Categories
Kerala news

പെരിയ കല്ല്യോട്ട് കേസ് പ്രതിയുടെ മകൻ്റെ വിവാഹ സൽക്കാരത്തിൽ പങ്കെടുത്ത കുറ്റം; നാല് മുതിർന്ന നേതാക്കളെ പുറത്താക്കി, രാജ്‌മോഹൻ ഉണ്ണിത്താൻ എം.പിയുടെ കളികളെന്ന് ആരോപണം, കോൺഗ്രസിൽ വിവാദം പുകയുന്നു

രണ്ടംഗ അന്വേഷണ സമിതിയുടെ റിപ്പോർ‍ട്ട് പരിഗണിച്ചാണ് നടപടി

കാസർകോട്: പെരിയ, കല്ല്യോട്ട് ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകൻ്റെ വിവാഹ ചടങ്ങിൽ പങ്കെടുത്ത നാല് മുതിർന്ന കോൺഗ്രസ് നേതാക്കളെ അന്വേഷണ കമ്മീഷൻ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ പാർട്ടിയിൽ നിന്ന് പുറത്താക്കി. കെ.പി.സി.സി അംഗം ബാലകൃഷ്‌ണൻ പെരിയ, മുൻ ബ്ലോക്ക് പ്രസിഡണ്ട് രാജൻ പെരിയ, മുൻ മണ്ഡലം പ്രസിഡണ്ടുമാരായ പ്രമോദ് പെരിയ, രാമകൃഷ്‌ണൻ പെരിയ എന്നിവരെയാണ് കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയത്. സംഭവത്തെ തുടർന്ന് കോൺഗ്രസിൽ വിവാദം പുകയുന്നു. പിന്നിൽ രാജ്‌മോഹൻ ഉണ്ണിത്താൻ എം.പിയുടെ കളികളെന്ന് ആരോപണം

കോൺഗ്രസ് നിയോഗിച്ച രണ്ടംഗ അന്വേഷണ സമിതിയുടെ റിപ്പോർ‍ട്ട് പരിഗണിച്ചാണ് നടപടി. രക്തസാക്ഷികളുടെ കുടുംബങ്ങളെ നേതാക്കള്‍ പരസ്യമായി അപമാനിച്ചുവെന്നാണ് കെ.പി.സി.സി നേതൃത്വത്തിൻ്റെ വിലയിരുത്തല്‍. വിവാഹ ചടങ്ങില്‍ നേതാക്കള്‍ പങ്കെടുത്തത് ഗുരുതര തെറ്റാണെന്നും പ്രവര്‍ത്തകരുടെ ആത്മവീര്യം തകര്‍ക്കുന്ന നടപടിയാണെന്നും ആയിരുന്നു അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട്. ജില്ലയിലെ രക്തസാക്ഷി കുടുംബങ്ങളെ നേതൃത്വം അവഗണിക്കുന്നതായും കണ്ടെത്തലിൽ ഉണ്ടായിരുന്നു.

രക്തസാക്ഷി കുടുംബങ്ങളെ സംരക്ഷിക്കുന്നതിന് കേന്ദ്രീകൃത സംവിധാനം വേണമെന്നും നിർദേശിച്ചിരുന്നു. പ്രതിമാസം ജില്ലാ നേതാക്കള്‍ രക്തസാക്ഷികളുടെ വീട് സന്ദര്‍ശിക്കണം. രക്തസാക്ഷി കുടുംബങ്ങളെ സംരക്ഷിക്കാന്‍ കെ.പി.സി.സി നേതൃത്വത്തില്‍ കമ്മിറ്റിക്ക് രൂപം നല്‍കണമെന്നും റിപ്പോർട്ട് നിർദേശിക്കുന്നു. പി.എം നിയാസ്, എന്‍.സുബ്രഹ്‌മണ്യന്‍ എന്നിവര്‍ക്കായിരുന്നു അന്വേഷണ ചുമതല.

ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെയാണ് വിവാഹ സത്കാരവുമായി ബന്ധപ്പെട്ട വിവാദം ഉയർന്നു വന്നത്. പെരിയ ഇരട്ടക്കൊലപാതക കേസിലെ പതിമൂന്നാം പ്രതിയും സി.പി.എം നേതാവുമായ എൻ.ബാലകൃഷ്‌ണൻ്റെ മകൻ്റെ വിവാഹ സർക്കാരത്തിലാണ് ഇവർ പങ്കെടുത്തത്. ചടങ്ങിൽ പങ്കെടുത്തതിൻ്റെ ഫോട്ടോ പുറത്തുവന്നതിന് പിന്നാലെ പുല്ലൂർ- പെരിയ മണ്ഡലം പ്രസിഡണ്ട് പ്രമോദ് പെരിയയുടെ സ്ഥാനം തെറിച്ചിരുന്നു.

ഇത്‌ പൊറുക്കാൻ കഴിയാത്ത തെറ്റെന്ന് പറഞ്ഞാണ് ഡി.സി.സി പ്രസിഡണ്ട് പി.കെ ഫൈസൽ പ്രമോദിനെ മണ്ഡലം പ്രസിഡണ്ട് സ്ഥാനത്ത് നിന്ന് നീക്കിയത്. താൻ മാത്രമല്ല വിവാഹ സൽക്കാരത്തിൽ പങ്കെടുത്തതെന്നും കോൺഗ്രസ് നേതാക്കൾ പലരും ഉണ്ടായിരുന്നുവെന്നും അവരുടെ പേരുപറഞ്ഞ് പ്രമോദ് രംഗത്ത് എത്തുകയായിരുന്നു.

0Shares

1 reply on “പെരിയ കല്ല്യോട്ട് കേസ് പ്രതിയുടെ മകൻ്റെ വിവാഹ സൽക്കാരത്തിൽ പങ്കെടുത്ത കുറ്റം; നാല് മുതിർന്ന നേതാക്കളെ പുറത്താക്കി, രാജ്‌മോഹൻ ഉണ്ണിത്താൻ എം.പിയുടെ കളികളെന്ന് ആരോപണം, കോൺഗ്രസിൽ വിവാദം പുകയുന്നു”

എടാ ബാലകൃഷ്ണ
പോയി ഉറങ്ങടാ
ഉണ്ണിച്ച ഞമ്മളെ മുത്താണ് ഉണ്ണിച്ചാനെ തൊട്ടു കളി വേണ്ട 😡

Leave a Reply

Your email address will not be published. Required fields are marked *