Categories
international news

വിമാനത്താവളത്തില്‍ സ്വന്തം കുഞ്ഞിനെ ഉപേക്ഷിച്ച് മുങ്ങാന്‍ മാതാപിതാക്കളുടെ ശ്രമം; എന്തുകൊണ്ടെന്നറിയാം

എട്ട് ദിവസത്തിനും 23 മാസത്തിനും ഇടയില്‍ പ്രായമുള്ള കുട്ടികളെ മുതിര്‍ന്നവരുടെ മടിയില്‍ യാത്ര ചെയ്യാന്‍ അനുവദിക്കുന്നു

കുട്ടിയെ വിമാനത്തില്‍ കൊണ്ടുപോകാന്‍ കൂടുതല്‍ പണം നല്‍കണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് സ്വന്തം കുഞ്ഞിനെ ഇസ്രായേലിലെ വിമാനത്താവളത്തില്‍ ഉപേക്ഷിക്കാന്‍ മാതാപിതാക്കളുടെ ശ്രമം.ടെല്‍ അവീവില്‍ നിന്ന് ബെല്‍ജിയത്തിലെ ബ്രസല്‍സിലേക്കുള്ള റയാന്‍ എയര്‍ വിമാനത്തില്‍ കയറാനാണ് ദമ്പതികളും കുഞ്ഞും എത്തിയത്. ഇസ്രായേലിലെ ബെന്‍-ഗുറിയോണ്‍ എയര്‍പോര്‍ട്ടിലാണ് സംഭവം.

യാത്രക്കെത്തിയ ദമ്പതികളുടെ കൈവശം രണ്ട് യാത്രാടിക്കറ്റാണ് ഉണ്ടായിരുന്നത്. കുഞ്ഞിനായുള്ള ടിക്കറ്റ് ഇവരുടെ കൈവശം ഉണ്ടായിരുന്നില്ല. കുഞ്ഞിന് യാത്ര ചെയ്യണമെങ്കില്‍ അധിക പണം നല്‍കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടതോടെയാണ് മാതാപിതാക്കളുടെ ക്രൂരത. കുഞ്ഞുങ്ങളോടൊപ്പം യാത്ര ചെയ്യുന്ന മുതിര്‍ന്നവര്‍ക്കായി റയാന്‍ എയര്‍ രണ്ട് ഓപ്ഷനുകള്‍ വാഗ്ദാനം ചെയ്യുന്നു; അവര്‍ക്ക് ഒന്നുകില്‍ കുഞ്ഞിനെ മടിയില്‍ ഇരുത്തി യാത്ര ചെയ്യാം. അല്ലെങ്കില്‍ കുഞ്ഞിന് സ്വന്തം സീറ്റിനായി പണം നല്‍കാം.

എട്ട് ദിവസത്തിനും 23 മാസത്തിനും ഇടയില്‍ പ്രായമുള്ള കുട്ടികളെ മുതിര്‍ന്നവരുടെ മടിയില്‍ യാത്ര ചെയ്യാന്‍ അനുവദിക്കുന്നു, കൂടാതെ ഒരു ഫ്‌ലൈറ്റിന് 25 പൗണ്ട് അധികമായി ചിലവാകും. എന്നാല്‍ മാതാപിതാക്കള്‍ കുഞ്ഞിനായുള്ള പണം നല്‍കാന്‍ വിസമ്മതിക്കുകയായിരുന്നു.

ഇസ്രായേല്‍ എയര്‍പോര്‍ട്ട് അതോറിറ്റി പറയുന്നതനുസരിച്ച് ചെക്ക്-ഇന്‍ കൗണ്ടര്‍ അടച്ചതിന് ശേഷം ദമ്പതികള്‍ ടെര്‍മിനലില്‍ വൈകിയാണ് എത്തിയത്. തങ്ങളുടെ യാത്രാ പദ്ധതികളുമായി മുന്നോട്ട് പോകാനുള്ള ശ്രമത്തില്‍ അവര്‍ ചെക്ക്-ഇന്‍ ഡെസ്‌കിന് സമീപം കുഞ്ഞിനെ ഉപേക്ഷിച്ച് നേരെ സെക്യൂരിറ്റിയിലേക്ക് പോകാന്‍ ശ്രമിക്കുകയായിരുന്നു.

ഭാഗ്യവശാല്‍ എയര്‍പോര്‍ട്ട് ജീവനക്കാര്‍ സംഭവം കാണുകയും പോലീസിനെ അറിയിക്കുകയും ചെയ്തു. അവര്‍ വിമാനത്തില്‍ കയറുന്നതിന് മുമ്പ് തന്നെ മാതാപിതാക്കളെ കണ്ടെത്തി ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്തു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest