Categories
local news

തുടര്‍ച്ചയായ രണ്ടാം വര്‍ഷവും നെല്‍കൃഷിയില്‍ നൂറുമേനി കൊയ്ത് പള്ളിക്കര സര്‍വീസ് സഹകരണ ബാങ്ക്

വിളവെടുപ്പ് ഉത്സവം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠന്‍ ഉദ്ഘാടനം ചെയ്തു. പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റ് എം. കുമാരന്‍ അധ്യക്ഷനായി.

കാസർകോട്: പള്ളിക്കര സര്‍വീസ് സഹകരണ ബാങ്കിൻ്റെ നേതൃത്വത്തില്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും 24 കൊല്ലമായി തരിശിട്ട അഞ്ച് ഏക്കര്‍ പാടത്ത് നെല്‍കൃഷി ചെയ്തു വിളവെടുത്ത് നൂറ് മേനി കൊയ്തു. സംസ്ഥാന സര്‍ക്കാരിൻ്റെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ബേക്കല്‍ ബീച്ച് പാര്‍ക്കിന് സമീപം റെയില്‍വേ പാതയ്ക്ക് സമാന്തരമായി പടിഞ്ഞാറ് ഭാഗത്ത് സ്വകാര്യ വ്യക്തികളില്‍ നിന്നും പാട്ടത്തിനെടുത്ത പാടത്താണ് ഭൂവുടമകളുടെ സമ്മതപ്രകാരം നെല്‍കൃഷി ചെയ്തത്.

ബാങ്കിൻ്റെ തന്നെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ നെല്ലിനങ്ങളായ ജയ, നവരത്‌ന, ജ്യോതി എന്നീ നെല്‍വിത്തിനങ്ങള്‍ ഉപയോഗിച്ചാണ് വിത്ത് പാകി മുളപ്പിച്ച് എടുത്തു ഞാറുകള്‍ തയ്യാറാക്കി കൃഷിക്ക് ഉപയോഗിച്ചത്. ബേക്കല്‍ ബീച്ച് പാര്‍ക്ക് തൊഴിലാളികളുടേയും തൊഴിലുറപ്പ് തൊഴിലാളികളുടെയും ബാങ്ക് ഭരണസമിതി, ജീവനക്കാരുടെയും പള്ളിക്കര പഞ്ചായത്ത്, കൃഷിഭവന്റെയും പൂര്‍ണ സഹകരണത്തോടെയാണ് കൃഷിക്കാവശ്യമായ പദ്ധതികള്‍ തയ്യാറാക്കിയത്.

കഴിഞ്ഞവര്‍ഷം റെയില്‍വേ പാളത്തിന് കിഴക്കുവശത്തെ പാടത്ത് കൃഷി ചെയ്തു ബാങ്കിന് നല്ല വിളവ് ലഭിച്ചിരുന്നു. വിളവെടുപ്പ് ഉത്സവം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠന്‍ ഉദ്ഘാടനം ചെയ്തു. പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റ് എം. കുമാരന്‍ അധ്യക്ഷനായി. ജില്ലാ കൃഷി ഓഫീസര്‍ ആര്‍. വീണാറാണി മുഖ്യാതിഥിയായി.

പള്ളിക്കര സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് കെ. രവിവര്‍മ്മന്‍, പള്ളിക്കര കൃഷി ഓഫീസര്‍ വേണുഗോപാലന്‍, പഞ്ചായത്ത് മെമ്പര്‍മാരായ പി. അബ്ബാസ്, കെ. അനിത, കണ്‍സ്യൂമര്‍ സൊസൈറ്റി പ്രസിഡണ്ട് പി.കെ. അബ്ദുല്ല, ബാങ്ക് ഭരണസമിതി അംഗങ്ങളായ ഹസൈനാര്‍ കണ്ടത്തില്‍, എം. ഹസീന, ടി. സുധാകരന്‍, ബാങ്ക് അസിസ്റ്റന്റ് സെക്രട്ടറി കെ. വി.കരുണാകരന്‍, സെക്രട്ടറി കെ.പുഷ്പരാക്ഷന്‍, പള്ളിക്കര കൃഷി അസിസ്റ്റന്റ് എ.വി. മധു, കെ.സി. ഇ യു.ഉദുമ ഏരിയാ സെക്രട്ടറി വി.രാജേന്ദ്രന്‍, പി. പ്രഭാകരന്‍, കെ. സി കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

0Shares

Leave a Reply

Your email address will not be published. Required fields are marked *