Categories
health Kerala local news

ഭിന്നശേഷിക്കാരെ ചേര്‍ത്ത് പിടിച്ച് പരപ്പ ബ്ലോക്ക് പഞ്ചായത്ത്; സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്തു

കാസർകോട്: പരപ്പ ആസ്പിരേക്ഷണല്‍ ബ്ലോക്ക് പഞ്ചായത്ത് പരിപാടിയുടെ ഭാഗമായി ഭിന്നശേഷികാര്‍ക്ക് സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്തു. ജില്ലാകളക്ടര്‍ കെ. ഇമ്പശേഖര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ലക്ഷ്മി അധ്യക്ഷത വഹിച്ചു. ജില്ലാ സാമൂഹിക നീതി ഓഫീസര്‍ ആര്യ പി രാജ് മുഖ്യാതിഥിയായി. കെ.എസ്.എസ്.എം കോര്‍ഡിനേറ്റര്‍ സി. രാജേഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗിരിജാ മോഹന്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡന്റ് കെ.ഭൂപേഷ്, സ്ഥിരം സമിതി അധ്യക്ഷന്‍മാരായ രജനി കൃഷ്ണന്‍, പി.വി ചന്ദ്രന്‍, എം. പത്മകുമാരി, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ അന്നമ്മ മാത്യു തുടങ്ങിയവര്‍ സംസാരിച്ചു. ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സി.എം സുഹാസ് സ്വാഗതവും കെ.എസ്.എസ്.എം ജില്ലാ കോര്‍ഡിനേറ്റര്‍ മുഹമ്മദ് അഷ്‌റഫ് നന്ദിയും പറഞ്ഞു.

നീതി ആയോഗിൻ്റെ നേതൃത്വത്തില്‍ രാജ്യത്തെ 500 ബ്ലോക്കുകളില്‍ നടത്തുന്ന പരിപാടിയാണ് ആസ്പിരേക്ഷണല്‍ ബ്ലോക്ക് പദ്ധതി. ആരോഗ്യവും പോഷകവും, വിദ്യാഭ്യാസം, കൃഷിയും അനുബന്ധ പ്രവര്‍ത്തനങ്ങളും, അടിസ്ഥാന സൗകര്യം, സാമൂഹ്യ വികസനം എന്നീ അഞ്ച് മേഖലകളിലെ 39 സൂചകങ്ങളുടെ വളര്‍ച്ച ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളാണ് ഇതിലൂടെ നടക്കുന്നത്. ഈ മേഖലയിലെ മികച്ച പ്രവര്‍ത്തനത്തിൻ്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ മുന്‍ നിര ബ്ലോക്ക്കളില്‍ ഒന്നായി മാറി. നീതി ആയോഗിൻ്റെ 3.5കോടി രൂപയുടെ പുരസ്‌കാരം നേടുന്നതിനു പരപ്പ ബ്ലോക്കിന് കഴിഞ്ഞിട്ടുണ്ട്. ഈ പ്രവര്‍ത്തനങ്ങളോടൊപ്പം തന്നെ പൊതു മേഖല സ്ഥാപനമായ ആര്‍ട്ടിഫിഷ്യല്‍ ലിംബ്‌സ് മാനുഫാക്ചറിങ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ യുടെയും ജില്ലാ ഭരണ കൂടത്തിൻ്റെയും സാമൂഹ്യ സുരക്ഷാ മിഷൻ്റെയും സാമൂഹ്യ നീതി വകുപ്പിൻ്റെയും സഹായത്തോടെയാണ് ബ്ലോക്ക് പഞ്ചായത്ത് ഭിന്നശേഷി കാര്‍ക്കുള്ള സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്തത്. ബ്ലോക്ക് പരിധിയിലെ ഏഴ് ഗ്രാമ പഞ്ചായത്തുകളിലെ ഭിന്നശേഷിക്കാര്‍ക്കായി പൂടങ്കല്ല് ബഡ്‌സ് സ്‌കൂളില്‍ നടത്തിയ സ്‌ക്രീനിംഗ് ക്യാമ്പില്‍ നിന്നും തിരഞ്ഞെടുത്ത 186 ഗുണഭോക്താക്കള്‍ക്ക് വീല്‍ ചെയറുകള്‍, മോട്ടറൈസ്ഡ് ട്രൈ സൈക്കിള്‍, ശ്രവണ സഹായികള്‍, വിവിധ തരം ക്രച്ചസുകള്‍, വോക്കിങ് സ്റ്റിക്കുകള്‍, റോളറ്റര്‍കള്‍, കൃത്രിമ കാലുകള്‍, സ്മാര്‍ട്ട് ഫോണ്‍ തുടങ്ങി 15.87ലക്ഷം രൂപയുടെ വിവിധ തരം ഉപകരണങ്ങള്‍ ആണ് ഈ പരിപാടിയില്‍ ഉള്‍പ്പെടുത്തിയത്. സ്‌ക്രീനിംഗ് ക്യാമ്പില്‍ പങ്കെടുത്തവരില്‍ നിന്നും വിദഗ്ദര്‍ തിരഞ്ഞെടുത്ത 186 ഗുണഭോക്താക്കള്‍ക്കാണ് സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്തത്.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest