Categories
local news news trending

കാസർകോട് സംയുക്ത ജമാഅത്തിൻ്റെ ഫലസ്‌തീൻ ഐക്യദാര്‍ഢ്യ റാലി; ഇസ്രായേലിൻ്റെ ക്രൂരതക്കെതിരെ പ്രതിഷേധം

പ്രവര്‍ത്തകര്‍ ബസുകളിലും മറ്റു വാഹനങ്ങളിലുമായി നഗരത്തിലേക്ക് എത്തി

കാസര്‍കോട്: ഫലസ്‌തീനിലെ സ്ത്രീകളും കുട്ടികളുമടക്കം ആയിരങ്ങളെ കൂട്ടക്കൊല ചെയ്യുന്ന ഇസ്രായേലിൻ്റെ ക്രൂരതക്കെതിരെ പ്രതിഷേധത്തിൻ്റെ കടലിരമ്പം തീര്‍ത്ത് കാസര്‍കോട് സംയുക്ത മുസ്‌ലിം ജമാഅത്ത് കമ്മിറ്റിയുടെ ഐക്യദാര്‍ഢ്യ റാലി. ഗസയില്‍ നടക്കുന്ന ചരിത്രത്തില്‍ തുല്യതയില്ലാത്ത മനുഷ്യാവകാശ ലംഘനത്തിനെതിരെ പ്രതിഷേധിക്കാന്‍ മനുഷ്യത്വം മരവിച്ചിട്ടില്ലാത്ത എല്ലാ മനുഷ്യ സ്‌നേഹികളും കാസര്‍കോട് സംയുക്ത ജമാഅത്ത് പരിധിയിലെ വിവിധ ജമാഅത്തുകളില്‍ നിന്ന് എത്തിയിരുന്നു.

മനുഷ്യാവകാശ ധ്വംസനത്തിന് എതിരെയുള്ള കാസര്‍കോടിൻ്റെ കൂട്ടായ്‌മയായി. ആയിരക്കണക്കിന് മനുഷ്യസ്‌നേഹികളെ അണിനിരത്തിയാണ് കാസര്‍കോട് സംയുക്ത മുസ്‌ലിം ജമാഅത്ത് റാലി സംഘടിപ്പിച്ചത്. പ്രവര്‍ത്തകര്‍ ബസുകളിലും മറ്റു വാഹനങ്ങളിലുമായി നഗരത്തിലേക്ക് എത്തി.

ഭാരവാഹികള്‍ അണിനിരന്ന് മുദ്രാവാക്യം വിളിച്ചു കൊണ്ട് പുലിക്കുന്നില്‍ നിന്നാണ് റാലിക്ക് ആരംഭിച്ചത്. മാലിക് ദീനാര്‍ ജുമാമസ്ജിദ് ഖത്തീബ് അബ്ദുല്‍ മജീദ് ബാഖവി പലസ്തീന്‍ ജനതക്കുവേണ്ടി പ്രാര്‍ത്ഥന നടത്തി.

സംയുക്ത ജമാഅത്ത് ഭാരവാഹികളും സ്റ്റിയറിംഗ് കമ്മിറ്റി അംഗങ്ങളുമായ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, കെ.ബി മുഹമ്മദ് കുഞ്ഞി, എന്‍.എ അബൂബക്കര്‍, കരീം കോളിയാട്, മുഹമ്മദ് കുഞ്ഞി ചായിൻ്റെടി, എം.എ മജീദ് പട്‌ള, എ.അബ്ദുല്‍ റഹ് മാന്‍, കെ.എം അബ്ദുല്‍ റഹ്‌മാന്‍, പി.എം മുനീര്‍ ഹാജി, ഹാഷിം ദാരിമി ദേലമ്പാടി, അഷ്‌റഫ് പള്ളിക്കണ്ടം, മഹമൂദ് ഹാജി എരിയപ്പാടി, മാഹിന്‍ കേളോട്ട്, എ.ബി ഷാഫി പൊവ്വല്‍, സിദ്ദീഖ് നദ്‌വി ചേരൂര്‍, യു.സഅദ് ഹാജി ഉളിയത്തടുക്ക, എന്‍.എ അബ്ദുല്‍ ഖാദര്‍ നെല്ലിക്കുന്ന് എന്നിവര്‍ നേതൃത്വം നല്‍കി. മാലിക് ദീനാര്‍ ഇസ്‌ലാമിക് അക്കാദമിയിലെ വിദ്യാര്‍ത്ഥികളും റാലിയില്‍ അണിചേര്‍ന്നു.

പ്രാര്‍ത്ഥന സദസ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറിയും കാസര്‍കോട് സംയുക്ത മുസ്‌ലിം ജമാഅത്ത് ഖാസിയുമായ പ്രൊഫ. കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്‌തു. ചരിത്രത്തില്‍ എവിടെയും കേട്ടുകേള്‍വിയില്ലാത്ത സംഭവമാണ് ഗാസയില്‍ നടക്കുന്നതെന്ന് ആലിക്കുട്ടി മുസ്‌ലിയാര്‍ പറഞ്ഞു. സംയുക്ത ജമാഅത്ത് പ്രസിഡണ്ട് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ അധ്യക്ഷത വഹിച്ചു.

ജനറല്‍ സെക്രട്ടറി ഇന്‍ ചാര്‍ജ് കെ.ബി മുഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞു. കബീര്‍ ബാഖവി കാഞ്ഞാര്‍ മുഖ്യപ്രഭാഷണം നടത്തി. കീഴൂര്‍- മംഗളൂരു ഖാസി ത്വാഖ അഹമ്മദ് മൗലവി, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി, എ.കെ.എം അഷ്‌റഫ് എം.എല്‍.എ, മുന്‍ മന്ത്രി സി.ടി അഹമ്മദലി, കീഴൂര്‍ സംയുക്ത ജമാഅത്ത് പ്രസിഡണ്ട് കല്ലട്ര മാഹിന്‍ ഹാജി, ചെങ്കളം അബ്ദുല്ല ഫൈസി, കാട്ടിപ്പാറ അബ്ദുല്‍ ഖാദര്‍ സഖാഫി, കൊല്ലമ്പാടി അബ്ദുല്‍ ഖാദര്‍ സഅദി, അതീഖുറഹ്‌മാന്‍ ഫൈസി, അബ്ദുല്‍ റസാഖ് അബ്‌റാറി എന്നിവര്‍ പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest