ഭൂമി അനധികൃതമായി പതിച്ചു കിട്ടിയതോടെ പല വ്യക്തികൾക്കായി ലക്ഷങ്ങൾ വാങ്ങി ഉടനടി മറിച്ചു വിറ്റതായും വിജിലൻസ് കണ്ടെത്തി.
റീസർവ്വേ ഉദ്യോഗസ്ഥർ സർവേയിൽ സ്വകാര്യ ഭൂമിയാക്കി കാണിക്കുകയും വില്ലജ് ഉദ്യോഗസ്ഥർ നികുതി, പൊസിഷൻ തുടങ്ങിയ സർട്ടിഫിക്കറ്റുകൾ നൽകുകയും സബ് രജിസ്ട്രാർ ഉദ്യോഗസ്ഥർ അനധികൃതമായി രജിസ്റ്റർ ചെയ്‌തു നൽകിയതിലും വൻ അഴിമതി നടന്നിട്ടുണ്ടെന്നാണ് വിജിലൻസിൻ്റെ
പരിശോധനയിൽ വ്യക്തമായത്.
കാസർകോട് വിജിലൻസ് ഡി.വൈ.എസ്.പി കെ.വി വേണുഗോപാലിൻ്റെ നേതൃത്വത്തിൽ ഇക്കഴിഞ്ഞ ഡിസംബർ 9ന് വെള്ളിയാഴ്‌ച ഉപ്പള മുളിഞ്ച ഗ്രൂപ്പ് വില്ലേജ് ഓഫിസിലും മഞ്ചേശ്വരം താലൂക്ക് ഓഫിസിലും സർക്കാർ ഭൂമി തട്ടിയെടുത്ത സ്ഥലത്തും മിന്നൽ പരിശോധന നടത്തിയിരുന്നു. സർക്കാർ ഭൂമി സ്വകാര്യ വ്യക്തി സ്വന്തമാക്കി വിൽപന നടത്തുന്നതുവരെയുള്ള വിവിധ നടപടിക്രമങ്ങളിൽ മുളിഞ്ച വില്ലേജ്, മഞ്ചേശ്വരം താലൂക്ക് റവന്യൂ ഉദ്യോഗസ്ഥർ, റീസർവ്വേ ഉദ്യോഗസ്ഥർ, മഞ്ചേശ്വരം സബ് രജിസ്ട്രാർ ഓഫീസിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ അന്യായമായി കൂട്ടുനിന്നു.
1936ൽ ബ്രിട്ടീഷ് ഭരണകാലത്താണ് ഈ പ്രദേശത്ത് ആദ്യമായി ഭൂമിയുടെ സർവ്വേ നടന്നത്. 2007 മെയ് മാസത്തിൽ കേരള സർക്കാർ റവന്യു വിഭാഗം റിസർവ്വേ പൂർത്തിയാക്കിയ ശേഷം അന്നത്തെ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് പ്രദേശവാസിയായ ഒരു വ്യക്തി ഭൂസ്വത്ത് സ്വന്തം പേരിലാക്കുകയായിരുന്നു. കൂടാതെ 2003ൽ അപേക്ഷിക്കുകയും 2018ൽ റീസർവ്വേ നമ്പർ 39 / 5ൽ 65 ആർ ഭൂമി അധികമായി പട്ടയം ലഭിച്ചിട്ടുണ്ടെന്നും വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്.
വിജിലൻസ് അന്വേഷണത്തിൽ മറ്റൊരു കാര്യം കൂടി കണ്ടെത്തിയിട്ടുണ്ട്. അബദ്ധത്തിലാണ് നികുതി സ്വീകരിച്ചതെന്ന് അന്നത്തെ വില്ലജ് ഓഫീസർ റിപ്പോർട് നൽകിയിരിക്കുകയാണ്. എന്നാൽ ഇക്കാര്യത്തിൽ തഹസിൽദാർ യാതൊരു നടപടിയും സ്വീകരിക്കാതെ നിയമോപദേശം തേടുകയും കുറ്റക്കാരായ ഉദ്യോഗസ്ഥരെ സംരക്ഷിക്കാനുമാണ് തയ്യാറായത്.
മഞ്ചേശ്വരം മുളിഞ്ച വില്ലേജിലേതിന് സമാനമായി ജില്ലയിലെ മറ്റ് വില്ലേജുകളിലും ഇത്തരത്തിൽ സർക്കാർ ഭൂമി സ്വകാര്യ വ്യക്തികൾക്ക് അന്യായമായി പതിച്ചുകൊടുത്തതായി സൂചനയുണ്ടെന്നും ഡയറക്ടർക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നുണ്ട്. അതിനാൽ കേസ്സെടുത്ത് വിശദമായ അന്വേഷണം വേണമെന്നാണ് വിജിലൻസ് ബ്യൂറോ ആവശ്യപ്പെടുന്നത്. സർക്കാരിനെ വഞ്ചിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് നടപടികൾ കടുപ്പിച്ചിട്ടുണ്ട്.
Sorry, there was a YouTube error.