Categories
news

അതിജീവന വേരുറപ്പിച്ച് മടിക്കൈയിലെ പച്ചത്തുരുത്തുകള്‍; 100 പച്ചത്തുരുത്തുകള്‍ ലക്ഷ്യമിട്ട് പഞ്ചായത്ത്

മണക്കടവ് ചാലിന്റേയും വാഴക്കോട്ട് തോടിന്റേയും നവീകരണവും മടിക്കൈ പുഴയുടെ ശുചീകരണവും വലിയ ജന പങ്കാളിത്തത്തോടെ ആഘോഷമാക്കി.

കാസര്‍കോട്: മടിക്കൈ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ വളരുന്നത് 79 ഓളം ചെറുവനങ്ങള്‍. ഹരിത കേരളം മിഷന്‍റെ നേതൃത്വത്തില്‍ ഒരുക്കിയ പച്ചത്തുരുത്തുകളാണ് പ്രതീക്ഷയുടെ തണലാകുന്നത്. കാവുകളും വനങ്ങളുമെല്ലാം പച്ചത്തുരുത്ത് പദ്ധതിയോട് ചേര്‍ത്ത് സംരക്ഷിച്ച് മാതൃകയാവുകയാണ് മടിക്കൈ പഞ്ചായത്ത്. നാട്ടിലെ ജനങ്ങളും നിലനില്‍പിന്റെ ജൈവ തുരുത്തുകള്‍ക്കായി ഒപ്പം ചേര്‍ന്നതോടെ പഞ്ചായത്തിലെ പച്ചത്തുരുത്ത് പദ്ധതിയ്ക്ക് ലഭിക്കുന്നത് മികച്ച പ്രികരണമാണ്. സംസ്ഥാനത്ത് ഏറ്റവും അധികം പച്ചത്തുരുത്തുകള്‍ നിര്‍മ്മിച്ച പഞ്ചായത്തുകളിലൊന്നാണ് മടിക്കൈ.

പ്രകൃതി സംരക്ഷണത്തിന്‍റെ ആദ്യ ഘട്ടത്തില്‍ മടിക്കൈ പുഴയുടെ മൂന്ന് കൈവഴികളിലൂടെ ഒരു ജല പദയാത്ര നടത്തി. വിവിധ ഭാഗങ്ങളില്‍ 64 ഓളം തടയണകള്‍ നിര്‍മ്മിച്ചു. മണക്കടവ് ചാലിന്റേയും വാഴക്കോട്ട് തോടിന്റേയും നവീകരണവും മടിക്കൈ പുഴയുടെ ശുചീകരണവും വലിയ ജന പങ്കാളിത്തത്തോടെ ആഘോഷമാക്കി.

ഹരിതകേരളം മിഷന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ തുടക്കം കുറിച്ച പച്ചത്തുരുത്ത് പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ പഞ്ചായത്തിലെ 15 വാര്‍ഡുകളിലുമായി 24 പച്ചത്തുരുത്തുകളാണ് ഒരുക്കിയത്. പച്ചത്തുരുത്തുകള്‍ ഒരുക്കുന്നതിനായി പഞ്ചായത്ത്തലത്തിലും വാര്‍ഡുകളിലും പ്രത്യേക കമ്മറ്റികള്‍ ഉണ്ടാക്കി. കുടുംബശ്രീ, തൊഴിലുറപ്പ്, ക്ലബ്ബുകള്‍, വായനശാലകള്‍ എന്നിവയുടെ യോഗം ചേര്‍ന്ന് പച്ചത്തുരത്ത് സമിതിയെക്കുറിച്ച് ചര്‍ച്ച ചെയ്ത് എല്ലാ വാര്‍ഡിലും അനുയോജ്യമായ സ്ഥലം കണ്ടെത്തി.

കാവുകളുടേയും താനങ്ങളുടേയും നാടായ മടിക്കൈയില്‍ പഞ്ചായത്ത് പരിധിയിലുള്ള അമ്പലങ്ങളുടേയും താനങ്ങളുടേയും കാവുകളുടേയും സംരക്ഷണ സമിതികളുടെ സംയുക്ത യോഗം വിളിച്ച് അവയുടെ സംരക്ഷണം ജനകീയ പങ്കാളിത്തത്തോടെ ഏറ്റെടുത്ത് നടത്തി. 2016-17 സാമ്പത്തിക വര്‍ഷം 15000 വൃക്ഷത്തൈകള്‍ സോഷ്യല്‍ ഫോറസ്ട്രിയും കുടുംബശ്രീയുമായി ചേര്‍ന്ന് വിതരണം ചെയ്തു. ഈ കാവുകള്‍ പിന്നീട് പച്ചത്തുരുത്തിന്‍റെ ഭാഗമായി. പഞ്ചായത്ത് പരിധിയിലെ ആറ് സ്‌കൂളുകളില്‍ പച്ചത്തുരുത്തുണ്ടാക്കി.

0Shares

Leave a Reply

Your email address will not be published. Required fields are marked *