Categories
channelrb special Kerala local news news trending

14 പേർ കുറ്റക്കാരാണെന്ന് കോടതി; 10 പേരെ വെറുതെ വിട്ടു; കൊലപാതകത്തിന് പിന്നിൽ സി.പി.എം നേതാക്കളെന്നത് തെളിഞ്ഞു; സർക്കാരിന് വലിയ തിരിച്ചടി..

കൊച്ചി, കാസർഗോഡ്: പേരിയ ഇരട്ടക്കൊലക്കേസിൽ 14 പേർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. പത്ത് പ്രതികളെ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെ വിട്ടു. 24 പ്രതികളിൽ 10 പേരെയാണ് കോടതി വെറുതെ വിട്ടത്. ബാക്കിയുള്ള 14 പേരിൽ 8 പേരും നേരിട്ട് കൊലപാതകത്തിൽ പങ്കുള്ളവരാണ്. ഉദുമ മുൻ എം.എൽ.എയും സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ കെ.വി കുഞ്ഞിരാമൻ, ഉദുമ മുന്‍ ഏരിയ സെക്രട്ടറിയും കാഞ്ഞങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമായ കെ. മണികണ്ഠന്‍, രാഘവന്‍ വെളുത്തോളി (മുന്‍ പാക്കം ലോക്കല്‍ സെക്രട്ടറി), കെ.വി. ഭാസ്കരൻ, എ. സുരേന്ദ്രന്‍ (വിഷ്ണു സുര), ടി. രഞ്ജിത്ത് എന്നിവരും കുറ്റക്കാരനാണെന്ന് സി.ബി.ഐ കോടതി വിധിയിൽ വ്യക്തമാക്കി. ശിക്ഷിക്കപ്പെട്ട 14 പേരിൽ ആറ് പേർ സി.പി.എമ്മിൻ്റെ പ്രധാന നേതാക്കളാണ്. കുറ്റക്കാരായവർക്ക് ശിക്ഷ ജനുവരി മൂന്നിന് പ്രസ്‌താവിക്കും. കൊലപാതകത്തിൻറെ മുഖ്യ ആസൂത്രകൻ സി.പി.എം പെരിയ ലോക്കൽ കമ്മിറ്റി മുൻ അംഗം എ പീതാംബരനാണ്, സജി സി. ജോര്‍ജ് (സജി), കെ.എം. സുരേഷ്, കെ. അനില്‍ കുമാര്‍ (അബു), ജിജിന്‍, ആര്‍. ശ്രീരാഗ് (കുട്ടു), എ. അശ്വിന്‍ (അപ്പു), സുബീഷ് (മണി) എന്നിവർക്കെതിരെ കൊലക്കുറ്റം തെളിഞ്ഞു. കെ.മണികണ്ഠൻ, കെ വി.കുഞ്ഞിരാമൻ, രാഘവൻ വെളുത്തോളി, കെ.വി ഭാസ്കരൻ എന്നിവർക്ക് ശിക്ഷ വിധിക്കുന്നത് വരെ ജാമ്യത്തിൽ തുടരാമെന്ന് കോടതി ഉത്തരവിൽ വ്യക്തമാക്കി. എറണാകുളം സിബിഐ കോടതി ജഡ്‌ജ് എൻ. ശേഷാദ്രിനാഥനാണ് വിധി പ്രസ്താവിച്ചത്. പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായിരുന്ന കൃപേഷിനേയും ശരത് ലാലിനേയും വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് ഉത്തരവ്. കൊലപാതകം, ഗൂഢാലോചന, തെളിവു നശിപ്പിക്കൽ തുടങ്ങിയ വിവിധ കുറ്റങ്ങളാണ് ഒന്ന് മുതൽ 24 വരെയുള്ള പ്രതികൾക്കെതിരെ ചുമത്തിയത്. 2019 ഫെബ്രുവരി 17നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. വിധിയിൽ സി.പി.എം പ്രവർത്തകരുടെ പങ്ക് തെളിഞ്ഞതിൽ ആശ്വാസം എങ്കിലും വെറുതെ വിട്ട പ്രതികളുടെ കാര്യത്തിൽ നിരാശയുണ്ട്. നിയമപോരാട്ടം തുടരുമെന്ന് കുടുംബവും കോൺഗ്രസ്സ് നേതാക്കളും പ്രതികരിച്ചു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest